ഓര്‍ക്കാട്ടേരിയില്‍ ആത്മഹത്യ; ഭര്‍തൃവീട്ടുകാര്‍ ക്രൂര മനസ്സുള്ളവര്‍, യുവതിയുടെ ആത്മഹത്യ പുറത്ത് നിന്ന് ആസ്വദിച്ചു

Kerala

വടകര: ഓര്‍ക്കാട്ടേരിയില്‍ ഷബ്‌ന ആത്മഹത്യ ചെയ്ത കേസില്‍ പുറത്ത് വരുന്ന വിവരങ്ങള്‍ ഓരോന്നും മനുഷ്യമനസാക്ഷിയെ തന്നെ ഞെട്ടിക്കുന്നത്. ഭര്‍തൃവീട്ടുകാര്‍ ക്രൂര മനസ്സുള്ളവരും യുവതിയുടെ ആത്മഹത്യ മുറിക്ക് പുറത്തുനിന്നും ആസ്വദിച്ചവരുമാണെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ടതിന്റെ തെളിവുകളാണ് ഓരോന്നായി പുറത്തുവരുന്നത്. ഷബ്‌ന മുറിയില്‍ കയറി വാതില്‍ അടച്ചപ്പോള്‍ രക്ഷിക്കാന്‍ അപേക്ഷിച്ചിട്ടും ആരും തയ്യാറായില്ലെന്ന് മകള്‍ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഷബ്‌ന മരിക്കുന്നത് ഒരര്‍ത്ഥത്തില്‍ വീട്ടുലുള്ളവരെല്ലാം പുറത്തുനിന്നും ആസ്വദിക്കുകയായിരുന്നു.

ഷബ്‌നയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ ആണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഷബ്‌ന ജീവനൊടുക്കുന്ന തിങ്കളാഴ്ച ഭര്‍തൃവീട്ടുകാര്‍ ഷബ്‌നയെ ചീത്ത വിളിക്കുന്നത് വീഡിയോ ദൃശ്യത്തില്‍ വ്യക്തമാണ് ഷബ്‌ന തന്നെ ഫോണില്‍ എടുത്ത വീഡിയോയാണിത്.

വിവാഹ ബന്ധം വേര്‍പെടുത്തുന്നതിനെക്കുറിച്ച് വരെ ഭര്‍തൃവീട്ടുകാര്‍ സംസാരിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഭര്‍ത്താവിന്റെ അമ്മാവന്‍ ഹനീഫ, ഷബ്‌നയെ അടിക്കുന്നത്. ഈ സംഭവത്തിന് പിന്നാലെയാണ് ഷബ്‌ന ജീവനൊടുക്കിയത്. വീഡിയോയില്‍ ഷബ്‌നയെ ഭീഷണിപ്പെടുത്തുന്നരീതിയിലാണ് ഹനീഫ സംസാരിക്കുന്നത്. ആണുങ്ങളോട് ഉച്ചത്തില്‍ സംസാരിക്കരുതെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്.

നേരത്തെ ഹനീഫ മര്‍ദിക്കാന്‍ ശ്രമിക്കുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹനീഫയെ അറസ്റ്റ് ചെയ്തത്. അതേസമയം, ഗാര്‍ഹികപീഡനത്തിന്റെ പുതിയ തെളിവുകള്‍ പുറത്തു വന്നതോടെ ഷെബിനയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

ഇന്നലെയാണ് ഷബ്‌നയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ മാതൃസഹോദരന്‍ ഓര്‍ക്കാട്ടേരി കുന്നുമ്മക്കര നെല്ലാച്ചേരി സ്വദേശി താഴെ പുതിയോട്ടില്‍ ഹനീഫയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ നിലവില്‍ റിമാന്‍ഡിലാണ്. ആത്മഹത്യ പ്രേരണക്കും യുവതിയെ മര്‍ദിച്ചതിനുമടക്കം വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഹനീഫക്കെതിരെ കേസെടുത്തത്.

ഓര്‍ക്കാട്ടേരി കുന്നുമ്മക്കര സ്വദേശി തണ്ടാര്‍കണ്ടി ഹബീബിന്റെ ഭാര്യ ഷബ്‌നയെയാണ് (30) തിങ്കളാഴ്ച രാത്രി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി രംഗത്തുവന്നത് ഷ്ബ്‌നയുടെ മകളാണ്. ഉമ്മയെ പിതാവിന്റെ ബന്ധുക്കള്‍ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് മകള്‍ വെളിപ്പെടുത്തി. പിതാവിന്റെ അമ്മാവന്‍ ഹനീഫ അമ്മയെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തു. മാതാവിനെ രക്ഷിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും ആരും ശ്രമിച്ചില്ല. മാതാവിന് മാനസികരോഗം ഉണ്ടെന്ന് വരുത്താന്‍ ശ്രമം നടന്നെന്നും മകള്‍ പറഞ്ഞു.

യുവതിയുടെ മരണത്തിന് കാരണം ഭര്‍ത്താവിന്റെ മാതാവും ബന്ധുക്കളും ആണ് എന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു. 2010ലായിരുന്നു ഷെബിനയും ഹബീബും തമ്മിലുള്ള വിവാഹം. ഇക്കാലയളവിനിടെ ഭര്‍തൃവീട്ടിലെ പീഡനങ്ങളെ കുറിച്ച് നിരവധി തവണ ഷബ്‌ന വീട്ടില്‍ വിളിച്ച് പറഞ്ഞിട്ടുണ്ട്.

അതേസമയം, ഷബ്‌നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഷബ്‌നയുടെ ബന്ധുക്കളുടെ പരാതിയില്‍ പറയുന്ന ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, സഹോദരി എന്നിവരെ ഉടന്‍ പൊലീസ് ചോദ്യം ചെയ്യും. ഷബ്‌ന മരിക്കുന്ന ദിവസം ഇവരെല്ലാം വീട്ടിലുണ്ടായിരുന്നു.