കൊച്ചി: അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആരുമില്ലാതായതതോടെ അനാഥമായി കിടക്കന്നു. ചേര്‍ത്തല എഴുപുന്ന സ്വദേശിനിയുടെ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് കളമശ്ശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ ദിവസങ്ങളായി കിടക്കുന്നത്. കുഞ്ഞിന്റെ അച്ഛനാരാണെന്ന് അശ്വതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മറ്റു ബന്ധുക്കളും ഇതുവരെ അന്വേഷിച്ചെത്തിയിട്ടില്ല. അമ്മ കുഞ്ഞിന്റെ കൊലപാതക കേസില്‍ അറസ്റ്റിലായി ജയിലിലാണ്.
കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആരും വന്നില്ലെങ്കില്‍ മൃതദേഹം അനാഥമായി പ്രഖ്യാപിച്ച് പൊതുശ്മശാനത്തില്‍ അടക്കം ചെയ്യുകയാണ് പതിവ്. ഈ കേസിലും അതിനുള്ള നടപടികളാണ് ആലോചന.
ഒരുമിച്ചുള്ള ജീവിതത്തിന് തടസ്സമാകുമെന്നു കരുതിയാണ് ചേര്‍ത്തല എഴുപുന്ന സ്വദേശിനിയും സുഹൃത്ത് കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി പി പി ഷാനിഫ് (25) എന്നിവര്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത്. കേസില്‍ എളമക്കര പൊലീസ് ചൊവ്വാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊലയില്‍ പങ്കില്ലെന്നാണ് കുഞ്ഞിന്റെ അമ്മയുടെ വാദവമെങ്കിലും പൊലീസ് അംഗീകരിച്ചിട്ടില്ല.
കുട്ടിയെ കൊല്ലാനാണ് ഇരുവരും ചേര്‍ന്ന് കറുകപ്പിള്ളിയിലെ ലോഡ്ജില്‍ മുറിയെടുത്തതെന്ന് പൊലീസ് പറയുന്നു. ആദ്യ കാമുകനില്‍ നിന്ന് ആറുമാസം ഗര്‍ഭിണിയായിരിക്കെയാണ് ലീവിങ് ടുഗദര്‍ പങ്കാളിയും കേസിലെ ഒന്നാം പ്രതിയുമായ കണ്ണൂര്‍ സ്വദേശി ഷാനിഫുമായി യുവതി പ്രണയത്തിലായത്. വിവിധ സ്ഥലങ്ങളില്‍ ഹോം നഴ്‌സായി ജോലി ചെയ്തിരുന്ന യുവതി ഫേസ്ബുക്ക് വഴിയാണ് ഇയാളെ പരിചയപ്പെട്ടത്. ഇരുവരും പിരിയാനാകാത്ത വിധം അടുത്തതോടെ യുവതി ആദ്യകാമുകനെ തന്ത്രപൂര്‍വ്വം ഒഴിവാക്കി. യുവതിക്കൊപ്പം കഴിയാനാണ് ബംഗളൂരുവില്‍ ജ്യൂസ് കട നടത്തിയിരുന്ന ഷാനിഫ് ആലപ്പുഴയില്‍ എത്തിയത്. പ്രസവാവശ്യത്തിന് അശ്വതിയെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നതും ഷാനിഫായിരുന്നു.
നേരത്തെ മകളുടെ പ്രണയത്തെക്കുറിച്ച് അറിഞ്ഞ വീട്ടുകാര്‍ ഇരുവരുടെയും ആഗ്രഹപ്രകാരം വിവാഹ നിശ്ചയം നടത്തി. എന്നാല്‍ തൊട്ടുപിന്നാലെ കാമുകന്‍ കഞ്ചാവ് കേസില്‍ പിടിയിലായതോടെ യുവതിയുടെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. തുടര്‍ന്ന് കാമുകനൊപ്പം യുവതി ഒളിച്ചോടി. ഗര്‍ഭിണിയുമായി. ഇതോടെ വീട്ടുകാര്‍ മകളെ കണ്ടില്ലെന്ന് നടിച്ചു. എങ്കിലും അമ്മ ഫോണിലൂടെ ബന്ധം നിലനിര്‍ത്തിയിരുന്നു. ഇതിനിടെയാണ് മറ്റൊരാളുമായി യുവതി പ്രണയത്തിലാകുന്നത്. ഇതോടെ ആദ്യ കാമുകനെ ഒഴിവാക്കി ഷാനിഫിനൊപ്പം പോകുകയായിരുന്നു.