തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ പി ജി വിദ്യാര്‍ത്ഥി ഡോ. ഷഹനയുടെ ആത്മഹത്യയില്‍ സുഹൃത്ത് ഡോ. റുവൈസിനെ റിമാന്റ് ചെയ്തു. സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസ് നടത്തിയ സമ്മര്‍ദ്ദമാണ് ഷഹ്നയുടെ മരണകാരണമെന്നാണ് പൊലീസ് കണ്ടെത്തല്‍. വിവാഹത്തിന് സ്ത്രീധനം ചോദിച്ച് റുവൈസ് തന്നെ വഞ്ചിച്ചെന്നാണ് ഷഹനയുടെ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരുന്നത്.
അതേസമയം റുവൈസിന്റെ പേര് ആത്മഹത്യകുറിപ്പിലുണ്ടായിട്ടും ഇക്കാര്യം ആദ്യം പൊലീസ് മറച്ചുവെക്കുകയായിരുന്നു. ഷഹ്നയുടെ മരണത്തില്‍ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ശക്തമായതോടെയാണ് പൊലീസ് നടപടിയുമായി രംഗത്തുവന്നത്.
ഡോ ഷഹ്ന ഒപി ടിക്കറ്റിന്റെ പിറകില്‍ എഴുതിയ അവരുടെ സ്ത്രീധനമോഹം മൂലം എന്റെ ജീവിതം അവസാനിപ്പിക്കുന്നു. ഇത്ര പണം ആവശ്യപ്പെടുന്നത് അവന്റെ സദോഹരിക്ക് വേണ്ടിയാണോ.ഞാന്‍ വഞ്ചിക്കപ്പെട്ടു. എന്ന ആത്മഹത്യകുറിപ്പിലെ ഈ വരികളുടെയും ബന്ധുക്കളുടെ മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് റുവൈസിനെ അറസ്റ്റ് ചെയ്തത്. കത്തില്‍ റുവൈസിന്റെ പേര് വ്യക്തമായി പറയുന്നുണ്ട്. ആത്മഹത്യപ്രേരണ കുറ്റത്തിനും സ്ത്രീധന നിരോധന വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്. വ്യാഴാഴ്ച പുലര്‍ച്ചയോടെ കൊല്ലത്തെ വീട്ടില്‍ നിന്നാണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്.
അതേസമയം റുവൈസിന്റെ ഫോണിലെ മെസെജുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണ്. ഷഹനക്ക് അയച്ച മെസേജുകളാണ് ഡിലേറ്റ് ചെയ്ത നിലയിലുള്ളത്. ഈ സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ ഫോണ്‍ സൈബര്‍ പരിശോധനയക്ക് അയക്കും. റുവൈസും ഷഹ്നയും തമ്മിലുള്ള ബന്ധം വിവാഹനിശ്ചയത്തിലേക്ക് വരെ എത്തിയിരുന്നു. പക്ഷെ ഭീമമായ സ്ത്രീധനം ചോദിച്ച് റുവൈസ് ഷഹ്നയെ സമ്മര്‍ദ്ദത്തിലാക്കി. കടുത്ത മാനസികസമര്‍ദ്ദത്തിലായ ഷഹ്ന അത് താങ്ങാനാകാതെ ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസ് കണ്ടെത്തല്‍.
പി ജി ഡോക്ടര്‍മാരുടെ സംഘടനയായ കെ എം പി ജി എയുടെ പ്രസിഡന്റായിരുന്നു റുവൈസ്. സാമൂഹിക വിഷയങ്ങളില്‍ സ്ഥിരം അഭിപ്രായം പറയുന്ന യുവ ഡോക്ടറാണ് മറ്റൊരു ഡോക്ടറടെ മരണത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം പി ജി ഡോക്ടറായ റുവൈസിനെ ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.