വാര്‍ത്തകള്‍ 8289857951 എന്ന വാട്‌സാപ്പ് നമ്പറില്‍ അയക്കുക.
കോഴിക്കോട്: പ്രവാസികളെ കൊള്ളയടിക്കുന്ന വിമാന കമ്പനികളുടെ നിലപാട് കണ്ടില്ലെന്ന് നടിച്ച് സര്‍ക്കാരും ജനപ്രതിനിധികളും. ഓണം അവധി മുമ്പില്‍ കണ്ട് വിമാന കമ്പനികള്‍ നിരക്കില്‍ കുത്തനെയുള്ള വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. പ്രവാസികളുടെ നടുവൊടിക്കുന്ന നിരക്ക് വര്‍ദ്ധനവിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടും സര്‍ക്കാറോ ജനപ്രതിനിധികളോ ഇക്കാര്യത്തില്‍ പ്രതികരണത്തിന് തയ്യാറായിട്ടുമില്ല. അതുകൊണ്ട് തന്നെ ഓരോ ആഘോഷ വേളകളും മുതലെടുത്ത് വിമാന കമ്പനികള്‍ പ്രവാസികളെ കൊള്ളയടിക്കുന്നത് തുടരുകയാണ്.
ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ആറിരട്ടിയാണ് വിമാനക്കമ്പനികള്‍ കൂട്ടിയിരിക്കുന്നത്. 19,000 രൂപയ്ക്ക് മുംബൈയില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്ക് ടിക്കറ്റ് കിട്ടുമ്പോള്‍ കേരളത്തില്‍ നിന്നുള്ള വിമാനങ്ങളില്‍ 78,000 രൂപ വരെയാണ് ഈടാക്കുന്നത്. അവധി കഴിഞ്ഞ് കൂട്ടത്തോടെ മടക്കയാത്ര നടത്തുന്ന പ്രവാസികളുടെ നടുവൊടിക്കുന്നതാണ് ഭീമമായ ഈ നിരക്ക് വര്‍ധന. വിമാന കമ്പനികള്‍ കാലാകാലങ്ങളില്‍ കാണിക്കുന്ന കൊള്ളയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് പ്രവാസികളില്‍ നിന്നും ഉയരുന്നത്. എന്നാല്‍ പ്രവാസി മലയാളികളുടെ ഈ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കുകയാണ് വിമാന കമ്പനികളും സര്‍ക്കാറും ചെയ്യുന്നത്.
ഓണം, പെരുന്നാള്‍, സ്‌കൂള്‍ അവധി തുടങ്ങി പ്രവാസി മലയാളികള്‍ നാട്ടിലേക്കും തിരിച്ച് വിദേശത്തേക്കും കൂടുതലായി പോകുന്ന സമയം കണക്കിലെടുത്താണ് വിമാന കമ്പനികളുടെ കൊള്ള. യാതൊരു മാനദണ്ഡവും കണക്കിലെടുക്കാതെ തോന്നിയത് പോലെയാണ് ടിക്കറ്റുനിരക്കില്‍ വര്‍ദ്ധനവ് വരുത്തുന്നത്. ഗള്‍ഫില്‍ സ്‌കൂള്‍ തുറക്കുന്നത് സെപ്തംബര്‍ ആദ്യവാരത്തിലാണ്. സെപ്തംബര്‍ ഒന്നാം തീയതിയിലെ ടിക്കറ്റ് നിരക്കുകള്‍ പരിശോധിച്ചാല്‍ പ്രവാസികളെ കൊള്ള ചെയ്യുന്നത് മനസ്സിലാകും. മുംബൈയില്‍ നിന്നും ദുബായിലേക്ക് 13466 രൂപയ്ക്ക് ഒമാന്‍ എയറിന്റെ ടിക്കറ്റുണ്ട്. എന്നാല്‍ തിരുവനന്തപുരത്തുനിന്ന് നോക്കിയപ്പോള്‍ റിയാദിലേക്ക് എയര്‍ അറേബ്യ 78, 972 രൂപയാണ് ഈടാക്കുന്നത്. അതായത് മുംബൈയും കേരളവും തമ്മില്‍ ഗള്‍ഫിലേക്ക് ആറിരട്ടിയിലധികം രൂപയാണ് അധികമായി പ്രവാസികളില്‍ നിന്നും കൊള്ളയടിക്കുന്നത്. ദുബായിലേക്ക് സെപ്തംബര്‍ ഒന്നിനത്തെ ടിക്കറ്റിന് എമറൈറ്റ്‌സ് 72,143 രൂപയും റിയാദിലേക്കുള്ള ടിക്കറ്റിന് എത്തിഹാദ് 70,426 രൂപയുമാണ് ഈടാക്കുന്നത്. അതേസമയം എയര്‍ ഇന്ത്യ മുംബൈയില്‍ നിന്ന് അബുദാബിയിലേക്ക് 24,979 രൂപ ഈടാക്കുമ്പോള്‍ കേരളത്തില്‍ നിന്ന് ദുബായിലേക്ക് 47, 662 രൂപയാണ് എയര്‍ ഇന്ത്യ വാങ്ങിക്കുന്നത്.
മാസങ്ങളും വര്‍ഷങ്ങളും പ്രവാസ ലോകത്ത് കഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുകയും നാട്ടില്‍ നിന്നും പ്രവാസത്തിലേക്ക് പോകുകയും ചെയ്യുന്ന മലയാളികളുടെ നടുവൊടിക്കുന്ന നിരക്ക് വര്‍ധന കൊള്ളയ്‌ക്കെതിരെ അടിയന്തിര നടപടി ഉണ്ടാകണമെന്നാണ് പ്രവാസികളുടെ ആവശ്യം.