കോഴിക്കോട്: സാമൂഹിക നവോത്ഥാനവും വിശ്വാസ വിമലീകരണവും ലക്ഷ്യമാക്കി വിവിധ കര്‍മ്മ പദ്ധതികളൊരുക്കി വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ കോഴിക്കോട് ജില്ലാ നേതൃസംഗമം.
മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ അജണ്ടകള്‍ ഹൈജാക്ക് ചെയ്യപ്പെടുകയും, അനാവശ്യ വിവാദങ്ങളില്‍ തളച്ചിടുകയും ചെയ്യുന്നതിനെതിരെ സാമുദായിക നേതൃത്വം കടുത്ത ജാഗ്രത പാലിക്കണം.
ആശയപരമായ ഭിന്നിപ്പുകള്‍ പ്രകടിപ്പിക്കുമ്പോഴും പൊതുവിഷയങ്ങളില്‍ മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ രൂപപ്പെട്ട ഐക്യം തകര്‍ക്കുവാനുള്ള തല്പരകക്ഷികളുടെ ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കണമെന്ന് നേതൃസംഗമം ആവശ്യപ്പെട്ടു.
പലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന അതിക്രമം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണം. ജനവാസ മേഖലയിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയും പ്രത്യേകമായി അതിക്രമം അഴിച്ചു വിടുന്നതും കടുത്ത ഭീകരതയാണ്.
പീഡിതര്‍ക്ക് വേണ്ടിയും നീതിയുടെ സംസ്ഥാപനവും മാത്രം ലക്ഷ്യമാക്കി ഇന്ത്യ സ്വീകരിച്ച് വന്നിരുന്ന പലസ്തീന്‍ നയം മാറ്റാനുണ്ടായ സാഹചര്യം രാഷ്ട്രപതി രാജ്യത്തോട് വിശദീകരിക്കണമെന്നും നേതൃസംഗമം ആവശ്യപ്പെട്ടു.
വിസ്ഡം സംസ്ഥാന ട്രഷറര്‍ കെ സജ്ജാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി ടി ബഷീര്‍ അധ്യക്ഷത വഹിച്ചു. വിസ്ഡം സ്റ്റുഡന്റസ് ജില്ലാ സെക്രട്ടറി സുഹൈല്‍ കല്ലായി, പി സി ജംസീര്‍, അഷ്‌റഫ് കല്ലായി, ബഷീര്‍ ഫാറൂഖീ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി അബ്ദുറസാഖ് അത്തോളി സ്വാഗതവും ഫൈസല്‍ മങ്കാവ് നന്ദിയും പറഞ്ഞു.