മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം: മാനവിക സന്ദേശ യാത്ര ഡിസംബര്‍ അഞ്ചി വൈകിട്ട് നാലിന് തുടങ്ങും

Malappuram

മലപ്പുറം: 2024 ജനുവരി 25 മുതല്‍ 28 വരെ കരിപ്പൂരില്‍ നടക്കുന്ന പത്താമത് മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി സംഘടിപ്പിക്കുന്ന 33 ദിവസം നീണ്ട് നില്‍ക്കുന്ന, ‘മാനവിക സന്ദേശ യാത്ര’ ഡിസംബര്‍ അഞ്ചന് വഴിക്കടവില്‍ നിന്നും ആരംഭിച്ച് ജനുവരി ഏഴിന് ഐക്കരപ്പടിയില്‍ സമാപിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ദേശത്തിന്റെയും ഭാഷയുടെയും വര്‍ഗ്ഗത്തിന്റെയും വര്‍ണ്ണത്തിന്റെയും ജാതി മേല്‍ക്കോയ്മയുടെയും കുലമഹിമയുടെയും പേരില്‍ പോരടിക്കുന്ന സമൂഹത്തോട് സമ്മേളന പ്രമേയമായ, ‘വിശ്വമാനവികതക്ക് വേദവെളിച്ചം’ അവതരിപ്പിച്ച് മാനവികതയുടെ സന്ദേശം പ്രചരിപ്പിക്കലാണ് യാത്ര കൊണ്ട് പ്രധാനമായും ലക്ഷ്യം വെക്കുന്നത്.

അതിലേക്ക് ഉയര്‍ത്തിക്കാണിക്കുന്ന ഒരു വേദവാക്യമാണ് താഴെ പറയുന്നത്. ‘ജനങ്ങളെ…. നിങ്ങളെ ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി നാം സൃഷ്ടിച്ചിരിക്കുന്നു. അന്യോന്യം തിരിച്ചറിയുന്നതിന് വേണ്ടി മാത്രമാണ് നിങ്ങളെ വിവിധ ഗോത്രങ്ങളും ഉപഗോത്രങ്ങളുമാക്കി വേര്‍തിരിച്ചത്. അറിയുക. ജീവിതത്തില്‍ ധര്‍മ്മനിഷ് പാലിക്കുന്നവരാണ് ദൈവ സന്നിധിയില്‍ ശ്രേഷ്ഠര്‍. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.’ (ഖുര്‍ആന്‍ 49:13)

33 ദിവസത്തെ പര്യടനം നിലമ്പൂര്‍, ഏറനാട്, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി താലൂക്കുകള്‍ ഉള്‍ക്കൊള്ളുന്ന ജില്ലയിലെ 300 കേന്ദ്രങ്ങളിലൂടെ കടന്ന് പോകും. 30 കുടുംബ സൗഹൃദ മുറ്റവും 300 ഡിജിറ്റല്‍ പ്രഭാഷണവുമാണ് യാത്രയുടെ മുഖ്യ ആകര്‍ഷണം. യാത്രയുടെ ഭാഗമായി സമ്മേളന പ്രമേയം വിശദീകരിച്ചുള്ള ലഘുലേഖകള്‍ പതിനായിരം കൈകളില്‍ നേരിട്ടെത്തിക്കും.

യാത്രയുടെ ഭാഗമായി നടക്കുന്ന കുടുംബ സൗഹൃദ മുറ്റം എന്ന പരിപാടി, സംഘടനയുടെ വനിതാ, വിദ്യാര്‍ത്ഥിനി ഘടകങ്ങളായ, MGM IGM നേതൃത്വത്തിലായിരിക്കും സംഘാടനം. സംഘടനയുടെ വളണ്ടിയര്‍ ഘടകമായ യൂണിറ്റി സോഷ്യല്‍ സര്‍വ്വീസ് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ മോട്ടോര്‍ സൈക്കിളില്‍ യാത്രയെ ജില്ലയിലുടനീളം അനുഗമിക്കും.

KNM, ISM, MSM ജില്ലാ ഭാരവാഹികളും, ജാഥാ ക്യാപ്റ്റന്‍: അബ്ദുല്‍ അസീസ് മാസ്റ്റര്‍, വൈസ് ക്യാപ്റ്റന്മാര്‍: ഫാസില്‍ ആലുക്കല്‍, ജൗഹര്‍ അയനിക്കോട്, ശഹീര്‍ പുല്ലൂര്‍ കോര്‍ഡിനേറ്റര്‍: KM ഹുസൈന്‍, ഫിനാന്‍സ്: VT ഹംസ എന്നിവരുടെയും നേതൃത്വത്തിലായിരിക്കും മാനവിക സന്ദേശ യാത്ര നടക്കുന്നത്.

ഡിസംബര്‍ അഞ്ചിന് എടക്കരയില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ആര്യാടന്‍ ഷൗക്കത്ത് യാത്രയുടെ ഫ്‌ലാഗ് ഓഫ് നിര്‍വ്വഹിക്കും. OT ജെയിംസ്, T രവീന്ദ്രന്‍, ജസ്മല്‍ പുതിയറ, ഡോ: യു.പി യഹ്‌യ ഖാന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ജനുവരി ഏഴിന് സമ്മേളന നഗരിക്കടുത്ത കൊണ്ടോട്ടിയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രമുഖ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ സംബന്ധിക്കും.

വാര്‍ത്താസമ്മേളനത്തില്‍ VT ഹംസ (ഫിനാന്‍സ് സെക്രട്ടറി), കോര്‍ഡിനേറ്റര്‍മാരായ ശാക്കിര്‍ ബാബു കുനിയില്‍, KM ഹുസൈന്‍, ലത്തീഫ് മംഗലശേരി, അബൂ തറയില്‍ എന്നിവര്‍ പങ്കെടുത്തു.