കലാമണ്ഡലത്തിൽ കോഴിബിരിയാണി, ബലേഭേഷ്

Articles

വർത്തമാനം / ഡോ: ജോസ് സെബാസ്റ്റ്യൻ

94 വർഷത്തെ പാരമ്പര്യം കലാമണ്ഡലം കളഞ്ഞുകുളിച്ചിരിക്കുന്നു. കോഴിബിരിയാണി ഇനി ആഴ്ചയിൽ രണ്ടുദിവസം. താമസിയാതെ ബീഫ് ബിരിയാണിയും കൊടുക്കും എന്നുകരുതാം. കോളേജുകളിൽ ബീഫ് കറി വെച്ചുവിളമ്പി പുരോഗമനം വിളിച്ചുകൂവിയ പ്രസ്ഥാനങ്ങൾ ഒക്കെയാണ് ഇതിന്റെ പിന്നിൽ എന്ന് വ്യക്തം.

ഇന്ത്യയിയിൽ കേരളത്തിൽ പ്രത്യേകിച്ചും സായിപ്പ് എന്ത് ചെയ്യുന്നോ അതാണ്‌ പുരോഗമനത്തിന്റെ അളവുകോൽ. സായിപ്പ് കുട്ടികളെ സ്കൂളിൽ തല്ലുന്നതിനു എതിരാണ്. അമേരിക്കയിൽ ഒക്കെ പ്രായപൂർത്തിയായ കുട്ടികൾ വീട്ടിൽ മാതാപിതാക്കളോട് ഒത്തു കഴിയുകയില്ല. അവിടെ സ്കൂളുകളിൽ condom vending മെഷീൻ ഉണ്ട്. സമൂഹത്തിൽ സ്വവർഗ വിവാഹം ഉണ്ട്. അതൊക്കെ വെച്ചാണ് നമ്മൾ നമ്മുടെ പുരോഗമനം അളക്കേണ്ടത്. ഈ ചിന്താഗതി മാറേണ്ടത് അല്ലേ?

വള്ളത്തോൾ നാരായണമേനോൻ

സായിപ്പിൽനിന്നും കൊള്ളേണ്ടത് കൊള്ളണം. സത്യത്തിൽ മനുഷ്യപുരോഗതിക്കു ഉതകിയിട്ടുള്ള ഒട്ടുവളരെ കാര്യങ്ങൾ സായിപ്പിന്റെതാണ്. എന്നുകരുതി നമ്മൾ സായിപ്പാകാൻ ശ്രമിക്കണോ? അങ്ങനെ ശ്രമിച്ചാൽ നടക്കുമോ? നമ്മുടെ പാരമ്പര്യങ്ങളിൽനിന്ന് നിലനിർത്തി സംരക്ഷിക്കേണ്ടത് ആയിട്ട് ഒരുപാടില്ലേ?

കേരള കലാമണ്ഡലം അത്തരത്തിൽ ഉള്ള ഒരു സ്ഥാപനമാണ്. കേരളത്തിന്റെ ഈടുവെപ്പുകൾ ആയ കലകളെ സംരക്ഷിക്കാൻ മഹാനായ വള്ളത്തോൾ തുടങ്ങിയ പ്രസ്ഥാനം. ഒരു കാലത്ത് സവർണ ഹിന്ദുക്കൾ ആയിരുന്നു ഈ കലകളുടെ ആസ്വാദകരും പ്രായോജകരും. ഇന്നിപ്പോൾ സ്വയം സമർപ്പിക്കുന്ന ആർക്കും ഈ കലകൾ അഭ്യസിക്കാം. അത് ചൂഷണത്തിന്റെ ഉപോൽപന്നങ്ങൾ ആയി കണ്ടു അതൊക്കെ നശിക്കണം എന്ന് ആഗ്രഹിക്കുന്നവരും ഉണ്ട്. എല്ലാം സവർണ അവർണ binari ആയി കാണുന്നവർക്ക് ഈ സ്ഥാപനം നശിപ്പിച്ചു അവിടെ ചൊറിയണം നടണം എന്നും ആഗ്രഹം ഉണ്ട്.

എനിക്ക് ഇവയിൽ ഒന്നും അറിയില്ലെങ്കിലും ഇഷ്ടമാണ്. കുറേ ഒക്കെ ആസ്വദിക്കുകയും ചെയ്യുന്നു. എംബ്രാന്തിരിയുടെയും ഹൈദരാലിയുടെയും ഏതാണ്ട് എല്ലാ സിഡി കളും ഉണ്ട്. മോഹിനിയാട്ടത്തിന്റെയും മേള ങ്ങളുടെയും സിഡി കൾ ഉണ്ട്.

കലകൾ ഒക്കെ തപസ്യയുടെ, അച്ചടക്കത്തിന്റെ ഉത്പന്നങ്ങളാണ്. ഫാക്ടറി ഉത്പന്നങ്ങൾ പോലെ കലാകാരന്മാരെ ഉൽ പാദിപ്പിക്കാൻ ആവില്ല. ഉദാഹരണമായി കഥകളിയുടെ ഒക്കെ ഗുരുകുല രീതിയിലുള്ള പരിശീലനത്തിൽ അടിയും തെറിയും ഒക്കെ എത്രമാത്രം ഉണ്ടായിട്ടുണ്ട് എന്ന് ഞാൻ വായിച്ചിട്ടുണ്ട്.

ആ അച്ചടക്കത്തിന്റെയും സമർപ്പണത്തിന്റെയും ഭാഗമാണ് സസ്യാഹാരം. കലകളുടെ ഉപാസനത്തിന് ഏറ്റവും പറ്റിയത് അതാണ്‌. ഹൈദരാലി ക്കും ജോണിനും ഒന്നും ഇറച്ചിയും മീനും ഇല്ലാത്തതുകൊണ്ട് ഒരു കുഴപ്പവും ഉണ്ടായില്ല. വേണ്ടപ്പോൾ അവർ ഒക്കെ പുറത്തുപോയി കഴിച്ചിട്ടും കാണും. ഇറച്ചിയും മീനും എല്ലാ സമയത്തും കഴിക്കുന്ന വിദേശികൾ കലാമണ്ഡലത്തിൽ വന്നു പരിശീലനം നേടിയിട്ടുണ്ട്. അവർ ആർക്കും ഒരു അസ്കിതയും തോന്നിയിട്ടില്ല.

ഇതൊക്കെ ചില പ്രത്യേക ലക്ഷ്യങ്ങൾ വച്ചുള്ള പരിപാടികളാണ്. നമ്മുടെ സ്കൂളുകളിൽനിന്ന് വായിക്കാനും എഴുതാനും അറിയാത്തവർക്കു A പ്ലസ് കൊടുത്തുവിട്ടു അവരിൽനിന്ന് അധ്യാപകർ ഉണ്ടായിവന്നു നമ്മുടെ വിദ്യാഭ്യാസം വിദ്യാഭാസം ആയതുപോലെ. കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാതെ ആയതുപോലെ.

കലാമണ്ഡലത്തിൽ ബാറും condom vending മെഷീനും കൂടി സ്ഥാപിക്കണേ ദയവായി.

കഥകളിയും കൂടിയാട്ടവും മോഹിനിയാട്ടവും ഒക്കെ പഠിക്കാൻ ഇനി മലയാളികൾ വിദേശ സർവകലാശാലകളിലേക്ക് കുടിയേറിക്കോളും