കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആവേശം പകര്‍ന്ന് അനന്തപുര പുഷ്‌പോത്സവം

Thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരത്തിനും ഒപ്പം ടെക്‌നോ നഗരമായ കഴക്കൂട്ടത്തിനും പുഷ്പ സമൃദ്ധിയുടെ ദിനങ്ങള്‍ സമ്മാനിച്ച് ഡിസംബര്‍ പന്ത്രണ്ട് വരെ നടക്കുന്ന പുഷ്‌പോത്സവത്തിന് തുടക്കമായി. ലുലു മാളിനു സമീപമുള്ള വേള്‍ഡ് മാര്‍ക്കറ്റ് മൈതാനിയില്‍ അരങ്ങേറുന്ന പുഷ്‌പോത്സവം ഗംഭീര കാഴ്ച്ചാനുഭവമാണ് പുഷ്പ പ്രേമികള്‍ക്ക് സമ്മാനിക്കുന്നത്.

വിവിധ രാജ്യങ്ങളില്‍ നിന്നായി വ്യത്യസ്തയിനം പൂക്കളും സസ്യങ്ങളും മേളയിലെത്തിയിട്ടുണ്ട്. മുപ്പതിനായിരം സ്‌ക്വയര്‍ ഫീറ്റിലായി ഊട്ടി മാതൃകയില്‍ ഒരുക്കിയ ഉദ്യാനവും പൂക്കളിലും ചെടികളിലും തീര്‍ത്ത അനവധി ഇന്‍സ്റ്റലേഷനും ആദ്യമായി നഗരത്തിനു കാണാന്‍ മേള അവസരം ഒരുക്കുന്നു. വൈവിധ്യമാര്‍ന്ന പുഷ്പ നിരക്ക്ക്ക് പുറമേ കട്ട് ഫ്‌ളവേഴ്‌സ് ഷോ, ലാന്‍ഡ് സ്‌കേപ്പിംഗ് ഷോ, എന്നിവയുമുണ്ട്. അരുമപ്പക്ഷികളുടേയും വളര്‍ത്തുമൃഗങ്ങളുടെയും അമൂല്യ നിരയുമായി എക്‌സോട്ടിക് പെറ്റ് ഷോയും മേളയിലുണ്ട്.

അരുമ ജീവികള്‍ക്കൊപ്പം സെല്‍ഫിയെടുക്കാനുള്ള സൗകര്യത്തിന് പുറമെ വ്യത്യസ്തങ്ങളായ സെല്‍ഫി പോയിന്റുകള്‍ ഈ മേളയുടെ പ്രത്യേകതയാണ്. പുഷ്‌പോത്സവത്തോടനുബന്ധിച്ച് ഫാഷന്‍ ഷോ മത്സരങ്ങളും കലാസന്ധ്യകളും ഗാന നൃത്ത ഹാസ്യ പരിപാടികളും ദിവസേന ഉണ്ടായിരിക്കുന്നതാണ്. തിരുവനന്തപുരത്തെ പ്രശസ്ത കലാ സംഘടനകളും ട്രൂപ്പുകളും അവതരിപ്പിക്കുന്ന കലാസന്ധ്യകള്‍ പുഷ്‌പോത്സവത്തിന് മിഴിമേറ്റും.

നാടന്‍ മലബാര്‍ രുചിക്കൂട്ടുകളുടെ വ്യത്യസ്ത വിഭവങ്ങളൊരുക്കി ഭക്ഷ്യമേള പുഷ്‌പോത്സവ നഗരിയില്‍ രുചിമേളം തീര്‍ക്കുന്നു. കേരളത്തിലും പുറത്തും പ്രശസ്തങ്ങളായ ഒട്ടേറെ ഫ്‌ളവര്‍ ഷോകള്‍ ക്യൂറേറ്റ് ചെയ്തിട്ടുള്ള ഇടുക്കി ആസ്ഥാനമായ മണ്ണാറത്തറയില്‍ ഗാര്‍ഡന്‍സ് ഈ അനന്തപുരി പുഷ്‌പോത്സവത്തില്‍ പ്രധാന പങ്കാളിയാകുന്നു.

തിരുവനന്തപുരം കലാ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വിവിധ കാര്‍ഷിക, സഹകരണ, സൊസൈറ്റികളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രദര്‍ശന വിപണന വ്യാപാര സ്ഥാപനങ്ങളും മേളയിലുണ്ട്.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമായ ഗയിം ഷോകള്‍, ഓട്ടോമൊബൈല്‍ എക്‌സ്‌പോ, ചെടികളും പൂക്കളും വാങ്ങാനായി നഴ്‌സറികള്‍ എന്നിവയും മേളയിലുണ്ട്.

ദിവസവും രാവിലെ 11 മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശന സമയം .മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ കൈ നിറയെ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. മേള അവസാനിക്കുന്ന ഡിസംബര്‍ 12 ന് പകുതി വിലയ്ക്ക് പൂച്ചെടികള്‍ സ്വന്തമാക്കാം.