കല്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതത്തിനിരയായവര്‍ക്ക് നല്‍കാനുള്ള ഭക്ഷ്യധാന്യങ്ങള്‍ സര്‍ക്കാറിന്റെ സൂക്ഷിപ്പ് കേന്ദ്രങ്ങളില്‍ കെട്ടികിടന്ന് നശിക്കുന്നു. പാതിരിപ്പാലത്തെയും കൈനാട്ടിയിലെയും ഗോഡൗണുകളിള്‍ ടണ്‍ കണക്കിന് ഭക്ഷണ സാമഗ്രികളാണ് ഇനിയും വിതരണം ചെയ്യാതെ കെട്ടി കിടക്കുന്നതെന്നും ഇവ നാശത്തിന്റെ വക്കിലാണെന്നും ടി സിദ്ധീഖ് എം എല്‍ എ ആരോപിക്കുന്നു.
മേപ്പാടിയില്‍ ദുരന്തബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യ കിറ്റില്‍ പുഴുവിനെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പോര് മുറുകുകയാണ്. ഭക്ഷ്യധാന്യം പുഴുവെടുത്ത് നശിക്കാനിടയായതിന് പഞ്ചായത്താണ് ഉത്തരവാദിയെന്നാണ് സി പി എം ആരോപിച്ചിരുന്നത്. പഞ്ചായത്തില്‍ അടിച്ചുപൊളിക്കല്‍ സമരവും സി പി എമ്മിന്റെ ആഭിമുഖ്യത്തില്‍ നടക്കുകയും ചെയ്തു. ഇതിനിടെയാണ് സര്‍ക്കാറിന്റെ സൂക്ഷിപ്പുകേന്ദ്രങ്ങളില്‍ ടണ്‍ കണക്കിന് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യാതെ കെട്ടികിടക്കുന്ന വാര്‍ത്തയും പുറത്തുവന്നത്.
മേപ്പാടിയില്‍ വിതരണം ചെയ്ത ഭക്ഷ്യവസ്തുക്കള്‍ റവന്യു വകുപ്പ് നല്‍കിയതാണെന്ന് പഞ്ചായത്ത് പറയുന്നു. കല്പറ്റയില്‍ സര്‍ക്കാറിന്റെ സൂക്ഷിപ്പു കേന്ദ്രത്തില്‍ നിന്നുമാണ് ഈ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചതെന്നാണ് പഞ്ചായത്ത് പറയുന്നത്. തെരഞ്ഞെടുപ്പ് ആവശ്യത്തിന് ഈ സൂക്ഷിപ്പുകേന്ദ്രം ഉപയോഗിക്കുന്നതിനാലാണത്രെ ഇവിടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ മാറ്റിയത്. അല്ലായിരുന്നെങ്കില്‍ ഇവിടെ കിടന്ന് തന്നെ ആ ഭക്ഷ്യ ധാന്യങ്ങള്‍ നശിക്കുകയും വാര്‍ത്ത ആരും അറിയാതെ പോകുകയും ചെയ്യുമായിരുന്നു.
വിഷയത്തില്‍ സര്‍ക്കാരും കോണ്‍ഗ്രസും തുറന്ന പോരിലേക്ക് നീങ്ങുകയാണ്. മേപ്പാടി ഗ്രാമപഞ്ചായത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയ റവന്യു മന്ത്രി കെ രാജനെ വെല്ലുവിളിച്ച് യു ഡി എഫ് നേതാക്കളായ ടി സിദ്ദിഖ് എം എല്‍ എ, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എന്‍ കെ പ്രേമചന്ദ്രന്‍ എം പി തുടങ്ങിയവര്‍ രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാറിന്റെ ഗോഡൗണുകള്‍ തുറന്ന് പരിശോധിക്കാന്‍ മന്ത്രിയെ ഇവര്‍ വെല്ലുവിളിച്ചിരിക്കുകയാണ്.
തങ്ങളുടെ വീഴ്ച മറച്ചുവെക്കന്‍ ഉദ്യോഗസ്ഥരെ കരുവാക്കുകയാണെന്ന് ടി സിദ്ദിഖ് ആരോപിക്കുന്നു. എ ഡി എമ്മിനെ കൊണ്ട് റവന്യു മന്ത്രി കള്ളം പറയിക്കുകയാണ്. പഞ്ചായത്ത് സ്‌റ്റോക്ക് രജിസ്റ്റര്‍ പരിശോധിക്കണം. 835ല്‍ 474ല്‍ കിറ്റുകള്‍ കൊടുത്തു. കാലാവധി കഴിഞ്ഞ നിരവധി കിറ്റുകള്‍ അതില്‍ കണ്ടെത്തിയിട്ടുണ്ട്. കാലാവധി രേഖപ്പെടുത്താത്ത കിറ്റുകളും നിരവധിയുണ്ട്. അരി മാത്രമേ കൊടുത്തിട്ടുള്ളു എന്ന് രാജന്‍ പച്ചക്കള്ളം പറയുകയാണ്.
കിറ്റ് വിവാദത്തില്‍ പ്രത്യേക അന്വേഷണ സംഘം വേണം. സംയുക്ത നിയമസഭ സമിതി അന്വേഷണം നടത്തണമെന്നും ടി സിദ്ദിഖ് ആവശ്യപ്പെട്ടു. മന്ത്രിയുടെ വാദം തെറ്റാണ്. 835 ചാക്കും പഞ്ചായത്തിന് ലഭിച്ചത് നവംബര്‍ ഒന്നിനാണ്. ഗോഡൗണ്‍ തുറപ്പിക്കാന്‍ നിയമ നടപടി സ്വീകരിക്കും. വിവാദത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനുള്ള നീക്കത്തിലുമാണ് കോണ്‍ഗ്രസ്.