പാലായുടെ കിഴക്കന്‍ മേഖലയില്‍ വികസന കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി: മാണി സി കാപ്പന്‍

Kottayam

പാലാ: പാലാ നിയോജകമണ്ഡലത്തില്‍ വര്‍ഷങ്ങളായി അവഗണിക്കപ്പെട്ടുകിടന്നിരുന്ന പാലായുടെ കിഴക്കന്‍ മേഖലയിലെ മേലുകാവ്, മൂന്നിലവ്, തലനാട് പഞ്ചായത്തുകളില്‍ താന്‍ പൂര്‍ത്തിയാക്കിയ നാലു വര്‍ഷകാലാവധിയില്‍ വികസനകാര്യത്തില്‍ വന്‍ കുതിച്ചുചാട്ടം നടത്താന്‍ സാധിച്ചിട്ടുണ്ടെന്നു മാണി സി കാപ്പന്‍ എം എല്‍ എ പത്രസമ്മേളനത്തില്‍ പറഞ്ഞു. 2019ലെ തിരഞ്ഞെടുപ്പ് കാലത്ത് ഈ മേഖലയിലെ ജനങ്ങള്‍ ദുരിതാവസ്ഥ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നു അവിടുത്തെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചു വരുന്നതായി എം എല്‍ എ ചൂണ്ടിക്കാട്ടി. അന്തര്‍ദ്ദേശീയ നിലവാരത്തില്‍ ഈ മേഖലയില്‍ റോഡ് നിര്‍മ്മിക്കപ്പെട്ടത് താന്‍ നടത്തിയ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ്. വാഗ്ദാനങ്ങള്‍ പാലിക്കാനായതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ടെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.

ഇലവീഴാപൂഞ്ചിറ മേലുകാവ് റോഡ് നവീകരണം (11.19 കോടി), ചില്ലച്ചിപ്പാലം (3.50 കോടി), തീക്കോയി തലനാട് റോഡ് (8 കോടി), കോണിപ്പാട് മങ്കൊമ്പ് ഉപ്പിടുപാറ റോഡ് (2.50 ), അന്തീനാട് മേലുകാവ് റോഡില്‍ കുരിശിങ്കല്‍ പാലം (5 കോടി), കടവുപുഴ പാലം (3.70 കോടി) തുടങ്ങി നിരവധി പദ്ധതികളാണ് നടപ്പാക്കിയതും നടപ്പാക്കി വരുന്നതും. ഇതു വഴി ഇല്ലിക്കക്കല്ലിന്റെയും ഇലവീഴാപൂഞ്ചിറയുടെയും വികസനം സാധ്യമാക്കി. ഈ മേഖലയില്‍ ടൂറിസത്തിന് ഉണര്‍വ്വേകാനും സാധിച്ചു.

മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്കായി ബജറ്റിലൂടെയും എം എല്‍ എ ഫണ്ടിലൂടെയും കോടികള്‍ അനുവദിപ്പിക്കാന്‍ സാധിച്ചു. വികസനം നഗര കേന്ദ്രീകൃതമാകാതെ എല്ലാമേഖലകളിലും എത്തിക്കാനാണ് ശ്രദ്ധിച്ചത്.

പാലാ ബൈപാസിന്റെ പ്രധാന തടസ്സം ഒഴിവാക്കാന്‍ സാധിച്ചത് നേട്ടമാണ്. വര്‍ഷങ്ങളായി തൂണില്‍ നില്‍ക്കുന്ന കളരിയാമാക്കല്‍ കടവ് പാലത്തിന് തുടര്‍റോഡും അപ്രോച്ച് റോഡും തയ്യാറാക്കി ഗതാഗതം സജ്ജമാക്കാനുള്ള നടപടികള്‍ ധൃതഗതിയില്‍ നടത്തിവരികയാണ്. പാലായില്‍ മീനച്ചിലാറിന്റെ തീരത്ത് ജലക്ഷാമം പരിഹരിക്കുന്നതിനുതകുന്ന അരുണാപുരം റെഗുലേറ്റര്‍ കം ബ്രിഡ്ജിന് പണം അനുവദിപ്പിച്ചിട്ടുണ്ടെങ്കിലും തടസ്സപ്പെട്ടു കിടക്കുകയാണ്. അത് നടപ്പാക്കാനുള്ള ശ്രമങ്ങളും നടത്തി വരുന്നു. മലങ്കര പദ്ധതി പുന:രാരംഭിക്കാനുള്ള നടപടികള്‍ക്കു തുടക്കം കുറിയ്ക്കാനും സാധിച്ചു. രാഷ്ട്രീയത്തിനതീതമായ വികസനമാണ് തന്റെ ലക്ഷ്യമെന്ന് എം എല്‍ എ പറഞ്ഞു. പാലായുടെ വികസനത്തിന് ആരുമായും സഹകരിക്കുമെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി. എം എല്‍ എ യുടെ സെക്രട്ടറി ടി വി ജോര്‍ജ്, പ്രസ് സെക്രട്ടറി എബി ജെ ജോസ്, എം പി കൃഷ്ണന്‍ നായര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.