തിരുവനന്തപുരം: വിമാന ടിക്കറ്റ് ചാര്‍ജ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന അധ്യക്ഷ അനു ചാക്കോ വ്യോമയാന മന്ത്രിക്ക് നിവേദനം നല്‍കി. അവധിക്കാലം ആരംഭിച്ചതിന് പിന്നാലെ വിമാന നിരക്ക് കുത്തനെയാണ് കൂട്ടിയിട്ടുള്ളത്. ഇത് സാധാരണക്കാരായ യാത്രക്കാര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നതാണ്. അവധിക്കാലത്ത് നാട്ടിലെത്തുന്നതിന് പ്രവാസികളെ സഹായിക്കുന്ന നടപടികള്‍ ഉണ്ടാകണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ അഞ്ചിരട്ടിയിലേറെയാണ് വര്‍ധനയുണ്ടായിട്ടുള്ളത്. വിവിധ രാജ്യങ്ങളിലേക്കും അവിടെ നിന്ന് നാട്ടിലേക്കുമുള്ള യാത്രക്കും നിരക്ക് വര്‍ധിച്ചിട്ടുണ്ട്. പ്രവാസികളെ ദ്രോഹിക്കുന്ന വിമാന കമ്പനികളുടെ നടപടിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ആര്‍ ജെ ഡി സംസ്ഥാന അധ്യക്ഷ അനു ചാക്കോ വ്യോമയാന മന്ത്രിക്ക് നിവേദനം നല്‍കിയത്.
ക്രിസ്തുമസ്, പുതുവര്‍ഷ ആഘോഷത്തിനായി നാട്ടിലേക്കു പോകുന്നവരുടെ എണ്ണവും കണക്കിലെടുത്താണ് ഇപ്പോഴത്തെ വര്‍ധന.