കോഴിക്കോട്: ‘സാംസ്‌കാരിക വിനിമയത്തിലൂടെ ലോക സമാധാനം’ എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച്, യുനസ്‌കോ അംഗീകൃത സംഘടനയായ ഇന്റര്‍സിറ്റി ഇന്റാജിബിള്‍ കള്‍ച്ചറല്‍ കോ ഓപ്പറേഷന്‍ നെറ്റ് വര്‍ക്കിന്റെ ഒമ്പതാമത് ജനറല്‍ അസംബ്ലിക്ക് കോഴിക്കോട് ‘റാവിസ് കടവില്‍’ തുടക്കമായി. സങ്കുചിത രാഷ്ട്രീയ ബോധം പശ്ചിമേഷ്യയിലുള്‍പ്പെടെ സംഘര്‍ഷാത്മകമായ അന്തരീക്ഷം വിതയ്ക്കുമ്പോള്‍ കലകളുടെയും സംസ്‌കാരങ്ങളുടെയും വിനിമയത്തിലൂടെ മനുഷ്യ മനസുകളെ ഒന്നായി നിര്‍ത്താന്‍ സാധിക്കുമെന്ന് ഐസിസിഎന്‍ സെക്രട്ടറി ജനറല്‍ ജൂലിയോ റമന്‍ ബ്ലാസ്‌കോ നച്ചര്‍ അഭിപ്രായപ്പെട്ടു. ലോക സമാധാനത്തിന് കലാകാരന്മാര്‍ക്ക് വലിയ പങ്കുണ്ട്. സര്‍ഗ കലകളും പാരമ്പര്യ കലകളും മനുഷ്യമനസ്സിലെ വേര്‍തിരിവുകള്‍ മായ്ക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐസിസിഎന്‍ ഒമ്പതാം ജനറല്‍ അസംബ്ലിയുടെ പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ പത്മശ്രീ ജേതാക്കളായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, കെ.കെ. മുഹമ്മദ്, മീനാക്ഷി ഗുരുക്കള്‍, കെ.കെ രാമചന്ദ്ര പുലവര്‍, എസ്.ആര്‍.ഡി പ്രസാദ് ഗുരുക്കള്‍ എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ചാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഐസിസിഎന്‍ സൗത്ത് ഏഷ്യന്‍ ഡയറക്ടര്‍ ഡോ.വി.ജയരാജന്‍ അധ്യക്ഷത വഹിച്ചു. ഏകതാ പരിഷത്ത് സ്ഥാപക പ്രസിഡന്റ് പി.വി രാജഗോപാല്‍, വിശിഷ്ടാതിഥിയായിരുന്നു. സ്‌പെയിന്‍ അല്‍ഗമസി മേയര്‍ ജോസ് ജാവര്‍ ബ്രിട്ടാന്‍സിന്റെ ഔദ്യോഗിക പ്രഭാഷണത്തിലൂടെയാണ് 9ാമത് ജനറല്‍ അസംബ്ലിക്ക് ആരംഭം കുറിച്ചത്.
കലിംഗ സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. അമരേശ്വര്‍ ഗല്ല, ഐ ഒ വി അന്താരാഷ്ട്ര പ്രസിഡന്റ് അലി ഖലീഫ, റിപ്പബ്ലിക് ഓഫ് കൊറിയ കള്‍ച്ചര്‍ മാസ്‌റ്റേഴ്‌സ് സിഇഒ ഡോ. സിയോങ് യോങ് പാര്‍ക്ക്, ബ്രസീലിയന്‍ പ്രതിനിധിയും നൃത്ത കലാകാരിയുമായ കാമില ലീല്‍ റോസ, ബോഡ്‌സ്വാന മേയര്‍ മെറാര്‍ക്കി കുഗ്മാസ്‌റ്റോ, സ്ലോവാക്യ വൊഡാവ്‌സെ മേയര്‍ അല്‍സ്‌ബെറ്റ ടുക്കോവ, ശ്രീലങ്ക യിലെ ഗല്ല മേയര്‍ മെത്സിരി അലക്‌സാണ്ടര്‍ ഡി സില്‍വ, ഡോര്‍ഫ് കെറ്റല്‍ കെമിക്കല്‍സ് ഇന്ത്യ ജനറല്‍ മാനേജര്‍ സന്തോഷ് ജഗ്ദാനെ എന്നിവര്‍ ആശംസാ പ്രഭാഷണം നടത്തി. സ്‌പെയിന്‍ വലന്‍സിയ മ്യൂസിയം പ്രതിനിധി മാര്‍ നവാറോ ആമുഖ ഭാഷണവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യുനെസ്‌കോ ചെയര്‍ പ്രതിനിധി പ്രൊഫ. പുഷ്പ ലത നന്ദിയും പറഞ്ഞു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഐസിസിഎന്‍ പ്രതിനിധികളുടെ സാംസ്‌ക്കാരിക പൈതൃക സംരക്ഷണ മാര്‍ഗങ്ങളെ കുറിച്ച് അവതരണവും വട്ടമേശ ചര്‍ച്ചകളും നടന്നു. ഫ്രാന്‍സ്, ബ്രസീല്‍, ശ്രീലങ്ക, സ്‌പെയിന്‍, ബംഗ്ലാദേശ്, ബോട്‌സ്വാന , ബഹ്‌റീന്‍, നേപ്പാള്‍, സ്ലൊവാക്യാ, ഇറാന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ സാംസ്‌കാരിക പൈതൃക സംരക്ഷണം സംബന്ധിച്ച ചര്‍ച്ചകളും നടന്നു.
യുനെസ്‌ക്കോ പൈതൃക സംരക്ഷണ പ്രഖ്യാപനത്തിന്റെ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ‘അര്‍ബ നിസവും പൈതൃക സംരക്ഷണവും’ എന്ന വിഷയത്തില്‍ അന്താരാഷ്ട്ര സെമിനാറും യുനെസ്‌കോയുടെ 2003 കണ്‍വെന്‍ഷന്റെ രണ്ട് ദശാബ്ദം പൂര്‍ത്തിയാവുന്നതിന്റെ ആദരവും നടത്തി. അന്തര്‍ദേശീയ സെമിനാറില്‍ യുനെസ്‌കോ സാംസ്‌ക്കാരിക പൈതൃക അന്താരാഷ്ട്ര വിദഗ്ധനും കലിംഗ സര്‍വകലാശാലാ പ്രൊ വൈസ് ചാന്‍സലറുമായ പ്രൊഫ. അമരേശ്വര്‍ ഗല്ല മുഖ്യ പ്രഭാഷണം നടത്തി.
ചാമരാജനഗര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊ. ഗംഗാധര, ടുമാ നി വര്‍ജീനിയ , കര്‍ണ്ണാടക െ്രെടബല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രൊഫ. ശ്രീനിവാസ , രഞ്ചന്‍ കാന്തി ഗുഹ , രാജ് സുവാല്‍, ഡോ. സിയോംഗ് യോങ് പാര്‍ക്ക് , കാമില ലിയല്‍ റോസാ , ആര്‍ക്കിട്ടെക്റ്റ് കസ്തൂര്‍ബ, ഡോ. മലിഹ മൊസ്ലാ, നാച്ചോ സില്‍ വസ്റ്റര്‍ , ആല്‍ബറ്റ ടുക്കാവ ആര്‍ക്കിട്ടെക്റ്റ് പ്രവീണ്‍ ചന്ദ്ര, ഡോ. അഞജന പുരി, പ്രൊഫ.എ.കെ ശ്രീധരന്‍, ശിവാനന്ദഹെഗ്‌ഡെ, പ്രേം മാനസി, അരുണ്‍ നാരായന്‍, കെ.കെ മാരാര്‍ സംസാരിച്ചു. കരകൗശല ശില്‍പശാലകളും പ്രദര്‍ശനങ്ങളും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
ഇന്ന് വൈകിട്ട് 3.30 ന് ‘ഗ്ലോബല്‍ ഡയലോഗ് എക്‌സേഞ്ച്’ ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം നിര്‍വഹിക്കും. മുന്‍ യു എന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ ഡോ.ശശി തരൂര്‍ എംപി മുഖ്യ പ്രഭാഷണം നടത്തും. എം.കെ രാഘവന്‍ എംപി അധ്യക്ഷത വഹിക്കും. പ്രമുഖ പ്രവാസി സംരംഭകന്‍ രാജേന്ദ്രന്‍ വെള്ളപ്പാലത്ത്, മര്‍ക്കസ് നോളജ് സിറ്റി സിഇഒയും മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനുമായ
ഡോ. അബ്ദുള്‍ സലാം എന്നിവര്‍ ആശംസാ പ്രഭാഷണം നടത്തും.
വൈകുന്നേരം ഏഴു മണിക്ക് കടവ് ആംഫി തിയേറ്ററില്‍ വിവിധ നാടന്‍ കലാ പ്രകടനങ്ങള്‍ ഉണ്ടാവും. ഇന്ന് 11ന് രാവിലെ 6.30 ന് INTACH കാലിക്കറ്റുമായി സഹകരിച്ച് 6.30 ന് വിദേശ പ്രതിനിധികളുടെ ഹെറിറ്റേജ് വാക്ക് സംഘടിപ്പിക്കും. കോഴിക്കോടിന്റെ പൈതൃക വഴികള്‍ തൊട്ടറിയുന്ന പൈതൃക സവാരി, പ്രതിനിധികള്‍ക്ക് നവ്യാനുഭവമാകും. അസംബ്ലിയോടനുബന്ധിച്ച് നടക്കുന്ന സൈഡ് ഇവന്റ്‌സില്‍ തോല്‍ പാവ നിര്‍മ്മാണം, പനയോല വിശറി നിര്‍മ്മാണം, കഥകളി കോപ്പ് നിര്‍മ്മാണം, ചുമര്‍ച്ചിത്രം, ബോട്‌സ്വാന കരകൗശലങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവുമുണ്ട്.
12ന് രാവിലെ കേന്ദ്ര ടെക്‌സ്‌ടൈല്‍ മന്ത്രാലയത്തിന് കീഴിലുള്ള കരകൗശല വിഭാഗത്തിന്റെ തൃശൂര്‍ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ രാമനാട്ടുകര സേവ മന്ദിര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിക്കുന്ന കരകൗശല ബോധന പരിപാടിയില്‍ സമ്മേളന പ്രതിനിധികള്‍ പങ്കെടുക്കും. തുടര്‍ ദിവസങ്ങളില്‍ ഇരിങ്ങല്‍ സര്‍ഗാലയ, മര്‍ക്കസ് നോളജ് സിറ്റി എന്നിവിടങ്ങളിലും പരിപാടി നടക്കും. മേയര്‍മാര്‍, ഇന്റര്‍നാഷണല്‍ മ്യൂസിയം ഡയറക്ടര്‍മാര്‍, അക്കാദമിക മേഖലയിലെ പ്രഗല്ഭര്‍ തുടങ്ങി 30 ഓളം ലോക നഗരങ്ങളിലെ പ്രതിനിധികളാണ് അഞ്ചുദിവസമായി കോഴിക്കോട് സമ്മേളിക്കുന്നത്. ഐസിസിഎന്‍ സൗത്ത് ഏഷ്യന്‍ റീജ്യണല്‍ ഓഫിസിന്റെ ആസ്ഥാനമായ പയ്യന്നൂര്‍ ‘ഫോക് ലാന്‍ഡും യുനെസ്‌കോ ചെയര്‍, ഡോര്‍ഫ് കെറ്റല്‍, കാലിക്കറ്റ് സര്‍വകലാശാല യുനസ്‌കോ ചെയര്‍, കലിംഗ സര്‍വകലാശാല എന്നിവയുടെയും സഹകരണത്തോടെയാണ് ജനറല്‍ അസംബ്ലി സംഘടിപ്പിക്കുന്നത്.