ധന വര്‍ത്തമാനം / ജോസ് സെബാസ്റ്റ്യന്‍
ഉമ്മന്‍ ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയുടെ പരിഷ്‌കരിച്ച പതിപ്പാണല്ലോ നവകേരള സദസ്സ്. ഉമ്മന്‍ ചാണ്ടിക്ക് ലക്ഷകണക്കിന് പരാതികള്‍ കിട്ടി. കുറെയൊക്കെ പരിഹരിച്ചു. ബാക്കിയൊക്കെ കെട്ടുകളാക്കി എവിടെയെങ്കിലും വച്ചുകാണും. അവയുടെ പുറകെ പോകാന്‍ പുള്ളിക്ക് സമയം കിട്ടിയില്ല. പക്ഷെ ഒന്നുണ്ട്. സംസ്ഥാനത്തിന്റെ ധനകാര്യ സ്ഥിതി ഇത്രമാത്രം മോശം ആയിരുന്നില്ല. വര്‍ഷം 8 കഴിഞ്ഞു. വന്നു നവകേരള സദസ്സ്. പഴയ രാജഭരണത്തെ ഓര്‍മിപ്പിക്കുന്നു ഈ സദസ്സ്. അത് നല്‍കുന്ന സന്ദേശം ഇതാണ് : എല്ലാം ഭംഗിയായി നടക്കുന്നു. പ്രജകളായ നിങ്ങളെ നമ്മുടെ നേട്ടങ്ങള്‍ അറിയിക്കാന്‍ 21 മന്ത്രിമാരെയും കൂട്ടി പ്രത്യേകം തയ്യാറാക്കിയ രഥത്തില്‍ നാം എഴുന്നള്ളുകയാണ്. എന്തെങ്കിലും കുറവുകള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്കു ഉണര്‍ത്തിക്കാന്‍ അവസരമുണ്ട്.
ഇതിലെ അശ്ലീലം പോകട്ടെ. ഇതിന് ഇറങ്ങിയിരിക്കുന്ന സമയം ആണ് കഷ്ടം. ഖജനാവില്‍ പൂച്ച അക്ഷരാര്‍ത്ഥത്തില്‍ പെറ്റുകിടക്കുകയാണ്. അഞ്ചു ലക്ഷം രൂപയുടെ ബില്ലുകള്‍ പോലും മാറുന്നില്ല. 50,000 കോടിയുടെ കുടിശ്ശിക പല മേഖലകളില്‍ ആയി ഉണ്ടെന്നാണ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പെന്‍ഷന്‍കാര്‍, നെല്‍കര്‍ഷകര്‍, ക്ഷേമ പെന്‍ഷന്‍കാര്‍ എന്നുവേണ്ട സമൂഹത്തിലെ ഏറെക്കുറെ എല്ലാവിഭാഗങ്ങള്‍ക്കും സര്‍ക്കാരിന്റെ കുടിശ്ശികയയുണ്ട്. അതുമൂലം വിപണി മരവിപ്പിന്റെ പിടിയിലാണ്.
കേരളമെങ്ങും പൂട്ടിക്കിടക്കുന്ന ചെറുകിട കടകളുടെയും ഹോട്ടലുകളുടെയും കാഴ്ചകളാണ്. ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്‌മെന്റുകളിലെ അഭൂതപൂര്‍വമായ തിരക്ക്, പെട്രോളിന്റെയും മദ്യത്തിന്റെയും ഉപഭോഗത്തില്‍ ഉണ്ടായ കുറവ്, ഏടഠ വരുമാനവര്‍ധനവിലെ കുറവ്, ഭൂമി വസ്തു ഇടപാടുകളിലെ കുറവ് എന്നുതുടങ്ങി മരവിപ്പിന്റെ ഒരുപാട് സൂചനകള്‍ കാണുന്നുണ്ട്. കേന്ദ്രത്തെ പഴിചാരനല്ലാതെ വേറൊരു പരിഹാരമാര്‍ഗവും ഈ രാജ സദസ്സിനില്ല. പരിഹാരം കണ്ടെത്താന്‍ ആയിരുന്നു ശ്രമം എങ്കില്‍ അത് ചെയ്യണ്ടത് തലസ്ഥാനത്ത് ഇരുന്ന് ആയിരുന്നുതാനും.
അഞ്ച് ദിവസം കൊണ്ട് 42, 862പരാതികള്‍ കിട്ടി എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു മണ്ഡലത്തില്‍ നിന്ന് ശരാശരി 8,000 പരാതി ആണ് കിട്ടുന്നത് എന്ന് കണക്കാക്കാം. 140 മണ്ഡലങ്ങളില്‍ നിന്നും ഈ രീതിയില്‍ പരാതി ലഭിച്ചാല്‍ 11,20,000 പരാതികള്‍ ആണ് ലഭിക്കാന്‍ ഇരിക്കുന്നത്. ഈ പരാതികള്‍ മൂന്നായി തിരിക്കാം.
- റോഡ്, കുടിവെള്ളം, ആശുപത്രി, സ്‌കൂള്‍ തുടങ്ങിയ പൊതുസേവനങ്ങളുടെ അപര്യാപ്തതയോ, ഗുണനിലവാരമോ ആയി ബന്ധപ്പെട്ടത്. 2. വ്യക്തിഗതമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ സഹായം എന്നിവയുമായി ബന്ധപ്പെട്ടത്. 3. സ്വന്തം കാലില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍, ചെറുകിട വ്യാപാരികള്‍, എല്ലാ മേഖലയിലും ഉള്ള സരംഭകര്‍ തുടങ്ങിയവര്‍.
ഒന്നാലോചിച്ചാല്‍ ഈ പ്രശ്‌നങ്ങള്‍ നല്ലൊരു ഭാഗം സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ടതാണ്. അത് പരിഹരിക്കാന്‍ അല്ലേ ആദ്യം ശ്രമിക്കേണ്ടത്? രണ്ടാമത്തേത് നിയമങ്ങളും ചട്ടങ്ങളും ആയി ബന്ധപ്പെട്ടതാണ്. ഇതിന് സംസ്ഥാനത്തു ഒട്ടാകെ സമാനതയുണ്ട്. വകുപ്പ് മന്ത്രിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പരാതിക്കാരും ഒന്നിച്ചിരുന്നു നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്തി പുതിയവ കൊണ്ടുവന്നാല്‍ മാത്രം മതി.
സത്യത്തില്‍ ധൃതഗതിയിലുള്ള സാമ്പത്തിക വികസനമാണ് ഈ പ്രശ്‌നങ്ങളില്‍ ഭൂരി ഭാഗത്തിന്റെയും പരിഹാരം. അത് തടയുക എന്നതാണ് നമ്മുടെ ഇടതും വലുതും ആയ രാഷ്ട്രീയത്തിന്റെ ലക്ഷ്യം. നിലവിലുള്ള വ്യവസ്ഥകളും അതിന്റെ വഴക്കങ്ങളും അതുപോലെ തുടരുക. അതിന് വേണ്ടത് തങ്ങളെ എക്കാലവും ആശ്രയിക്കുന്ന, സ്തുതിപാടുന്ന ഒരു ജനക്കൂട്ടത്തെ ആണ്.തങ്ങള്‍ നല്‍കുന്ന നികുതികൊണ്ട് പുലര്‍ന്നുപോരുന്ന ഒരു സംവിധാനം മാത്രമാണ് സര്‍ക്കാര്‍ എന്ന ബോധം ജനങ്ങളില്‍ ഉണ്ടാകണമെങ്കില്‍ സര്‍ക്കാറിനെ ആശ്രയിക്കുന്നവര്‍ പരമാവധി കുറയണം. തങ്ങളെ ചോദ്യം ചെയ്യാന്‍ കെല്‍പ്പുള്ളവരെ എന്തിന് സൃഷ്ടിക്കണം?