ബേപ്പൂര്‍ ഒരുങ്ങുന്നു: ഇന്ത്യയിലെ ഏറ്റവും വലിയ സാഹസിക ജല കായിക മത്സരങ്ങള്‍ക്കായി

Kerala News

കോഴിക്കോട്: ബേപ്പൂരിന്റെ മുഖഛായ മാറ്റുന്ന വാട്ടര്‍ ഫെസ്റ്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. വിവിധ സ്റ്റാളുകളും പവലിയനുകളും അവസാനഘട്ട ഒരുക്കത്തിലാണ്. സാഹസിക ജല കായിക മത്സരങ്ങളുടെ ഭൂപടത്തില്‍ ഇടം നേടിയ ബേപ്പൂര്‍ ഫെസ്റ്റ് രണ്ടാം സീസണിന് ഡിസംബര്‍ 24ന് തിരിതെളിയും. ഡിസംബര്‍ 28 വരെ നീളുന്ന ബേപ്പൂര്‍ വാട്ടര്‍ഫെസ്റ്റ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സാഹസിക ജല കായിക മത്സരങ്ങളുടെ വേദിയാണ്.

ബേപ്പൂരില്‍ ചാലിയാറിന്റെ തീരത്തും മറീന ബീച്ചിലും ടൂറിസം വകുപ്പും ജില്ല ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്നാണ് മേള സംഘടിപ്പിക്കുന്നത്. സിറ്റ് ഓണ്‍ ടോപ്പ് കയാക്കിങ്, വൈറ്റ് വാട്ടര്‍ കയാക്കിങ്, ബാംബൂ റാഫ്റ്റിങ് തുടങ്ങിയ സാഹസിക ഇനങ്ങള്‍ക്ക് പുറമെ തദ്ദേശവാസികള്‍ക്കായി നാടന്‍ തോണികളുടെ തുഴച്ചില്‍ മത്സരങ്ങള്‍, വല വീശല്‍, ചൂണ്ടയിടല്‍ എന്നിവയും സംഘടിപ്പിക്കുന്നു. സെയിലിങ് റെഗാട്ടയില്‍ വിവിധ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടക്കുന്നുണ്ട്.

വിവിധ അസോസിയേഷനുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കോഴിക്കോടിന്റെ തനത് രുചി വിഭവങ്ങള്‍ അണിനിരക്കുന്ന മെഗാ ഫുഡ് ഫെസ്റ്റിവലും മേളയുടെ മുഖ്യാകര്‍ഷണമാവും. ടൂറിസം കാര്‍ണിവല്‍, ഫുഡ് ആന്‍ഡ് ഫ്‌ളീ മാര്‍ക്കറ്റ് എന്നിവ മുഴുവന്‍ ദിവസങ്ങളിലും രാവിലെ 10 മുതല്‍ രാത്രി 10 വരെ ഉണ്ടാവും.

ഡിസംബര്‍ 24ന് വൈകുന്നേരം 7.30 മുതല്‍ ഗായിക സിത്താര കൃഷ്ണകുമാറും സംഘവും നയിക്കുന്ന ഗാനസന്ധ്യ വേദിയിലെത്തും. 25ന് വിധുപ്രതാപ് ഷോ, പാഗ്ലി ബാന്‍ഡ് സംഗീത പരിപാടി എന്നിവ അരങ്ങേറും. 26 ന് നവ്യ നായര്‍, കെ കെ നിഷാദ്, താമരശ്ശേരി ബാന്‍ഡ് എന്നിവരുടെ കലാപരിപാടികള്‍ നടക്കും. 27ന് ശിവമണി, കാവാലം ശ്രീകുമാര്‍, പ്രകാശ് ഉള്ള്യേരി, സൗരവ് കൃഷ്ണ, ഗുല്‍ സക്‌സേന എന്നിവരുടെ കലാപ്രകടനങ്ങള്‍ വേദിയിലെത്തും. 28ന് തൈക്കുടം ബാന്‍ഡ് കാണികള്‍ക്ക് മുന്നിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *