ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ മുന്നേറ്റമുണ്ടാകാന്‍ സ്വകാര്യ സര്‍വകലാശാലകള്‍ അനിവാര്യം കെഎല്‍എഫ് ചര്‍ച്ച

Kozhikode

കോഴിക്കോട്: കൂടുതല്‍ നൂതന തൊഴിലധിഷ്ടിത കോഴ്‌സുകള്‍ അവതരിപ്പിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റമുണ്ടാക്കാന്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ അനിവാര്യമാണെന്ന് ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നടന്ന ചര്‍ച്ചയില്‍ ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഫെസ്റ്റിവലില്‍ സ്വകാര്യ സര്‍വ്വകലാശാലയും ഉന്നത വിദ്യാഭ്യാസവും എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥനും ഉന്നത വിദ്യാഭ്യാസ വിദഗ്ധനുമായ ടി പി ശ്രീനിവാസന്‍, പ്രശസ്ത അധ്യാപകന്‍ എന്‍ രാമചന്ദ്രന്‍, ജയിന്‍ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ടോം ജോസഫ് എന്നിവരാണ് ഈ അഭിപ്രായപ്രകടനം നടത്തിയത്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് അന്താരാഷ്ട്രവല്‍കരണം വരുമ്പോള്‍ സ്വകാര്യ സര്‍വ്വകലാശാലകളെ മാറ്റി നിര്‍ത്താനാകില്ലെന്ന് ടി.പി. ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ രംഗത്ത് ഒരു പരിധിയില്‍ കൂടുതല്‍ മുതല്‍മുടക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകള്‍ പ്രകാരം ജിഡിപിയുടെ 9 ശതമാനം വിദ്യാഭ്യാസത്തിനായി മാറ്റി വെക്കണമെന്നാണ്. എന്നാല്‍ ഇത് സാധിക്കാത്തതിനാല്‍, ഒരു മാറ്റം കൊണ്ടുവരാന്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ക്കാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സ്വകാര്യ സര്‍വകലാശാലകള്‍ ചൂഷകരാണെന്ന് കരുതേണ്ടതില്ലെന്ന് ജയിന്‍ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ടോം ജോസഫ് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് പന്ത്രണ്ടാം ക്ലാസ് പാസ്സാകുന്ന നൂറ് കുട്ടികളില്‍ 28 പേരാണ് സര്‍വ്വലാശാലകളില്‍ ഉന്നത വിദ്യാഭ്യാസത്തിനെത്തുന്നത്. പക്ഷെ കേരളത്തിലെ കണക്കുകള്‍ പ്രകാരം ഇത് 43 ശതമാനത്തോളമാണ്. എന്തുകൊണ്ടാണ് മറ്റു വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസം തിരഞ്ഞെടുക്കുന്നില്ല എന്നതാണ് പ്രശ്‌നം. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് പഠിക്കാനുള്ള സൗകര്യം ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണമെന്ന് ടോം ജോസഫ് ചൂണ്ടിക്കാട്ടി. അമൃത യൂണിവേഴ്‌സിറ്റിക്ക് ശേഷം കേരളത്തില്‍ ആരംഭിച്ച സ്വകാര്യ ഡീംഡ് സര്‍വ്വകലാശാലയാണ് ജയിന്‍ യൂണിവേഴ്‌സിറ്റി. നിരവധി തടസങ്ങളെ അതിജീവിച്ചാണ് ഇത് യാഥാര്‍ത്ഥ്യമായതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് കാലത്തിനനുസരിച്ചുള്ള മാറ്റം കൊണ്ടുവരാന്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് സാധിക്കും. കാലാനുസൃതമായ മാറ്റം ഈ രംഗത്തില്ലാത്തതാണ് പല വിദ്യാര്‍ത്ഥികളെയും പിന്നോട്ട് വലിക്കുന്നതെന്നും, ഇതിനുദാഹരണമാണ് കേരളത്തിലെ യൂണിവേഴ്‌സിറ്റികളിലെ സീറ്റുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വരുന്ന കുറവ് എന്നും ടോം പറഞ്ഞു.