എം കെ രാംദാസ്
പനജി: അബ്ബാസ് അമനി ബാഗ്‌സിന്റെ പേര്‍ഷ്യന്‍ ചിത്രം എന്‍ഡ്‌ലസ് ബോര്‍ഡേഴ്‌സിന് രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ പീക്കോക്ക് പുരസ്‌കാരം. ബള്‍ഗേറിയന്‍ സംവിധായകനായ സ്റ്റെഫാന്‍ കോമന്‍ഡരിയോവിന്റെ ബ്ലാഗാസ് ലെസ്സനാണ് സില്‍വര്‍ പീകോക്ക് അവാര്‍ഡ്.
എന്‍ഡ് ലെസ് ബോര്‍ഡേഴ്സിലെ ഒരു രംഗം
എന്‍ഡ്‌ലസ് ബോര്‍ഡേര്‍സിലെ അഭിനേതാവ് പൗറിയ രഹീമി സാം മികച്ച നടനുള്ള സില്‍വര്‍ പീകോക്ക് ബഹുമതിയും പാര്‍ട്ടി ഓഫ് ഫൂള്‍സിലെ അഭിനയത്തിന് മെലാനീ തിയറി നടിക്കുള്ള സില്‍വര്‍ പീകോക്ക് പുരസ്‌കാരവും നേടി. കന്നഡ സൂപ്പര്‍ഹിറ്റ് ചിത്രം കാന്താരയുടെ സംവിധായകന്‍ റിഷാബ് ഷെട്ടി പ്രത്യേക ജൂറി പുരസ്‌കാരത്തിന് അര്‍ഹനായി. പ്രകൃതിയും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ആശയപരമായ സാധ്യതകള്‍ കൈകാര്യം ചെയ്തതിനാണ് ഈ ബഹുമതി. റെഗര്‍ ആസാദ് കയയാണ് മികച്ച നവാഗത സംവിധായകന്‍. വെന്‍ ദി സീഡ്‌ലിംഗ് ഗ്രോ എന്ന ചലച്ചിത്രമാണ് ഈ ബഹുമതിക്ക് അദ്ദേഹത്തെ അര്‍ഹനാക്കിയത്.
മെലാനി തിയറി മികച്ച നടിക്കുള്ള പുരസ്കാരം സ്വീകരിക്കുന്നു
കാന്താരയുടെ സംവിധായകന്‍ റിഷാബ് ഷെട്ടി പ്രത്യേക ജ്യുറി പുരസ്കാരം വാങ്ങുന്നു
അഫ്ഗാന്‍ പാശ്ചാത്തലത്തില്‍ ആവിഷ്‌ക്കരിക്കപ്പെട്ട അബ്ബാസ് അമിനിയുടെ എന്‍ഡിലസ് ബോര്‍ഡേസ് താലിബാന്റെ പുനര്‍പ്രവേശനവും തുടര്‍ന്നുണ്ടായ സംഭവഗതികളുമാണ് പ്രമേയമാക്കിയത്. മുന്‍ ധാരണകള്‍, ധാര്‍മീക പ്രതിസന്ധി, നഷ്ടപ്പെട്ട് പോകുന്ന പ്രണയം തുടങ്ങിയ മാനവിക വികാരങ്ങള്‍ രാഷ്ട്രീയ പാശ്ചാത്തലത്തില്‍ വിശകലനം ചെയ്യുകയാണ് എന്‍ഡിലസ് ബോര്‍ഡേസിലൂടെ സംവിധയകന്‍. രാഷ്ട്രീയ നിയന്ത്രണങ്ങള്‍ വകവെക്കാതെയുള്ള കഥനവും സിനിമയുടെ കഥാപ്രപഞ്ചത്തെ ഉജ്വലമാക്കി. മനുഷ്യര്‍ സൃഷ്ടിക്കുന്ന അതിരുകള്‍ അവരുടെ മാനവികവും വൈകാരികവുമായ അതിരുകളെക്കാള്‍ ദുര്‍ബലമാണെന്ന് സിനിമ തെളിയിച്ചുവെന്ന് ജൂറി വിലയിരുത്തി.