യുക്തിവാദികൾ സ്ത്രീകളുടെ സുരക്ഷിതത്വം നഷ്ടപ്പെടുത്തുന്നു: ഡോ. ഹുസൈൻ മടവൂർ

Kozhikode

വടകര: സ്ത്രീവിമോചനമെന്ന പേരിൽ യുക്തിവാദികൾ നടത്തുന്ന പ്രവർത്തനങ്ങൾ സ്ത്രീകളുടെ സുരക്ഷ തകർക്കുന്നതാണെന്ന് ഓൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡ് അംഗവും കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാമുമായ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.

ഡൽഹിയിലെ ഓൾ ഇന്ത്യാ ഫിഖ്ഹ് അക്കാദമി വടകരയിലെ അൽ അബ്റാർ കേന്ദ്രത്തിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘സമൂഹസൃഷ്ടിയിൽ സ്ത്രീകളുടെ പങ്ക്’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന വർക്ക് ഷോപ് പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്ക് വീട്ടിലും സമൂഹത്തിലും മാന്യമായ ജീവിത സൗകര്യങ്ങൾ ലഭിക്കേണ്ടതുണ്ട്.

മതങ്ങൾ പവിത്രമായിക്കരുതുന്ന ദാമ്പത്യ ജീവിതം പോലും അനാവശ്യമാണെന്ന് സ്വതന്ത്ര ചിന്തയുടെ പേരിൽ പ്രചരിക്കുകയാണ്. അവിഹിത ബന്ധങ്ങളെ ലിവിങ് ടുഗെതർ എന്ന ഓമനപ്പേരിട്ട് മഹത്വവൽക്കുകയാണവർ. കുത്തഴിഞ്ഞ ലൈംഗികബന്ധങ്ങൾ മനുഷ്യൻ്റെ അവകാശമാണെന്ന് അവർ വാദിക്കുന്നു. ഇസ്ലാം അന്യ സ്ത്രീ പുരുഷന്മാരുടെ ഇടപെടലുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതും പുരുഷന്മാരെ ആകർഷിക്കും വിധം സ്ത്രീ സൗന്ദര്യം പ്രകടിപ്പിക്കരുതെന്ന് പറയുന്നതും സ്ത്രീകൾക്ക് സുരക്ഷ ഒരുക്കാനാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് ചെയർമാൻ മൗലാന ഖാലിദ് സൈഫുല്ലാ റഹ്മാനി , ഓൾ ഇന്ത്യാ ഫിഖ്ഹ് അക്കാദമി സെക്രട്ടരി അതീഖ് അഹമദ് ഖാസിമി, സഫ്ദർ അലി നദ് വി, അബ്ദു ഷുക്കൂർ ഖാസിമി, മൗലവി അമീൻ മാഹി തുടങ്ങിയവർ രണ്ട് ദിവസത്തെ സെമിനാറിൽ വിഷയമവതരിപ്പിച്ച് സംസാരിക്കും. പുരുഷന്മാരും സ്ത്രീകളും വിദ്യാർത്ഥികളുമുൾപ്പെടെ ഇരുന്നൂറോളം പ്രതിനിധികൾ സെമിനാറിൽ പങ്കെടുക്കുന്നുണ്ട്.