സ്വവര്‍ഗ വിവാഹ വിഷയത്തിലെ കോടതി വിധി സ്വാഗതാര്‍ഹം: ഐ എസ് എം

Kozhikode

കോഴിക്കോട്: രാജ്യത്തെ പരമോന്നത നീതിപീഠം സ്വവര്‍ഗ വിവാഹം ഇന്നാട്ടില്‍ വേണ്ടതില്ലെന്ന് വിധിയെഴുതിയതിനെ ഐ എസ് എം സ്വാഗതം ചെയ്തു. സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചിലെ ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരുടെ എതിര്‍പ്പിനെ തുടര്‍ന്ന് 3-2 എന്ന നിലയില്‍ എല്ലാ ഹര്‍ജികളും തള്ളിക്കളയുകയായിരുന്നു. ധാര്‍മിക സമൂഹത്തെ വാര്‍ത്തെടുക്കുന്ന ഐ.എസ്.എമ്മിനെ പോലെയുള്ള ധാര്‍മിക യുവജന പ്രസ്ഥാനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണ് സുപ്രീം കോടതി വിധി.

ഒരു സമൂഹത്തിലെ സര്‍വ തിന്മകളെയും തടയാന്‍ കെല്‍പ്പുള്ള കുടുംബമെന്ന മതില്‍ കെട്ടിനെ തകര്‍ക്കുന്ന പാശ്ചാത്യന്‍ സംസ്‌കാര മൂല്യങ്ങള്‍ നമുക്കാവശ്യമില്ലെന്ന സന്ദേശം കൂടി ഈ വിധി പരോക്ഷമായി നല്‍കുന്നുണ്ട്. ആണും പെണ്ണും ചേരുന്ന കുടുംബ സംവിധാനം മാത്രമാണ് പ്രകൃതിപരവും ശാസ്ത്രീയവും. അത്തരം കുടുംബങ്ങളില്‍ മാത്രമേ വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് സര്‍വോന്മുഖ വികാസവും സുരക്ഷിതത്വവും ലഭിക്കുകയുള്ളൂ എന്ന സന്ദേശമാണ് നാം മനസ്സിലാക്കേണ്ടതെന്നും ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് ശരീഫ് മേലേതില്‍, ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.