യുവതിയുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; ഭര്‍ത്താവ് അറസ്റ്റില്‍

Crime

കോട്ടയം: ഭര്‍ത്താവിന്റെ ഉപദ്രവം കാരണം ജീവക്കാന്‍ കഴിയുന്നില്ലെന്ന് സ്വന്തം വീട്ടിലേക്ക് ഫോണ്‍ ചെയ്ത യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അതിരമ്പുഴ കാട്ടൂപ്പാറ ഷൈമോള്‍ സേവ്യര്‍(24) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അതിരമ്പുഴ ശ്രീകണ്ഠമംഗലം പനയത്തിക്കവല പാക്കത്തുകുന്നേല്‍ അനില്‍ വര്‍ക്കി (26) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഷൈമോളെ ഈ മാസം ഏഴിനു രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

സ്ത്രീധനത്തെ ചൊല്ലിയുള്ള മരണം, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മകളെ നെഞ്ചുവേദനയെ തുടര്‍ന്നു ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ടെന്നും ഉടന്‍ വരണമെന്നും ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഷൈമോളുടെ അമ്മയെ അറിയിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോഴാണ് മരണ വിവരം അറിയുന്നത്. മരിക്കുന്നതിനു ഒരു മണിക്കൂര്‍ മുന്‍പ് മകള്‍ ഫോണ്‍ ചെയ്തിരുന്നുവെന്നും തന്നെ ഭര്‍ത്താവ് ഉപദ്രവിക്കുന്നതായി പറഞ്ഞെന്നും അമ്മ ഷീല പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. പ്രണയത്തിലായിരുന്ന ഇരുവരും നാലു വര്‍ഷം മുന്‍പാണ് വിവാഹിതരായത്. രണ്ടു വയസ്സുള്ള കുട്ടിയുണ്ട്.