മെക്‌സികോയില്‍ ഒരു ദിവസം ഏഴ് പേരെ കാണാതാവുന്നുവെന്ന് ബുനുവല്‍ പറയുന്നു, ഇവിടെയും കവികളും എഴുത്തുകാരും അപ്രത്യക്ഷരാകുന്നു

Articles

നിരീക്ഷണം / എസ് ജോസഫ്

ഒന്ന്

പുതുകവിതയുടെ ആദ്യകാലത്തെ എഴുത്തുകളില്‍ രാഷ്ട്രീയത്തിന്റെ (സൂക്ഷ്മ രാഷ്ട്രീയവും) അവ്യക്തമായ ചെറിയ സൂചനകളേ ഉള്ളു. കാരണം കാര്യങ്ങള്‍ ഒന്നുമത്ര വ്യക്തമായിരുന്നില്ല. രാഷ്ട്രീയം വ്യക്തമായിരുന്നില്ല. കവിത എന്ന കലാരൂപം ആയിരുന്നു പരമപ്രധാനം. ആധുനികതയില്‍ നിന്ന് മാറി എഴുതണം എന്നതായിരുന്നു വെല്ലുവിളി. കവിതയുടെ ഫോം തന്നെയായിരുന്നു പ്രധാനവിഷയം. അബോധത്തിന്റെ എഴുത്തായിരുന്നു അന്നത്തെ കവിത. പൊളിറ്റിക്കല്‍ അബോധം എന്ന് പറയാം. പരിസ്ഥിതിയും സ്വന്തം ജീവിതവും ആ കവിതകളില്‍ ചെറുതായി നിഴലിട്ടു എന്നു മാത്രം. (തന്റെ കാലത്തെ യുവകവികളെ അന്നത്തെ കവിക്ക് അത്ര പരിചയവുമില്ലായിരുന്നു.) എന്നാല്‍ ഇതിനൊരു പോസിറ്റീവ് വശമുണ്ട്. (അക്കാലത്തുണ്ടായ കവിതകളെയാണ് ഞാന്‍ ശരിക്കും ഇഷ്ടപ്പെടുന്നത്.) കവിതയുടെ ആംബിഗ്വിറ്റി ( Ambigutiy ) ആ കവിതകള്‍ നിലനിര്‍ത്തി.

തുടര്‍ന്ന് ഈ അംബിഗ്വിറ്റി ഇല്ലാതായി. കവിത മുന്‍നിശ്ചിതവുമായി. എന്നു വച്ചാല്‍ പ്രത്യേകമായ ഒരു ജോലിക്ക് നിയോഗിക്കപ്പെട്ട ഒരാള്‍ അയാളുടെ ജോലി ചെയ്യുന്നതുപോലെ ഇന്ന് കവികള്‍ കവിതയെഴുതുന്നു. ദളിത് കവികളെ ഏല്പിച്ചിരിക്കുന്ന ജോലി ദളിത് കവിത എഴുതുക എന്നതാണ്. അതുപോലെ സ്ത്രീ, ആദിവാസി ഒക്കെ അവരവരുടെ പണി എടുക്കുന്നു. ഇതില്‍ ഒരു സ്‌പെഷ്യലൈസേഷന്‍ ഉണ്ട്. ആദ്യം പറഞ്ഞ അവ്യക്തമായ, മഞ്ഞുമൂടിയ ആ കാലം (ഒന്നും വ്യക്തമല്ലാത്ത മൂടല്‍ മഞ്ഞ്) കഴിഞ്ഞാല്‍ പിന്നെ രാഷ്ട്രീയം തെളിയുകയായി. കാര്യങ്ങള്‍ വ്യക്തമായി എല്ലാവര്‍ക്കും മനസ്സിലായി. അതു കൊണ്ടാണ് മുന്‍ നിശ്ചിതമായ കവിതയിലേക്ക് പരിവര്‍ത്തനം ഉണ്ടായത്. ഇവിടെ കവിത വ്യക്തമാണ്. പ്രതീക്ഷിക്കുന്നതാണ്. ബോധപൂര്‍വ്വമാണ്. നിയതമല്ല, അരൂപമാണ്. ആദിവാസി എഴുതുന്നതെന്തോ അത് ആദിവാസി കവിത, സ്ത്രീ എഴുതുന്നതെല്ലാം സ്ത്രീ കവിത. ദളിതരുടെ എഴുത്തെല്ലാം ദളിത് കവിത. ട്രാന്‍സ് ജെന്‍ഴ്‌സ് ആണെങ്കില്‍ അങ്ങനെ. ഇങ്ങനെയാണ് കവിതയുടെ വില കുറഞ്ഞതും കവി അപ്രത്യക്ഷനാ (യാ)കുന്നതും.

രണ്ട്

ഇപ്പോള്‍ ധാരാളം കവികള്‍ കവിത എഴുതുന്നുണ്ട്. അഥവാ കവിത എഴുതാന്‍ ശ്രമിക്കുന്നുണ്ട്. ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ തന്നെ. അഭിനന്ദനാര്‍ഹമാണ്. നല്ല കവിതയായില്ലെങ്കിലും അത് അവരുടെ ജീവിതത്തിലെ വിലപ്പെട്ട ഒരു പരിശീലനമാണ്. അത് പാഴാവില്ല. അതിന് എന്തെങ്കിലും ഒരു ഗുണം ഉണ്ടാകും. നിരന്തരം ചെയ്യുന്ന ഏതു കാര്യവും ഗുണമാകും. ഒരു ചിന്തിക്കുന്ന സബ്ജക്ട് ആകാന്‍ അതവരെ സഹായിക്കട്ടെ. 20 വര്‍ഷം കൊണ്ടാണ് ഞാന്‍ ഒരു കവിത എഴുതിയത് എന്നോര്‍ക്കുമ്പോള്‍ എന്നേക്കാളും എത്രയോ മിടുക്കുള്ളവരാണിവര്‍ എന്ന് ഞാന്‍ ഓര്‍ക്കുന്നു . അതില്‍ കാലത്തിന്റെ മാറ്റമുണ്ട്. അതുകൊണ്ടാണ് നാം ജീവിക്കുന്ന കാലം പ്രസക്തമാകുന്നത്.

ഇന്നത്തെ എഴുത്തില്‍ ഇങ്ങനെയും കാണുന്നുണ്ട്. എഴുതുക പുസ്തകമാക്കുക. വായിക്കുക , വലിച്ചെറിയുക എന്നതാണ് അതിന്റെ ഒരു തത്വശാസ്ത്രം എന്ന് വിചാരിക്കുന്നു. ഇത് ഉത്തരാധുനിക കലയുടെ ഒരു പ്രത്യേകതയാണെന്ന് തോന്നുന്നു. താല്ക്കാലികത എല്ലാ കലകളെയും സാഹിത്യകൃതികളെയും ബാധിക്കുന്നു. അതുകൊണ്ടു തന്നെ എഴുത്തുകാരും കവികളും താല്കാലികരാണ് . എത്ര വേഗമാണ് പുതിയ എഴുത്തുകാര്‍ , കവികള്‍ സാഹിത്യത്തില്‍ നിന്ന് അപ്രത്യക്ഷരാകുന്നത്. മെക്‌സിക്കോയില്‍ ഒരു ദിവസം 7 പേരെ കാണാതാവുന്നു എന്ന് ബുനുവല്‍ പറയുന്നുണ്ട് , ഇവിടെയും കവികളും എഴുത്തുകാരും അപ്രത്യക്ഷരാകുന്നു.