കാലാവസ്ഥാ വ്യതിയാനം; ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ്

Gulf News GCC UAE

ദുബൈ: മഴ കണക്കിലെടുത്ത് റോഡുകളില്‍ ആവശ്യമായ ജാഗ്രതയ പാലിക്കണമെന്ന് ദുബായ് പൊലീസ് ജനറല്‍ കമാന്‍ഡ് ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു. എല്ലാ പ്രതിരോധ നടപടികളും പാലിക്കാനും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പൂര്‍ണ്ണമായും പാലിക്കാനും വാഹനം ഓടിക്കുന്നവരോട് നിര്‍ദേശിച്ചു. വേഗത കുറയ്ക്കുക, മതിയായ സുരക്ഷാ അകലം പാലിക്കുക, റോഡല്ലാതെ മറ്റൊന്നിലും ശ്രദ്ധ തിരിയാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദേശം.

നിലവിലെ കാലാവസ്ഥാ വ്യതിയാനങ്ങളുടെ വെളിച്ചത്തില്‍ കടലില്‍ പോകരുതെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബോട്ടുകള്‍, കപ്പലുകള്‍, യാച്ചുകള്‍ എന്നിവയുടെ ഉടമകള്‍ കാലാവസ്ഥ നിരീക്ഷിക്കാനും നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും പൊതുജന സുരക്ഷ ഉറപ്പാക്കാനും നിര്‍ദേശം നല്‍കി.

ബീച്ചുകളിലും മറീനകളിലും മുനിസിപ്പാലിറ്റിയും ദുബായ് പൊലീസും ഒരുപോലെ നിശ്ചയിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണം. അടിയന്തര സാഹചര്യങ്ങളില്‍ 999 എന്ന നമ്പരില്‍ ബന്ധപ്പെടാന്‍ ദുബായ് പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.