കോഴിക്കോട്: സാഹസിക ജല കായിക മത്സരങ്ങള്‍ക്കൊപ്പം കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂര്‍. ഡിസംബര്‍ 26 മുതല്‍ 29 വരെ നടക്കുന്ന ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിനോടനുബന്ധിച്ചാണ് കലാ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കേരളത്തിലെ പ്രഗത്ഭ ഗായകര്‍ക്കൊപ്പം മികച്ച ബാന്റുകളും ബേപ്പൂരില്‍ സംഗീതമഴ പൊഴിക്കാനെത്തും. വയലി ബാംബൂ മ്യൂസിക്, തേക്കിന്‍കാട് ബാന്റ്, അബ്രാകഡബ്ര, ഹണി ഡ്രോപ്പ് എന്നിവയാണ് ബേപ്പൂരിലെത്തുന്ന പ്രമുഖ ബാന്റുകള്‍.
കേരളത്തില്‍ അങ്ങോളമിങ്ങോളം സംഗീതാസ്വാദകരുടെ മനംകവര്‍ന്ന കലാപ്രകടനങ്ങള്‍ ബേപ്പൂരിലെത്തുന്നവര്‍ക്ക് പുത്തനനുഭവമാകും. ബേപ്പൂര്‍, ചാലിയം, നല്ലൂര്‍, കോഴിക്കോട് ബീച്ച് കള്‍ച്ചറല്‍ സ്‌റ്റേജ് എന്നിവിടങ്ങളില്‍ വൈകുന്നേരം മുതല്‍ രാത്രിവരെയാണ് പരിപാടികള്‍ അരങ്ങേറുക.
26ന് വൈകുന്നേരം 6 മണിക്ക് ബേപ്പൂര്‍ ബീച്ചിലാണ് ഉദ്ഘാടന ചടങ്ങ്. തുടര്‍ന്ന് ചലച്ചിത്രപിന്നണി ഗായകനും കര്‍ണാടക സംഗീതജ്ഞനുമായ ഹരിചരണിന്റെ സംഗീത പരിപാടി അരങ്ങേറും. ചാലിയം ബീച്ചില്‍ ആവേശത്തിരയുയര്‍ത്താന്‍ എ.ആര്‍ റഹ്മാന്‍ ഹിറ്റ്‌സുമായി തേജ് മെര്‍വിനും അന്‍വര്‍ സാദത്തും എത്തും. നല്ലൂരില്‍ വയലി ബാംബൂ മ്യൂസിക് അരങ്ങേറും. മുള ഉപകരണങ്ങള്‍ കൊണ്ട് മുളസം?ഗീതത്തിന്റെ ശ്രവ്യാനുഭവമാണ് കാണികള്‍ക്ക് വയലി ബാംബൂ മ്യൂസിക് സമ്മാനിക്കുക.
ഡിസംബര്‍ 27ന് യുവ പിന്നണി ഗായകരായ സിദ്ധാര്‍ത്ഥ് മേനോന്‍, നിത്യ മാമന്‍ എന്നിവരുടെ സംഗീത പരിപാടി ബേപ്പൂരിലും നിഷാദ്, മൃദുല വാരിയര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന സംഗീത പരിപാടി ചാലിയത്തും നടക്കും. താള മേളങ്ങളുടെ മാന്ത്രികതയുമായി ആട്ടം കലാസമിതിയുടെയും തേക്കിന്‍കാട് ബാന്റിന്റെയും സംഗീത പരിപാടി നല്ലൂരിലും അരങ്ങേറും.
28ന് ബേപ്പൂര്‍ ബീച്ചില്‍ പ്രശസ്ത പിന്നണി ഗായകനായ ഉണ്ണിമേനോന്‍ അവതരിപ്പിക്കുന്ന ഉണ്ണിമേനോന്‍ ഷോ നടക്കും. ചാലിയത്ത് അഫ്‌സല്‍ ഷോയും കോഴിക്കോട് ബീച്ചിലെ കള്‍ച്ചറല്‍ സ്‌റ്റേജില്‍ റാഫി മുകേഷ് നൈറ്റും അരങ്ങേറും. നല്ലൂരില്‍ ഹണി ഡ്രോപ്പ് ബാന്‍ഡ് ഷോ, പ്രദീപ് ഹുഡിനോയുടെ മാജിക് ഷോ എന്നിവയും നടക്കും.
ഡിസംബര്‍ 29ന് ബേപ്പൂരില്‍ സച്ചിന്‍ വാര്യര്‍, ആര്യ ദയാല്‍ ബാന്റിന്റെ സംഗീത പരിപാടിയും നല്ലൂരില്‍ അബ്രാകഡബ്ര ഷോയും ചാലിയത്ത് സമീര്‍ ബിന്‍സി ഖവാലിയുടെ സംഗീത വിരുന്നും നടക്കും.