കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വ്യാജ തിരിച്ചറിയല്‍ രേഖ കേസില്‍ അന്വേഷണം കാര്യക്ഷമമല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ് പോയിരുന്നതെങ്കില്‍ പ്രതികള്‍ക്ക് ഇടക്കാല ജാമ്യം കിട്ടില്ലായിരുന്നുവെന്നും കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
എപിപി ഹാജരാവാത്തത് കൊണ്ടാണ് ജാമ്യം കിട്ടിയത്. വ്യാജരേഖയല്ല, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ വ്യാജമായി ഉണ്ടാക്കിയത്. യൂത്ത് കോണ്‍ഗ്രസിന്റെ വ്യാജ പ്രസിഡന്റിന്റെ കാറില്‍ നിന്നാണ് പ്രതികളെ പിടിച്ചത്. അത് അയാള്‍ സമ്മതിച്ചതുമാണ്. എന്നിട്ടും അതിലേക്ക് അന്വേഷണം നടക്കാത്തത് സംശയാസ്പദമാണ്. വിഡി സതീശന്‍ പിണറായി വിജയന്റെ അടുപ്പക്കാരനാണ്. സതീശന്റെ സ്വന്തം നഗരസഭ സിപിഎമ്മിനൊപ്പം ചേര്‍ന്ന് നവകേരളയാത്രയ്ക്ക് പണം നല്‍കിയിരിക്കുകയാണ്.
ഇരുകൂട്ടരുടെയും അഡ്ജസ്റ്റ്‌മെന്റ് വ്യക്തമാണ്. ഇരട്ടത്താപ്പ് നിലപാടുള്ള സതീശന്‍ നാണമുണ്ടെങ്കില്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം. പരസ്പര സഹകരണത്തിന്റെ ഭാഗമായി കേസ് ദുര്‍ബലമാക്കാന്‍ ശ്രമിച്ചാല്‍ ദേശീയ ഏജന്‍സികള്‍ വരാന്‍ വേണ്ടി ബിജെപി ശ്രമിക്കും. വ്യാജ കാര്‍ഡുണ്ടാക്കാന്‍ ആസൂത്രിത ഗൂഡാലോചന നടത്തിയവരിലേക്ക് അന്വേഷണം എത്തുന്നില്ല. പിടിയിലായ പ്രതികളെല്ലാം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ അടുപ്പക്കാരാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് സംഭവത്തിന്റെ ഗൗരവം ബോധ്യമായിട്ടുണ്ട്. എന്നാല്‍ കേരള സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി ഉണ്ടാക്കിയത് ഗൗരവമായി കാണുന്നില്ല. രാജ്യദ്രോഹ കുറ്റത്തില്‍ ഇടക്കാല ജാമ്യം എങ്ങനെ ലഭിച്ചു എന്നതാണ് ചോദ്യമെന്നും സുരേന്ദ്രന്‍ പറഞ്ഞു.