പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ അപമാനിച്ചു: പി അബ്ദുല്‍ ഹമീദ്

Kozhikode

കോഴിക്കോട്: അധിനിവേശത്തിനെതിരെ ഫലസ്തീനികളോട് ഐക്യപ്പെടുന്ന എക്കാലത്തെയും ഇന്ത്യയുടെ നിലപാടിന് വിരുദ്ധമായ പ്രധാനമന്ത്രിയുടെ നിലപാട് അപഹാസ്യവും അപമാനകരവുമാണെന്ന് എസ് ഡി പി ഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. യു എന്‍ പ്രമേയങ്ങളും നിര്‍ദേശങ്ങളും കാറ്റില്‍ പറത്തി ഫലസ്തീനികളെ കൊന്നൊടുക്കുന്ന ഇസ്രായേല്‍ നടപടിയെ പിന്തുണക്കാന്‍ ഭീകരര്‍ക്ക് മാത്രമേ കഴിയൂ. ആരും അഭയം നല്‍കാത്ത കാലത്ത് ജൂതര്‍ക്ക് അഭയം നല്‍കിയ ഭൂമിയിലെ ജനങ്ങളെ കൊന്നൊടുക്കുന്ന വഞ്ചനയെ പിന്തുണക്കുന്ന പ്രധാനമന്ത്രിയുടെ നിലപാട് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.

എസ് ഡി പി ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫലസ്തീന്‍ ജനതയുടെ പ്രതിരോധം വിജയം കണ്ടാല്‍ പുതിയൊരു ശാക്തിക ചേരി തന്നെ രൂപപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. ഖാലിദ് മൂസ നദ്‌വി, മുസ്തഫ പാലേരി, കെ ലസിത, ജലീല്‍ സഖാഫി, ബാലന്‍ നടുവണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു. ജില്ല ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി സ്വാഗതവും, ജില്ല സെക്രട്ടറി കെ ഷെമീര്‍ നന്ദിയും പറഞ്ഞു. സ്‌റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിച്ച റാലി മുതലക്കുളത്ത് സമാപിച്ചു. നൂറു കണക്കിന് സ്ത്രീകള്‍ അടക്കം ആയിരത്തിലധികം പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തു. ജില്ല വൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ, റഹ്മത്ത് നെല്ലുളി, അബ്ദുല്‍ ഖയ്യും, കെ കെ ഫൗസിയ, ജി സരിത, പി വി ജോര്‍ജ് നേതൃത്വം നല്‍കി.