വാക്ശരം / ടി കെ ഇബ്രാഹിം
മരണത്തിന്റെ വണിക്കുകളെന്നത് ആവര്‍ത്തിച്ച് മൂര്‍ച്ച നഷ്ടപ്പെട്ട ഒരു വാചകമാണ്. എന്തെങ്കിലും കുറിക്കുന്നതിന്‍റെ നിരര്‍ത്ഥകത കൃത്യമായി ബോധ്യമുണ്ട്. എത്രപേര്‍ ഇത്തരം വിഷയങ്ങളില്‍ അസ്വസ്ഥരോ ദു:ഖിതരോയെന്ന് ഈ വിധമുള്ള കുറിപ്പുകളുടെ അടിയില്‍ വിരലറ്റം കൊണ്ടു തൊട്ടു പോകുന്നതന്നവരുടെ നാമമാത്രമായ എണ്ണത്തില്‍ നിന്നറിയാം.
ചിന്നിചിതറി ജീവച്ഛവങ്ങളായി തെരുവിലും ശ്മശാനങ്ങളിലും പിടഞ്ഞൊടുങ്ങുന്ന ആയിരക്കണക്കായ കുഞ്ഞുങ്ങള്‍ നമ്മുടെ സുഖനിദ്രയ്ക്കു ഭംഗം വരുത്തുന്നില്ലെങ്കില്‍ തീര്‍ച്ചയായും നമുക്കെന്തോ മനോവൈകല്യമുണ്ട് . വിശപ്പടക്കാന്‍ ഒരു തുണ്ടു റൊട്ടിയോ ഒരിറ്റു ദാഹജലമോ, തലചായ്ക്കാനൊരിടമോ ഇല്ലാത്ത അനേകലക്ഷം മനുഷ്യര്‍ ഭൂമിയിലെ ഒരധികാര കേന്ദ്രത്തെയും തെല്ലുമാലോസരപ്പെടുത്തുന്നില്ലെ
ന്നുറപ്പായിക്കഴിഞ്ഞു.
മനുഷ്യവേട്ട മൂന്നാഴ്ചകളിലായി തുടരുകയാണ്. കൊലയാളി രാഷട്രങ്ങളായ ഇസ്രയേലിനൊപ്പം അമേരിക്കയും കാനഡയും ബ്രിട്ടണും യൂറോപ്യന്‍ യൂണിയനുമണിനിരക്കുമ്പോള്‍, ഈ സമാനതകളില്ലാത്ത നരഹത്യയില്‍ ആളും അര്‍ത്ഥവും കൊണ്ട് പങ്കുചേരുമ്പോള്‍ ചുറ്റുമുള്ള സമ്പന്ന അറബ് രാഷ്ട്രങ്ങളുടെ നിഷ്‌ക്രിയമായ മൗനം അമ്പരപ്പുളവാക്കുന്നു.
എന്ത് സാര്‍വദേശീയത ? എന്തു മാനവികത. ? മാപ്പര്‍ഹിക്കാത്ത യുദ്ധകുറ്റവാളികളായി മാറുകയാണ് ഓരോ രാഷ്ട്രത്തലവന്മാരും, കൊടുംവിഷ സംഭരണികളാണ് നെഹന്യാഹുവിനെയും ജോ ബൈഡനെയും പോലെയുള്ള കുറ്റവാളികളുടെ മനസ്സും ശരീരവും പേറുന്നത്? ഒന്നും രണ്ടും മഹായുദ്ധങ്ങളുടെ, അണുബോംബ് വര്‍ഷത്തിന്റെ, രോഗാതുരമനസ്സ് പ്ലേഗോ കോളറയോ പോലെ പിന്‍തലമുറയെയും ഗ്രസിച്ചിരിക്കുന്നു.
‘സംസ്‌കൃതി ‘ എന്ന പദം ഇന്ന് നിഘണ്ഡുവില്‍ നിന്ന് തെരുവിലേക്കടര്‍ന്നുവീണ് മനുഷ്യന്റെ തന്നെ ചവിട്ടേറ്റ് ചതഞ്ഞരഞ്ഞു പോയ ഒരു മൂഷിക ജഡംമാത്രം.