നിരീക്ഷണം / ഡോ: ആസാദ്
എം എന്‍ കാരശ്ശേരി ചോദിക്കുന്നതു കണ്ടു, ആരാണീ ദളിത് ചിന്തകനെന്ന്. ചിന്തകന്മാരെ പിറന്ന സമുദായത്തിന്റെ കണക്കില്‍ വകതിരിച്ചു നമ്മള്‍ പരാമര്‍ശിക്കാറുണ്ടോ എന്നാണ് ചോദ്യം. ഏതെങ്കിലും സാഹചര്യത്തില്‍ നമ്പൂതിരി ചിന്തകന്‍ എന്നോ നായര്‍ ചിന്തകന്‍ എന്നോ കൃസ്ത്യന്‍ ചിന്തകന്‍ എന്നോ മുസ്ലീം ചിന്തകന്‍ എന്നോ വിശേഷണം കണ്ടിട്ടുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു.
ശരിയാണല്ലോ എന്നേ ആരും കരുതൂ. പൊതുബോധം അത്രമേല്‍ ശക്തമാണ്. ദളിത് എന്നത് ജാതി മാത്രമായി കാണുന്ന കാഴ്ച്ചയുടെ കുറ്റമാണത്. അത് ഒരു ചിന്താപദ്ധതിയായി വികസിച്ച കാര്യം നാം അറിയുന്നില്ല. അറിഞ്ഞതായി നടിക്കുന്നില്ല. ദളിത്ചിന്ത സാഹിത്യത്തിലും സാമൂഹിക മാനവിക വിഷയങ്ങളിലും വേറിട്ട വിചാരങ്ങളും വിശകലനങ്ങളും സാദ്ധ്യമാക്കുന്നുണ്ട്. അംബേദ്ക്കര്‍ ചിന്തയുടെ വിപുലീകൃത ധാരയാണത്.
മാര്‍ക്‌സിസ്റ്റ് ചിന്തകന്‍/ചിന്തക എന്നു വിളിക്കുന്നതുപോലെ, ഫെമിനിസ്റ്റ് ചിന്തക എന്നു വിളിക്കുന്നതുപോലെ ദളിത് ചിന്തക(ചിന്തകയു)നുമാവാം. അത് ജാതിയെയല്ല ജാതിഉന്മൂലനത്തെയാണ് ലക്ഷ്യംവെക്കുന്നത്. അകവും ഉടലും മുറിഞ്ഞു മുറികൂടാത്ത ഒരു സമൂഹത്തിന്റെ വിമോചനചിന്തയാണത്. മര്‍ദ്ദകജാതിസമുദായങ്ങളുടെ ജാതിബോധമല്ല വിമോചനാത്മക ദളിത് ചിന്തയുടെ കാതല്‍. അതുകൊണ്ട് അത്തരം താരതമ്യങ്ങള്‍തന്നെ ശരിയല്ല.
ഒരു ചിന്താപദ്ധതി ഉയര്‍ന്നുവന്നാല്‍ അതിനെ അതുയര്‍ന്ന സാഹചര്യത്തിലെ അധികാരബോധം കൊണ്ട് അളക്കാന്‍ ശ്രമിക്കരുത്. തൊഴിലാളിവര്‍ഗ ചിന്തയെന്നും തൊഴിലാളിവര്‍ഗ സാഹിത്യമെന്നും ഒരുകൂട്ടര്‍ അഭിമാനത്തോടെ നെഞ്ചില്‍ ചേര്‍ത്തത് മറ്റൊരുകൂട്ടര്‍ക്ക് അധിക്ഷേപമോ അശ്ലീലമോ ആയി തോന്നിയിരുന്നല്ലോ. പ്രോലിറ്റേറിയന്‍ സാഹിത്യമെന്ന് അന്ധകാരത്തില്‍ തള്ളപ്പെട്ട മഹത്തായ രചനകള്‍ ധാരാളമുണ്ട്. അടിച്ചമര്‍ത്തപ്പെടുന്ന സമൂഹങ്ങളുടെ വിമോചന സിദ്ധാന്തങ്ങളെ പേരിലുറച്ച സങ്കുചിതാര്‍ത്ഥംകൊണ്ട് പരിമിതപ്പെടുത്താന്‍ എല്ലാകാലത്തും അധീശബോധം ശ്രമിച്ചിട്ടുണ്ട്.
ദളിത്ചിന്തയെ ജാതിചിന്തയായല്ല വിമോചനസിദ്ധാന്തമായാണ് കാണേണ്ടത്. ഏത് സിദ്ധാന്തത്തിലും എന്നതുപോലെ ചില വഴുതലുകള്‍ ഇതിലും കണ്ടേക്കാം. അതു വിശകലനംചെയ്യാം. അല്ലാതെ അതു പെരുപ്പിച്ചുകാട്ടി അതാണ് ആ ചിന്തയുടെ കാതല്‍ എന്നു വിധിച്ചുകളയരുത്. കാരശ്ശേരിമാഷ് അങ്ങനെയൊന്നും എഴുതുന്നില്ല. ദളിത് ചിന്തയെ ജാതിചിന്തക്കപ്പുറം കണ്ടില്ല എന്ന പിശകേ വരുത്തിയുള്ളു. പൊതുബോധത്തിന്റെ സമ്മര്‍ദ്ദം അത്ര ശക്തമാണെന്നേ കരുതാനാവൂ.