സിബിഎല്‍ മൂന്നാം സീസണ്‍; കല്ലടയില്‍ ഒന്നാമതെത്തി പിബിസി വീയപുരം ചാമ്പ്യന്‍ പട്ടത്തിനടുത്ത്

Kollam

കൊല്ലം: കേരള ടൂറിസത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ പ്രീമിയര്‍ ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് മൂന്നാം സീസണില്‍ കല്ലടയില്‍ നടന്ന പത്താം മത്സരത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്(ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) തുഴഞ്ഞ വീയപുരം (3.34.10 മിനിറ്റ്) ജേതാക്കളായി. ഇതോടെ സിബിഎല്‍ ചാമ്പ്യന്‍പട്ടത്തില്‍ ഹാട്രിക് ജേതാക്കളെന്ന അപൂര്‍വതയിലേക്ക് പിബിസി വീയപുരം ഒരുപടി കൂടി അടുത്തു.

യുബിസി കൈനകരി(കോസ്റ്റ് ഡോമിനേറ്റേഴ്‌സ്) തുഴഞ്ഞ നടുഭാഗം ചുണ്ടനെ(3.35.42 മിനിറ്റ്) വ്യക്തമായ ലീഡിലൂടെ പിന്നിലാക്കിയാണ് വീയപുരം വിജയിച്ചത്. പോലീസ് ബോട്ട് ക്ലബ്(റേജിംഗ് റോവേഴ്‌സ്) മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍(3.36.93 മിനിറ്റ്) മൂന്നാമത് ഫിനിഷ് ചെയ്തു.

തുടക്കം മുതല്‍ ഒടുക്കം വരെ മത്സരം ആസ്വദിക്കാവുന്നയത്ര നിവര്‍ന്ന നെട്ടായത്തില്‍ തികഞ്ഞ ആധിപത്യം പുലര്‍ത്തിയാണ് പിബിസി വീയപുരം ജേതാക്കളായത്. സിബിഎല്‍ മൂന്നാം സീസണിലെ തുടക്കത്തിലുണ്ടായിരുന്ന മികവ് പിന്നീടുള്ള മത്സരങ്ങളില്‍ നഷ്ടപ്പെട്ടെങ്കിലും മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം കരുവാറ്റയില്‍ ഉജ്ജ്വല കുതിപ്പാണ് വീയപുരം കാഴ്ച വച്ചത്. ഹീറ്റ്‌സില്‍ മികച്ചു നിന്നെങ്കിലും ഫൈനലില്‍ യുബിസി നടുഭാഗവും പോലീസിന്റെ കാട്ടില്‍ തെക്കേതിലും കളിമറന്നു.

ഫൈനലില്‍ നെട്ടായത്തിന്റെ ആദ്യ കാല്‍ ഭാഗം പിന്നിട്ടപ്പോഴുള്ള മേല്‍ക്കൈ വീയപുരം വിട്ടു നല്‍കിയില്ല. ലീഡ് നിലനിറുത്തി ഏതാണ്ട് ഒന്നര സെക്കന്റ് വ്യത്യാസത്തില്‍ അവര്‍ വിജയിതീരമണഞ്ഞു.

കല്ലടയിലെ മത്സരം കഴിഞ്ഞതോടെ 96 പോയിന്റുമായി പിബിസി വീയപുരം ഒന്നാം സ്ഥാനത്തും 93 പോയിന്റുമായി യുബിസി നടുഭാഗം രണ്ടാം സ്ഥാനത്തും തുടരുന്നു. 72 പോയിന്റുകളുമായി പോലീസ് ബോട്ട് ക്ലബ് മഹാദേവിക്കാട് കാട്ടില്‍ തെക്കേതിലും മൂന്നാം സ്ഥാനത്തുണ്ട്.

കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ കല്ലട ജലോത്സവം ഉദ്ഘാടനം ചെയ്തു. ജില്ലാകളക്ടര്‍ ദേവീദാസ് എന്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍, സിബിഎല്‍ ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

എന്‍സിഡിസി(മൈറ്റി ഓര്‍സ്) തുഴഞ്ഞ നിരണം ചുണ്ടന്‍ (നാല്), പുന്നമട ബോട്ട് ക്ലബ് (റിപ്പിള്‍ ബ്രേക്കേഴ്‌സ്)തുഴഞ്ഞ കാരിച്ചാല്‍ (അഞ്ച്), സെ. പയസ് വേമ്പനാട് ബോട്ട് ക്ലബ് (െ്രെപഡ് ചേസേഴ്‌സ്) (ആറ്), നിരണം ബോട്ട് ക്ലബ് (ബാക്ക് വാട്ടര്‍ കിംഗ്‌സ്) ആയാപറമ്പ് പാണ്ടി (ഏഴ്) കെബിസി/എസ്എഫ്ബിസി(തണ്ടര്‍ ഓര്‍സ്) പായിപ്പാടന്‍ (എട്ട്), കുമരകം ടൗണ്‍ ബോട്ട്ക്ലബ് (ബാക്ക് വാട്ടര്‍ വാരിയേഴ്‌സ്)ചമ്പക്കുളം (ഒമ്പത്) എന്നിങ്ങനെയാണ് കല്ലടയിലെ വിജയനില.

പാണ്ടനാട്, ചെങ്ങന്നൂര്‍ ആലപ്പുഴ(ഡിസംബര്‍ 2), പ്രസിഡന്റ്‌സ് ട്രോഫി, കൊല്ലം(ഡിസംബര്‍ 9) എന്നിവയാണ് ഇനി നടക്കാനുള്ള മത്സരങ്ങള്‍.