ആരുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് പാര്‍ട്ടി ഇതിനോടകം തീരുമാനിച്ചതായി JDS വക്താവ് തന്‍വീര്‍ അഹമ്മദ്.
കര്‍ണാടക കത്ത്/ ഡോ.കൈപ്പാറേടന്‍
രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പു മാമാങ്കത്തില്‍ മൂന്നാം സ്ഥാനത്തേയ്ക്കു തള്ളപ്പെടുമെന്നു മുഴുവന്‍ എക്‌സിറ്റ് പോളുകളും വിലയിരുത്തിയ JDS മുഖ്യമന്ത്രി സ്ഥാനം കൈപ്പിടിയിലൊതുക്കുമോ എന്ന ചോദ്യമാണ് രാജ്യമെങ്ങുമുയരുന്നത്. രാഷ്ട്രീയ നിരീക്ഷകര്‍ ഏറെ കൗതുകത്തോടെയാണ് കര്‍ണ്ണാടക രാഷ്ട്രീയം വിലയിരുത്തുന്നത്.
ആരുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് പാര്‍ട്ടി ഇതിനോടകം തീരുമാനിച്ചതായി JDS വക്താവ് തന്‍വീര്‍ അഹമ്മദ് അല്‍പ്പം മുമ്പ് ഒരു വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശമാണ് ഇത്തരമൊരു അഭ്യൂഹം പടരാന്‍ കാരണമാക്കിയിട്ടുള്ളത്. ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസും ബി ജെ പിയും തങ്ങളെ സമീപിക്കുന്നുണ്ടെന്ന് തന്‍വീര്‍ അഹമ്മദ് ഇന്നും സ്ഥിരീകരിച്ചു.
ഫലം പുറത്തു വന്ന് മണിക്കൂറുകള്‍ക്കകം തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യം ആരുമായിട്ടായിരിക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് ജെ ഡി (എസ്) ദേശീയ വക്താവ് കൂടിയായ തന്‍വീര്‍ അഹമ്മദ് അല്‍പ്പം മുമ്പാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
കര്‍ണാടക രാഷ്ട്രീയം ദേശീയതലത്തില്‍ ഏറെ പ്രസക്തമാണിപ്പോള്‍. തന്ത്ര പ്രധാനമായ ഈ ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന് എല്ലാവരും ആകാംഷയോടെ കണക്കുകൂട്ടുന്ന സമയത്താണ് തുരുപ്പുഗുലാന്‍ തള്ളിയുള്ള JDS -ന്റെ കളി.
എക്‌സിറ്റ് പോളുകള്‍ക്ക് ശേഷം എല്ലാ കണ്ണുകളും ജനതാദളില്‍ (സെക്കുലര്‍) ആണ്. പാര്‍ട്ടി ആരെ പിന്തുണയ്ക്കുമെന്ന് അറിയാന്‍ രാജ്യമാകെ ആകാംക്ഷയിലാണ്. ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസും ഭാരതീയ ജനതാ പാര്‍ട്ടിയും തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് ജെഡി(എസ്) ദേശീയവ്യക്താവ് ഇന്നലെ പറഞ്ഞിരുന്നു.
ഇന്നു രാവിലെ (മെയ് 12 വെള്ളിയാഴ്ച) തങ്ങള്‍ ആരുമായി ചേര്‍ന്നാണ് നിലപാട് എടുക്കേണ്ടതെന്ന് തീരുമാനിച്ചതായി അല്‍പ്പം മുമ്പ് വാര്‍ത്താ ഏജന്‍സികളോട് അദ്ദേഹം പറഞ്ഞു. ‘ആരുമായാണ് ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നതെന്ന് ഞങ്ങള്‍ ഇതിനകം തീരുമാനിച്ചു കഴിഞ്ഞു. ഉചിതമായ സമയം വരുമ്പോള്‍ ഞങ്ങള്‍ അത് പൊതുജനങ്ങളെ അറിയിക്കും,’ അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം സഖ്യം ഉണ്ടാക്കുന്നതിനായി കോണ്‍ഗ്രസും ബി ജെ പിയും തന്റെ പാര്‍ട്ടിയുമായി നിരന്തരം സംസാരിക്കുന്നുണ്ടായിരുന്നുവെന്ന് തന്‍വീര്‍ അഹമ്മദ് അവര്‍ത്തിച്ചു.
‘ഇരു ദേശീയ പാര്‍ട്ടികളും തീര്‍ച്ചയായി ഞങ്ങളുമായി ഇപ്പോഴും ബന്ധപ്പെടുന്നുണ്ട്. ഒരു കാര്യം ഉറപ്പിക്കാം. ഉചിതമായ സമയത്ത് കര്‍ണാടകയുടെ ഉന്നമനത്തിനായി ഞങ്ങള്‍ തീരുമാനമെടുക്കും. അക്കാര്യം ഇപ്പോള്‍ തന്നെ ഉറപ്പിച്ചു പറയാം.’ അഹമ്മദ് പറഞ്ഞു. ഇതിനിടയില്‍ കുമാരസ്വാമി മുഖ്യമന്ത്രിയാകാന്‍ വിലപേശല്‍ നടത്തുന്നു എന്ന മട്ടിലുള്ള അഭ്യൂഹങ്ങള്‍ രാഷ്ട്രീയാന്തരീക്ഷത്തില്‍ പരക്കുന്നുണ്ട്. പാര്‍ട്ടിയിലെ ചില ഉന്നതര്‍ ചില വാര്‍ത്താ ഏജന്‍സികളോട് ഇക്കാര്യം സൂചിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
മുന്‍പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ആഗ്രഹപ്രകാരം കോണ്‍ഗ്രസിനൊപ്പം പോകാന്‍ ജെ ഡി(എസ്) തീരുമാനിച്ചതായും കുമാരസ്വാമി കോണ്‍ഗ്രസ്സ് പിന്തുണയോടെ മുഖ്യമന്ത്രിയാകുമെന്നും ഈ നേതാക്കള്‍ വാര്‍ത്താ ഏജന്‍സിയായ IANS- നോട് പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ഇതില്‍ എത്രമാത്രം വാസ്തവമുണ്ടെന്നു പറയാനാവില്ല. കുശാഗ്ര ബുദ്ധിയായ ദേവഗൗഡ ബി ജെ പിയുമായി വിലപേശാനുള്ള തന്ത്രമായിട്ടാണോ സ്ഥിരീകരിക്കാത്ത ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നത് എന്നു രാഷ്ട്രീയ വിദഗ്ദര്‍ സംശയിക്കുന്നുണ്ട്. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കര്‍ണാടകയിലുടനീളം പര്യടനം നടത്തിയ ദേവഗൗഡ തന്റെ പ്രസംഗത്തില്‍ കുമാരസ്വാമിയെ ഒരിക്കല്‍ കൂടി മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് വികാരനിര്‍ഭരനായി ആവര്‍ത്തിച്ചു പറഞ്ഞിരുന്നു.