‘മതേതര കേരളവും മാധ്യമ ദൗത്യവും’ ഐ എസ് എം മീഡിയ സെമിനാര്‍ ഡിസംബര്‍ 19ന് എറണാകുളത്ത്

Eranakulam

കൊച്ചി: നേരാണ് നിലപാട് എന്ന പ്രമേയത്തില്‍ കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഡിസംബര്‍ 30, 31 തീയതികളില്‍ ഐ എസ് എം സംഘടിപ്പിക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘മതേതര കേരളവും മാധ്യമ ദൗത്യവും’ സെമിനാര്‍ എറണാകുളത്ത് നടക്കുമെന്ന് പുല്ലേപ്പടിയില്‍ ചേര്‍ന്ന മീഡിയ യോഗം അറിയിച്ചു. മലയാളത്തിലെ എല്ലാ ദൃശ്യ ശ്രാവ്യ അച്ചടി മാധ്യമങ്ങളുടേയും പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുക്കും.

‘മാധ്യമ പ്രവര്‍ത്തനവും സാങ്കേതിക വിദ്യയും’ എന്ന വിഷയത്തില്‍ പ്രധാന സോഷ്യല്‍ മീഡിയ ചാനലുകളുടെ പ്രതിനിധികളുമായുള്ള ചര്‍ച്ചയും സെമിനാറിന്റെ ഭാഗമായി നടക്കും. മീഡിയ സബ്കമ്മിറ്റി ചെയര്‍മാന്‍ സലീം ഫാറൂഖി അധ്യക്ഷത വഹിച്ച യോഗം സമ്മേളന സ്വാഗതസംഘം ചെയര്‍മാന്‍ റഷീദ് ഉസ്മാന്‍ സേട്ട് ഉദ്ഘാടനം ചെയ്തു.

മീഡിയ കണ്‍വീനര്‍ പി യാസര്‍ അറഫാത്ത് പദ്ധതി വിശദീകരിച്ചു. കെ എന്‍ എം സംസ്ഥാന ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, വൈസ് പ്രസിഡന്റ് ബാബു സേട്ട്, സെക്രട്ടറി സലാഹുദ്ധീന്‍ മദനി, സുബൈര്‍ പീടിയേക്കല്‍, എ നിസാര്‍ തുടങ്ങിയ സംഘടനാ നേതാക്കള്‍ പ്രധാന അതിഥികളായിരുന്നു. ജില്ലാ മീഡിയ കണ്‍വീനര്‍ അസ്‌ലം പള്ളുരുത്തി നന്ദി പറഞ്ഞു.