വിപല്‍ സന്ദേശം / സി ആര്‍ പരമേശ്വരന്‍
അഴിമതിയുടെയും നിയമവാഴ്ച്ചാരാഹിത്യത്തിന്റെയും ആവാസവ്യവസ്ഥയില്‍ ആണ് ഇന്ത്യന്‍ രാഷ്ട്രീയം മുഴുവനും .അതിന്റെ ചെറിയൊരു ഭാഗം മാത്രമാണ് സാര്‍വത്രികമായ കണ്ണൂര്‍മാഫിയയുടെ അഴിമതിയും ഹിംസാത്മകതയും.
കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും രാഷ്ട്രീയക്കാര്‍ക്ക് ആത്യന്തികമായി ഇന്ത്യന്‍ പീനല്‍ കോഡോ മറ്റ് ശിക്ഷാനിയമങ്ങളോ ബാധകമല്ല .അതാത് പ്രവിശ്യകളില്‍ ഭരിക്കുന്ന പാര്‍ട്ടികളുടെ ഖാപ് പഞ്ചായത്തുകള്‍ ആണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത് .കോണ്‍ഗ്രസ്സും ബി .ജെ .പി .യും ഒക്കെ ഖാപ് പഞ്ചായത്തില്‍ നീതിന്യായ വ്യവസ്ഥയെ കൂടി ഉള്‍പ്പെടുത്തി ഒരു സംവിധാനം ഉണ്ടാക്കി ആ പ്രക്രിയയിലൂടെ ആണ് തങ്ങളുടെ കുറ്റവാളികളെ കുറ്റവിമുക്തര്‍ ആക്കുന്നത് .
പിണറായി വിജയൻ
എന്നാല്‍,സി .പി.എം സഖാക്കള്‍ക്ക് അത്തരം പ്രക്രിയയുടെ മറ പോലും ആവശ്യമില്ല . നീതിദേവതയായിരുന്ന എം .വി .ജോസഫൈന്‍ സഖാവ് പണ്ട് പാര്‍ട്ടിക്കോടതിയെയും പാര്‍ട്ടി പോലീസിനെയും കുറിച്ചുള്ള സത്യം പറഞ്ഞപ്പോള്‍ എല്ലാവരും അവരെ ട്രോളി . എന്നാല്‍ ഇന്ന് ജനങ്ങളും പാര്‍ട്ടിയുടെ എതിരാളികള്‍ പോലും സി .പി .എമ്മിന്റെ ഖാപ് സംബന്ധമായ പ്രത്യേകാവകാശങ്ങളെ കുറിച്ച് സംശയിക്കുകയോ ചോദ്യം ഉന്നയിക്കുകയോ ചെയ്യുന്നില്ല. .അനുദിനം പുറത്തു വരുന്ന, പാര്‍ട്ടി അംഗങ്ങള്‍ കുറ്റാരോപിതര്‍ ആയ, അഴിമതി , സ്ത്രീ പീഡനം, ദലിത് പീഡനം , മര്‍ദ്ദനം തുടങ്ങിയവയെ സംബന്ധിച്ചുള്ള വാര്‍ത്തകളോടൊപ്പം ‘ പാര്‍ട്ടിക്ക് പരാതി ലഭിച്ചിട്ടില്ല. പരാതി ലഭിക്കുന്ന മുറക്ക് വസ്തുതകള്‍ മേല്‍ഘടകം അന്വേഷിക്കും, നടപടികള്‍ എടുക്കും ”എന്ന ഒരു അനുബന്ധവും ഉണ്ടാകും. ഈ ഭാഗവും നമ്മള്‍ വളരെ സ്വാഭാവികമായ പാര്‍ട്ടി ആഭ്യന്തര കാര്യം എന്ന നിലയില്‍ വായിക്കും ..പ്രതിപക്ഷത്തെ കൂട്ടുകാര്‍ ആയ കുഞ്ഞാപ്പക്കും കൂട്ടര്‍ക്കും കൂടി ഖാപ് പഞ്ചായത്തിന്റെ ഇത്തരം സൗജന്യം പാര്‍ട്ടി അനുവദിക്കും .
ഇ പി ജയരാജന്‍
ഇ .പി ..ജയരാജന്‍ കൊല്ലപ്പെടുമോ വളര്‍ത്തപ്പെടുമോ ജീവന്‍ നിലനിര്‍ത്താന്‍ അനുവദിക്കപ്പെടുമോ എന്നെല്ലാം പിണറായി നയിക്കുന്ന ഖാപ് പഞ്ചായത്തിനേ അറിയൂ . ജയരാജന്‍ ശിക്ഷിക്കപ്പെട്ടാല്‍ കൂടുതല്‍ തീവ്രമായ ആരോപണങ്ങള്‍ നേരിടുന്ന പിണറായിയും ശിക്ഷിക്കപ്പെടില്ലേ ?അങ്ങനെയൊന്നുമില്ല.ഇരയെ ആവശ്യാനുസരണം പെറുക്കി തെരഞ്ഞെടുത്ത് ശിക്ഷിക്കാനുള്ള സംവിധാനമാണ് സി .പി .എം .ഖാപ് പഞ്ചായത്തിനെ സവിശേഷമാക്കുന്നത് .തല്‍ക്കാലം അവര്‍ക്ക് കേരളത്തില്‍ ആരെയും, ഒന്നിനെയും ഭയപ്പെടേണ്ട . വരിയുടക്കപ്പെട്ട പാര്‍ട്ടി ഘടകങ്ങള്‍ ,വരിയുടക്കപ്പെട്ട പ്രതിപക്ഷം ,വരിയുടക്കപ്പെട്ട പൊതുസമൂഹം ,വരിയുടക്കപ്പെട്ട സാംസ്‌കാരികനായകര്‍ ,വരിയുടക്കപ്പെട്ട മാധ്യമങ്ങള്‍, വരിയുടെക്കപ്പെട്ട മതനേതൃത്വങ്ങള്‍,വരിയുടക്കപ്പെട്ട കേന്ദ്രമേല്‍നോട്ടം..
വിന്‍സ്റ്റന്‍ ചര്‍ച്ചില്‍
ബ്രിട്ടീഷ് അധികാരികളില്‍ വച്ച് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും ക്രൂരനും വംശീയവാദിയും പുച്ഛക്കാരനും ആയിരുന്ന വ്യക്തി ആയിരുന്നു വിന്‍സ്റ്റന്‍ ചര്‍ച്ചില്‍. ഉദാഹരണത്തിന് ,ബംഗാളിലെ കാര്‍ഷിക ഉല്‍പ്പാദനം മുഴുവന്‍ യാതൊരു മാനുഷിക പരിഗണനയുമില്ലാതെ ബ്രിട്ടന്റെ രണ്ടാംലോകയുദ്ധസംരംഭങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ഇയാളുടെ തീരുമാനം കൊണ്ടാണ് 1943 ലെ കുപ്രസിദ്ധമായ ‘ബംഗാള്‍ ക്ഷാമം ‘ഉണ്ടായത്.30 ലക്ഷം ജീവനുകളാണ് അതില്‍ പൊലിഞ്ഞത്. കറുത്തവന്റെ ജീവന് ഒരു വിലയും കല്പിച്ചിട്ടില്ലാത്ത ഇയാള്‍ അതില്‍ ഒരിക്കലും പശ്ചാത്തപിച്ചിട്ടില്ല. ഗാന്ധിജിയെ ഇയാള്‍ വിളിച്ചത് ‘ഫക്കീര്‍ എന്ന് നടിക്കുന്ന രാജ്യദ്രോഹിയായ മിഡില്‍ ടെംപിള്‍ വക്കീല്‍ ‘ എന്നാണ്. ഗാന്ധിജി ഏറ്റവും ശ്രേഷ്ഠനായ ഒരു സ്വതന്ത്ര വിപണി ലിബറല്‍ ജനാധിപത്യ ഉല്‍പ്പന്നമാണെന്നും അദ്ദേഹത്തിന്റെ മാനവികവും പാരിസ്ഥിതികവും സാമ്പത്തികചിന്താപരവുമായ ഓര്‍മ്മപ്പെടുത്തലുകളും തിരുത്തലുകളും മുതലാളിത്തം നിലനില്‍ക്കുന്നിടത്തോളം കാലം പ്രസക്തമാണെന്നും ഒരു തീവ്ര വലതുപക്ഷക്കാരനും തീവ്ര മൊണാര്‍ക്കിസ്റ്റും ആയിരുന്ന ചര്‍ച്ചിലിന് മനസ്സിലാകുമായിരുന്നില്ല. (രാജാവിനോടും രാജ്ഞിയോടും പോലുമുള്ള ഇയാളുടെ രക്ഷാകര്‍തൃത്വമനോഭാവത്തിന്റെയും ഔദ്ധത്യത്തിന്റെയും ഉദാഹരണം The Crown എന്ന Netflix സീരിസിന്റെ ആദ്യഭാഗങ്ങളില്‍ കാണാം)
എം സി ജോസഫൈന്‍
എന്നാല്‍ പറയുമ്പോള്‍ എല്ലാം പറയണമല്ലോ. അയാള്‍ മികച്ച ഭരണാധികാരിയും യുദ്ധവീരനും ആയ ഒരു ഇരട്ടച്ചങ്കന്‍ ആയിരുന്നു. (ബ്രണ്ണന്‍ മാതൃകയില്‍ ഉള്ള തള്ളല്‍ വാഴ അല്ല!).
സ്വതന്ത്രേ്യന്ത്യയിലെ ഭാവി ഇന്ത്യന്‍ നേതാക്കന്മാരെ കുറിച്ചുള്ള അയാളുടെ ഒരു പ്രവചനം, (സ്വാതന്ത്ര്യത്തിന്റെ ആദ്യ ദശകങ്ങളില്‍ സജീവരായിരുന്ന അഞ്ഞൂറോ അറുന്നൂറോ മഹദ് വ്യക്തിത്വങ്ങളെ ഒഴിച്ചു നിര്‍ത്തിയാല്‍ ) അക്ഷരാര്‍ത്ഥത്തില്‍ pവാസ്തവമായിരുന്നില്ലേ എന്ന് ഞാന്‍ സംശയിക്കുന്നു. അയാള്‍ സ്വാതന്ത്ര്യപ്രഖ്യാപനത്തിന് മുന്‍പായി പറഞ്ഞു:
“If Independence is granted to India, power will go to the hands of rascals, rogues, freebooters; all Indian leaders will be of low calibre and men of straw. They will have sweet tongues and silly hearts. They will fight amongst themselves for power and India will be lost in political squabbles.”
‘കണ്ണൂര്‍ മാഫിയ സിന്‍ഡ്രോം ‘ അയാളുടെ ഇന്ത്യാ പ്രവചനം യാഥാര്‍ഥ്യം ആയി തീര്‍ന്നതിന്റെ ഒരു ഉദാഹരണം ആകാം .അഭ്യസ്തവിദ്യരില്‍ പോലും കാണുന്ന കഠിനമായ മാനസിക അടിമത്തം കൊണ്ടൊ കക്ഷിരാഷ്ട്രീയവിഭാഗീയത കൊണ്ടൊ വസ്തുനിഷ്ഠതാദാരിദ്ര്യം കൊണ്ടൊ സാമൂഹ്യമൂല്യങ്ങളെ കുറിച്ചുള്ള അജ്ഞത കൊണ്ടൊ അയാളുടെ പ്രവചനത്തിലുള്ള സത്യത്തിന്റെ അംശത്തെ മറച്ചു വക്കാന്‍ നമുക്ക് ആവില്ല.
അയാള്‍ പ്രവചിച്ച പോലെ സ്വാതന്ത്ര്യം കിട്ടി രണ്ടു ദശാബ്ദങ്ങള്‍ക്കുള്ളില്‍ തന്നെ രാഷ്ട്രതന്ത്രജ്ഞരായ നേതാക്കള്‍ നമുക്ക് ഇല്ലാതായി. എന്നാല്‍,അയാള്‍ ആശിച്ച പോലെ ഇന്ത്യ നശിച്ചില്ല.ഭാഗികമായി വൈറസ് ബാധിച്ച കമ്പ്യൂട്ടര്‍ പോലെ ഇന്ത്യന്‍ വികസനmomentum പതുക്കെ മുന്നോട്ട് പോകുന്നു എന്നാല്‍ മുഴുവനായും വൈറസ് ബാധിച്ച കേരളത്തിന്റെ തകര്‍ച്ച തീര്‍ച്ചയാണ് .