കോഴിക്കോട്: കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മാത്രം കേരളത്തില്‍ 11 ല്‍ അധികം ഡോക്ടര്‍മാര്‍ ആത്മഹത്യ ചെയ്തു എന്ന കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്നും മതമൂല്യങ്ങളിലേക്കുള്ള മടക്കമാണ് വര്‍ധിക്കുന്ന ആത്മത്യ നിരക്കിന് പരിഹാരമെന്നും എം.എസ്.എം സംസ്ഥാന സമിതി സംഘടിപ്പിച്ച ‘പ്രൊഫൈല്‍’ പ്രൊഫഷണല്‍ വിദ്യാര്‍ഥി സമ്മേളനം അഭിപ്രായപ്പെട്ടു. ക്യാമ്പസുകളിലെ ധാര്‍മിക മൂല്യങ്ങളുടെ ആവശ്യകതയിലേക്ക് സമകാലിക സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നുണ്ട്. ധാര്‍മിക മൂല്യങ്ങള്‍ക്കെതിരില്‍ ക്യാമ്പസുകളില്‍ സമരം നടത്തുന്ന വിദ്യാര്‍ഥി സംഘടനകളാണ് ഇത്തരം അനിഷ്ട സംഭവങ്ങളുടെ ഉത്തരവാദികള്‍. ഇത്തരം സംഘടനകളില്‍ നിന്ന് വിദ്യാര്‍ഥികളെ സുരക്ഷിതരാക്കാന്‍ രക്ഷിതാക്കള്‍ ജാഗരൂഗരാവണമെന്നും ‘പ്രൊഫൈല്‍’ വിദ്യാര്‍ഥീ സമ്മേളനം ആവശ്യപ്പെട്ടു.
വിശ്വമാനവികതക് വേദ വെളിച്ചം എന്ന പ്രമേയത്തില്‍ വരുന്ന ജനുവരിയില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച പ്രൊഫഷണല്‍ വിദ്യാര്‍ഥീ സമ്മേളനം കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എം.കെ രാഘവന്‍ എം.പി സമ്മേളനത്തില്‍ മുഖ്യാതിതിയായി പങ്കെടൂത്തു. എം.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ് ഫാറൂഖി അധ്യക്ഷത വഹിച്ചു. എം.എസ്.എം സംസ്ഥാന സമിതി പുറത്തിറക്കുന്ന ‘ക്യാമ്പസ് ചാറ്റ് വെബ്‌സിന്‍’ ഐ.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത് ലോഞ്ച് ചെയ്തു. വിവിധ സെഷനുകളിലായി ജലീല്‍ മദനി വയനാട്, ഇര്‍ഷാദ് ഫാറൂഖി മാത്തോട്ടം, അലി മദനി മൊറയൂര്‍, അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍, ഡോ.ഇസ്മാഈല്‍ കരിയാട്, ഷഫീഖ് അസ്ഹരി എടത്തനാട്ടുകര, ഡോ. മുബഷിര്‍ പാലത്ത്, എഞ്ചിനീയര്‍ ശിഹാബ് മങ്കട, ഡോ.ഖദീജ ഹസ്സന്‍, മുഹ്‌സിന്‍ തൃപ്പനച്ചി, ഫൈസല്‍ നന്മണ്ട, ജസീന്‍ നജീബ്, സമാഹ് ഫാറൂഖി, നദീര്‍ കടവത്തൂര്‍, നദ നസ്‌റിന്‍, സി.പി അബ്ദുസ്സമദ് എന്നിവര്‍ പങ്കെടുത്തു.