പറ്റ്‌ന: ബി ജെ പി കൂടെ നില്‍ക്കുന്നവരെ വിഴുങ്ങുന്ന പാര്‍ട്ടിയാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആരോപിച്ചു. മഹാസഖ്യം നിയമസഭാ കക്ഷി യോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി ജെ പിയുമായി സഖ്യത്തിലായിരുന്നപ്പോള്‍ ജെ ഡി യുവിനെ പിളര്‍ത്താനും എം എല്‍ എമാരെ കൂറുമാറ്റിയെടുക്കാനും ബി ജെ പി ശ്രമിച്ചു. അരുണാചലില്‍ പാര്‍ട്ടിയുടെ 6 എം എല്‍ എമാരെ കൂറുമാറ്റിയെടുത്തു. മണിപ്പൂരില്‍ 5 എം എല്‍ എമാരെ കൂറുമാറ്റിയെടുത്തു. മുന്നണി മര്യാദ എന്തെന്നറിയാത്ത പാര്‍ട്ടിയാണ് ബി ജെ പിയെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
ജെ ഡി യുവിനുള്ളില്‍ അസംതൃപ്തരായ ആരെങ്കിലുമുണ്ടെങ്കില്‍ അവരെ കൂടുതല്‍ പ്രകോപിപ്പിച്ച് ഉള്‍പ്പാര്‍ട്ടി കലാപങ്ങള്‍ എഞ്ചിനീയറിംഗ് ചെയ്യുന്ന രീതിയാണ് ബി ജെ പി പരീക്ഷിച്ചത്. മാധ്യമങ്ങളെ കൂട്ടുപിടിച്ച് ഇത്തരം നേതാക്കളെക്കുറിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുക അവരുടെ സ്ഥിരം അജണ്ടയായിരുന്നു. ഇതുവഴി ജെ ഡി യുവിനെ ദുര്‍ബലപ്പെടുത്താനാണ് ബി ജെ പി ശ്രമിച്ചതെന്ന് നിതീഷ്‌കുമാര്‍ ആരോപിച്ചു. ജെ ഡി യു നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ ദേശിയ അധ്യക്ഷന്‍ ലാലന്‍ സിംഗും ഇതേ ആരോപണം ഉന്നയിച്ചിരുന്നു.