കാഴ്ച ശരിയാകുന്നില്ല; നവ കേരള ബസിന്‍റെ ചില്ലുകള്‍ മാറ്റി

Kerala

കോഴിക്കോട്: സഞ്ചരിക്കുന്ന ക്യാബിനറ്റിനായി വാങ്ങിയ നവകേരള ബസ്സിന്റെ ചില്ലുകള്‍ അതീവ രഹസ്യമായി മാറ്റി. മുഖ്യമന്ത്രിക്ക് പുറത്തെ കാഴ്ചകളും പുറത്തുള്ളവര്‍ക്ക് മുഖ്യമന്ത്രിയെയും കൂടുതല്‍ വ്യക്തമായി കാണുന്നതിനു വേണ്ടിയാണ് ചില്ലുകള്‍ മാറ്റിയത് എന്നാണ് സൂചന. അതീവ രഹസ്യമായാണ് കാര്യങ്ങള്‍ നടത്തിയത്. നവകേരള യാത്രയ്ക്ക് വേണ്ടി 1.05 കോടി രൂപ മുടക്കി നിര്‍മിച്ച് എത്തിച്ച ബസിന്റെ ചില്ലുകളാണ് ബസ് ഇറങ്ങി ഒരാഴ്ച തികയുന്നതിന് മുമ്പ് അതീവ രഹസ്യമായി മാറ്റിയത്.

ഇന്നലെ രാത്രി പത്ത് മണിക്ക് ശേഷം വടകരയില്‍ നിന്നും ആറ് പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് നവകേരള ബസ്സ് കോഴിക്കോട് നടക്കാവില്‍ എത്തിച്ചത്. ഇവിടെ നിന്നാണ് ചില്ലുമാറ്റം നടന്നത്.

ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തു പോകാതിരിക്കാന്‍ വേണ്ടി ഭരണപക്ഷ യൂണിയനില്‍ പെട്ടവരെ മാത്രമേ രാത്രി ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നുള്ളൂ. ബസ്സിന് ആവശ്യമായ ചില്ലും മറ്റ് സാമഗ്രികളും നേരത്തെ തന്നെ വര്‍ക്ക് ഷോപ്പില്‍ എത്തിച്ചിരുന്നു. ബംഗളൂരുവില്‍ നിന്ന് ബസ് നിര്‍മിച്ച സ്ഥാപനത്തിന്റെ ജീവനക്കാരും കോഴിക്കോട്ട് എത്തുകയും ചെയ്തിരുന്നു.

ഇനിമുതല്‍ കൂടുതല്‍ തെളിച്ചത്തോടെയും വ്യക്തതയോടെയും മുഖ്യമന്ത്രിക്ക് പുറം കാഴ്ചകളും ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയേയും കാണാന്‍ കഴിയും.