ഹമാസ്; സ്വാതന്ത്ര്യസമര പ്രസ്ഥാനം തീവ്രവാദ സംഘടനയാണെന്നത് മുജാഹിദ് നിലപാടല്ല: കെ എന്‍ എം മര്‍കസുദ്ദഅവ

Kozhikode

കോഴിക്കോട്: ഇസ്‌റാഈല്‍ അധിനിവേശത്തില്‍ നിന്ന് ഫലസ്തീന്‍ ജനതക്ക് മോചനത്തിനായി പോരാടുന്ന സ്വാതന്ത്ര്യസമര പ്രസ്ഥാനമായ ഹമാസിനെ തീവ്രവാദ ചാപ്പ കുത്തി അവഹേളിക്കുന്നത് മുജാഹിദ് നിലപാടല്ലെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. അറബ് ഇസ്‌റാഈല്‍ സംഘര്‍ഷത്തിന്റെ ചരിത്രമറിയാത്ത വിവരദോഷികളാണ് ഹമാസിനെതിരെ അധിക്ഷേപം നടത്തുന്നതെന്നും കെ.എന്‍.എം മര്‍കസുദ്ദഅവ അഭിപ്രായപ്പെട്ടു.

പശ്ചിമേഷ്യ കുരുതിക്കളമായി മാറിയിരിക്കുന്നു. പതിനായിരക്കണക്കിന് മനുഷ്യജീവനുകള്‍ ഇസ്‌റാഈലിന്റെ വംശവെറിക്കിരയായി കഴിഞ്ഞ ദിവസങ്ങളില്‍ പൊലിഞ്ഞു. 1880ല്‍ ഫലസ്തീനിലേക്ക് ആരംഭിച്ച ജൂത കുടിയേറ്റങ്ങളുടെ പരിസമാപ്തിയിലേക്കാണ് ഇസ്‌റാഈല്‍ നീങ്ങികൊണ്ടിരിക്കുന്നത്. ജനിച്ച നാട്ടിലെ മണ്ണും വായുവും വെള്ളവും വെളിച്ചവും നിഷേധിക്കപ്പെട്ട ജനതയായി ഫലസ്തീനികള്‍ കഴിഞ്ഞ 75 വര്‍ഷത്തിലധികമായി അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് കഴിഞ്ഞുകൂടുന്നത്. 1948ല്‍ ഇസ്‌റാഈല്‍ എന്ന രാജ്യം നിലവില്‍ വന്നതു മുതല്‍ അറബ് ഇസ്‌റാഈല്‍ സംഘര്‍ഷവും തുടര്‍ന്ന് വരികയാണ്. 1956, 1967, 1973 എന്നീ വര്‍ഷങ്ങളില്‍ വലിയ ഏറ്റുമുട്ടലുകള്‍ ഉണ്ടായി. പശ്ചിമേഷ്യയിലെ അശാന്തിയെ പരിഹരിക്കാനായി നിരവധി കരാറുകള്‍ ഇതിന്ന് ശേഷം നിലവില്‍ നിന്നു. ക്യാമ്പ് ഡേവിഡ് അക്കോര്‍ഡ്, ഒന്നാം ഓസ്ലോ കരാര്‍, രണ്ടാം ഓസ്ലോ കരാര്‍, നിരവധി യുഎന്‍ പ്രമേയങ്ങള്‍. ഒരൊറ്റ കരാറും പാലിച്ചില്ലെന്ന് മാത്രമല്ല ഈ പ്രദേശത്ത് ഇസ്‌റാഈലിന് നിര്‍ബാധം അധിനിവേശത്തിന് വഴിയൊരുക്കുകയായിരുന്നു അമേരിക്കയും ബ്രിട്ടനുമുള്‍പ്പെടെയുള്ള സാമ്രാജ്യത്വ ശക്തികള്‍.

ഫലസ്തീനിനെ നാല് ഭാഗങ്ങളില്‍ നിന്നും ഉപരോധിച്ച് സമാനതകള്‍ ഇല്ലാത്തവിധം വരിഞ്ഞുമുറുക്കുകയായിരുന്നു ഇസ്‌റാഈല്‍. അവശ്യ ജീവനോപാധികള്‍ ഇല്ലാതെ ദിനേനയെന്നോണം ധാരാളം കുരുന്നുകള്‍ ഫലസ്തീനില്‍ മരിച്ചു വീണു. ഇടക്കിടെ ഉണ്ടായികൊണ്ടിരുന്ന സംഘര്‍ഷങ്ങളിലും നിരവധി ജീവനുകള്‍ ഇവിടെ പൊലിഞ്ഞുകൊണ്ടിരുന്നു. അടിച്ചമര്‍ത്തുന്നവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നത് വസ്തുതയാണ്. പ്രതിരോധത്തിനായി ഫലസ്തീന്‍ യുവാക്കള്‍ സംഘടിച്ചു. 1987ല്‍ ഹമാസ് രൂപീകൃതമായി. 1990കളിലും 2000ലും ഉയിര്‍ത്തെഴുന്നേല്‍പ്പ് സമരങ്ങള്‍ (ഇന്‍തഫാള) ഉണ്ടായി. ഫലസ്തീനികളുടെ ദുരിതത്തില്‍ നിന്ന് രൂപപ്പെട്ട ഹമാസിന്റെ ലക്ഷ്യം ആ നാടിന്റെ വിമോചനമാണ്; സ്വാതന്ത്ര്യമാണ്. അധിനിവേശത്തിനെതിരായി പിറന്ന നാടിനു വേണ്ടിയുള്ള സ്വാതന്ത്ര്യ സമര പോരാട്ടത്തിന് ഫലസ്തീനില്‍ ഇപ്പോള്‍ നേതൃത്വം കൊടുക്കുന്നത് ഹമാസ് ആണ്. ആ പോരാട്ടം അവരുടെ അവകാശമാണ്. അതിനെ വിലകുറച്ച് കാണുന്നതും അവരില്‍ ഭീകരവാദവും തീവ്രവാദവും ആരോപിക്കുന്നതും ചരിത്രബോധമില്ലാത്തവരില്‍ നിന്നാണ് ഉണ്ടാകുക.

കൈയ്യടി നേടുന്നതിനും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നതിനും നിരുത്തര വാദപരമായ, ചരിത്ര വിരുദ്ധമായ സമീപനങ്ങള്‍ സ്വീകരിക്കരുത്. കേരളത്തിലെ മുസ്ലിം നവോത്ഥാന പരിസരത്തില്‍ രൂപപ്പെട്ടുവന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്തിരുന്ന് ഭോഷ്‌കുകള്‍ പ്രചരിപ്പിക്കുന്നതും പ്രസ്ഥാനത്തെ പൊതുജന മധ്യത്തില്‍ താറടിക്കുന്നതും ഉടനടി നിര്‍ത്തലാക്കണം. പിറന്ന നാട്ടില്‍ ജീവിക്കാനുള്ള ഫലസ്തീനികളുടെ അവകാശത്തിന് പ്രവര്‍ത്തിക്കുന്ന സ്വാതന്ത്ര്യസമര പ്രസ്ഥാനമാണ് ഹമാസെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ മനസ്സിലാക്കുന്നു. മുജാഹിദുകള്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന മറ്റു സംഘങ്ങള്‍ അവരുടെ നിലപാട് പ്രഖ്യാപിക്കാന്‍ ധൈര്യം കാണിക്കണം.

കെ.എന്‍.എം. മര്‍കസുദഅവ വൈസ് പ്രസിഡണ്ട് കെ.പി. അബ്ദുറഹ്മാന്‍ സുല്ലമി അദ്ധ്യക്ഷത വഹിച്ചു. എഞ്ചി. അബ്ദുല്‍ ജബ്ബാര്‍ മംഗലതയില്‍, എഞ്ചി. സൈദലവി, എന്‍.എം. അബ്ദുല്‍ ജലീല്‍, പി പി ഖാലിദ്, പി അബ്ദുല്‍ അലി മദനി, എം.എം. ബഷീര്‍ മദനി, കെ.എം. കുഞ്ഞമ്മദ് മദനി, കെ.പി. സകരിയ്യ, കെ.എം. ഹമീദലി, എം. അഹ്മദ് കുട്ടി മദനി, ഡോ. ഐ പി അബ്ദുസ്സലാം, കെ.എ. സുബൈര്‍, അഡ്വ. പി മുഹമ്മദ് ഹനീഫ, ഫൈസല്‍ നന്മണ്ട, കെ.പി. അബ്ദുറഹ്മാന്‍ ഖുബ,ഡോ.അനസ്‌കടലുണ്ടി, എം.കെ. മൂസ്സ മാസ്റ്റര്‍, അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍, സുഹൈല്‍ സാബിര്‍, ബി.പി.എ. ഗഫൂര്‍, സി മമ്മു കോട്ടക്കല്‍, അലി മദനി മൊറയൂര്‍, ഡോ. അന്‍വര്‍ സാദത്ത്, സി.ടി ആയിഷ ടീച്ചര്‍, ആദില്‍ നസീഫ്, അബ്ദുസ്സലാം, റുക്‌സാന വാഴക്കാട് പ്രസംഗിച്ചു.