വടകര: ഓര്‍ക്കാട്ടേരി കുന്നുമ്മക്കര സ്വദേശി തണ്ടാര്‍കണ്ടി ഹബീബിന്റെ ഭാര്യ ഷബ്‌ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ത്തു. ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, സഹോദരി എന്നിവരെയാണ് പ്രതിചേര്‍ത്തത്. ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഷബ്‌നയുടെ മരണത്തിന് ശേഷം ഭര്‍തൃമാതാവും സഹോദരിയും ഒളിവിലാണ്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഷബ്‌നയുടെ മരണത്തില്‍ നേരത്തെ ഭര്‍തൃമാതാവ് നഫീസയുടെ സഹോദരന്‍ ഹനീഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹം റിമാന്‍ഡിലാണുള്ളത്.
ഷബ്‌നയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മരിക്കുന്നതിന് മുന്‍പ് ഷബ്‌ന മൊബൈലില്‍ പകര്‍ത്തിയതായിരുന്നു വീഡിയോ. ഷബ്‌നയുമായി ഭര്‍ത്താവിന്റെ ബന്ധുക്കള്‍ വഴക്കിടുന്നതും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പത്തുവര്‍ഷം മുമ്പായിരുന്നു ഷബ്‌നയുടെ വിവാഹം. ഭര്‍ത്തൃവീട്ടില്‍ നിരന്തരം പ്രശ്‌നങ്ങള്‍ നേരിട്ടതോടെ വീട്ടിലേക്ക് തിരിച്ചുവരാന്‍ രക്ഷിതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഷബ്‌ന അവിടെത്തന്നെ തുടര്‍ന്നു. പീഡനം അസഹ്യമായതോടെ സ്വന്തമായി വീടെടുത്ത് താമസംമാറാന്‍ തീരുമാനിച്ചു. ഇതിനിടെയാണ് ഭര്‍തൃവീട്ടുകാരുടെ കൊടും പീഡനത്തില്‍ ഷബ്‌ന ജീവനൊടുക്കിയത്.
ഷബ്‌നയുടെ വിവാഹ സമയത്ത് നല്‍കിയ 120 പവന്‍ സ്വര്‍ണം ഭര്‍തൃവീട്ടുകാര്‍ നേരത്തെ തന്നെ കൈക്കലാക്കിയിരുന്നു. ഇത് തിരിച്ച് വേണമെന്ന് ഷബ്‌ന ഭര്‍ത്തൃവീട്ടുകാരോട് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഷബ്‌ന മരിച്ച ദിവസം ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ചേര്‍ന്ന് ഷബ്‌നയെ മര്‍ദ്ദിച്ചതന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.