തുവല്‍ സ്പര്‍ശം പത്മഭൂഷണ്‍ കെ എസ് ചിത്ര ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: കോവിഡ് സാഹചര്യത്തില്‍ രണ്ട് വര്‍ഷം കൊണ്ട് ഓണ്‍ ലൈന്‍ വഴി സംഗീത ബോധവല്‍ക്കരണ പരിപാടികളിലൂടെ രൂപീകരിച്ച കൂട്ടായ്മ സംഗീതമേ ജീവിതം ഫൗണ്ടേഷന് ഈ മാസം 25ന് ഔപചാരിക തുടക്കം. വൈകുന്നേരം 6.30 ന് സരോവരം ഹോട്ടല്‍ കെ പി എം ട്രിപ്പന്റയില്‍ നടക്കുന്ന തൂവല്‍ സ്പര്‍ശം സംഗീത വിരുന്നില്‍ പ്രശസ്ത ഗായിക പത്മഭൂഷണ്‍ കെ എസ് ചിത്ര, ഫൗണ്ടേഷന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ചിത്രയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന തൂവല്‍ സ്പര്‍ശത്തില്‍ സംഗീതമേ ജീവിതം ഫൗണ്ടേഷനിലെ അംഗങ്ങളായ ഗായകര്‍ അണിനിരക്കും.
ഓണ്‍ ലൈന്‍ വഴി 160ലധികം എപ്പിസോഡുകളിലൂടെ ഫൗണ്ടേഷന്‍ ലക്ഷ്യമാക്കുന്നത് കാലഘട്ടം ആവശ്യപ്പെടുന്ന ഒരു സാമൂഹിക ദൗത്യമാണെന്ന് ഡയറക്ടര്‍ അഡ്വ. കെ എ അബ്ദുല്‍ അസീസ് പറഞ്ഞു. പാട്ട് കേള്‍ക്കാന്‍ ഒരുമിച്ചവര്‍ക്കിടയില്‍ രൂപപ്പെട്ട മനസിന്റെ ഇഴയടുപ്പമാണ് ഇതിലെ അംഗങ്ങള്‍ക്കിടയില്‍ ഉള്ളത്. എല്ലാ മാസവും ആഴ്ചയില്‍ രണ്ട് തവണ ഓണ്‍ ലൈന്‍ വഴി സംഗീത വിരുന്ന് സംഘടിപ്പിക്കും. രണ്ട് മാസത്തില്‍ ഒരിക്കല്‍ ഇവരെയെല്ലാം നേരില്‍ കാണാനുള്ള വേദി ഒരുക്കും. സംഘര്‍ഷഭരിതമായ ജീവിതത്തിന് പാട്ടിലൂടെ മാനസികാശ്വാസവും സാമൂഹിക നന്മയും കൈമാറുന്ന ഫൗണ്ടേഷന്റെ പ്രവര്‍ത്തന രീതിയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേര്‍ എത്തുന്നതായി സംഘാടകര്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ അഡ്വ. കെ എ അബ്ദുല്‍ അസീസ്, ഡോ. മെഹ്‌റൂഫ് രാജ്, പ്രിയ മനോജ്, അലി അബ്ദുള്ള, ഫാത്തിമ തോട്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു.