മാസപ്പടിയില്‍ നടപടി തുടങ്ങി, സിഎംആര്‍എല്ലില്‍ എസ് എഫ് ഐ ഒ റെയ്ഡ്

Kerala

കൊച്ചി: മാസപ്പടി വിവാദത്തില്‍ നടപടിയുമായി എസ് എഫ് ഐ ഒ. വീണാ വിജയന്റെ എക്സാലോജിക്കില്‍ അന്വേഷണം തുടങ്ങിയ കേന്ദ്ര ഏജന്‍സി ആലുവയിലെ സി എം ആര്‍ എല്‍ ആസ്ഥാനത്ത് റെയ്ഡ് തുടങ്ങി. എസ് എഫ് ഐ ഒ ഡെപ്യൂട്ടി ഡയറക്ടര്‍ എം അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെയാണ് സി എം ആര്‍ എല്ലില്‍ ഓഫീസ് ഉദ്യോഗസ്ഥര്‍ എത്തിയതിനുപിന്നാലെ റെയ്ഡ് ആരംഭിച്ചത്.

സി എം ആര്‍ എല്ലിന്റെ കോര്‍പ്പറേറ്റ് ഓഫീസിലാണ് റെയ്ഡ്. വിശദ പരിശോധനകളാണ് സംഘം നടത്തുന്നത്. കമ്പനി ഉദ്യോഗസ്ഥരോട് മൊബൈല്‍ ഫോണോ ലാന്‍ഡ് ഫോണോ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയശേഷമാണ് പരിശോധന ആരംഭിച്ചത്. ജീവനക്കാരുടെ മൊഴി എടുക്കും. രേഖകളും പരിശോധിക്കും. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിനാണ് തുടക്കം. വമ്പന്‍ സംഘമാണ് അന്വേഷണത്തിനുള്ളത്. ഈ റെയ്ഡിന് ശേഷം മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനേയും ചോദ്യം ചെയ്യും. എകെജി സെന്ററിലും അന്വഷണം എത്താന്‍ സാധ്യതയുണ്ട്.

കോണ്‍ഗ്രാസ് നേതാവും മുന്‍ ധനമന്ത്രിയിമായിരുന്ന പി.ചിദംബരം പ്രതിയായ എയര്‍സെല്‍മാക്‌സിസ് കേസ് അന്വേഷിച്ച എസ്എഫ്‌ഐഒ സംഘത്തലവനാണ് എക്‌സാലോജിക് കേസിന്റെ അന്വേഷണത്തിന്റെയും നേതൃത്വം നല്‍കുന്ന അരുണ്‍ പ്രസാദ്. ഈ അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡിയും സിബിഐയും പിന്നീട് ചിദംബരത്തിനെതിരെ കേസെടുത്തത്. ചിദംബരവും മകനും അകത്താകുകയും ചെയ്തു. അതുകൊണ്ട് തന്നെ അരുണ്‍ പ്രസാദിന്റെ ഓരോ നീക്കവും നിര്‍ണ്ണായകമായിരിക്കും.

എക്‌സാലോജിക്കും കരിമണല്‍ കമ്പനി സിഎംആര്‍എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചാണ് എസ്എഫ്ഐഒ അന്വേഷിക്കുക. കോര്‍പ്പറേറ്റ് മന്ത്രാലയത്തിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങിയ ആറംഗ സംഘത്തിനാണ് അന്വേഷണ ചുമതല. അഡീഷണല്‍ ഡയറക്ടര്‍ പ്രസാദ് അദല്ലി, ഡെപ്യൂട്ടി ഡയറക്ടര്‍ എം അരുണ്‍ പ്രസാദ്, കെ പ്രഭു, എ ഗോകുല്‍നാഥ്, കെ എം എസ് നാരായണന്‍, വരുണ്‍ ബി എസ് എന്നിവരാണ് സംഘത്തിലുള്ളത്.

വീണയുടെ എക്സാലോജിക്ക് ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്തത് എ കെ ജി സെന്ററിന്റെ മേല്‍ വിലാസം ഉപയോഗിച്ചാണ്. ഇതാണ് സി പി എമ്മിനും കുരുക്കാകുക. വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്ക് കമ്പനിയും സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനുകീഴിലെ സി.എം.ആര്‍.എലും തമ്മിലുള്ള ഇടപാടിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ അതിനിര്‍ണണായക നീക്കത്തിനാണ് തയ്യാറെടുക്കുന്നത്.

മുഖ്യ മന്ത്രിയുടെ മകള്‍ വീണ തൈക്കണ്ടിയില്‍ മാത്രമായിരുന്നു എക്സാലോജിക്കിലെ ഡയറക്ടര്‍. ഐടി കമ്പനിയുടെ രജിസ്‌ട്രേഷന് രജിസ്ട്രാര്‍ക്ക് നല്‍കിയിരിക്കുന്ന വിലാസം വീണാ തൈക്കണ്ടിയില്‍, പിണറായി വിജയന്റെ മകള്‍, എകെജി സെന്റര്‍, പാളയം എന്നാണ്. സി പി എം ബന്ധങ്ങള്‍ ഐടി വ്യവസായത്തില്‍ പ്രയോജനപ്പെടുത്തുകയെന്ന ദുരുദ്ദേശ്യത്തോടെ പാര്‍ട്ടി കേരള ആസ്ഥാനമായ എ കെ ജി സെന്റര്‍ വിലാസം ഉള്‍പ്പെടുത്തുകയായിരുന്നെന്നാണ് ഇതുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങളിലൊന്ന്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ 2016 മുതല്‍ എക്‌സലോജിക് കമ്പനി അസാധാരണ ലാഭത്തിലേക്ക് കുതിച്ച് ഉയര്‍ന്നിരുന്നു.