കേന്ദ്രവും സംസ്ഥാനങ്ങളും ഇരുമ്പുമതിൽ വേർതിരിച്ച രണ്ട് പ്രദേശങ്ങളല്ല

Articles

ധനവർത്തമാനം / ജോസ് സെബാസ്റ്റ്യൻ

പ്രൊഫസർ K. P കണ്ണനെതിരെ പ്ലാനിങ് ബോർഡ്‌ അംഗം ഡോ. രാമകുമാർ ഉയർത്തുന്ന അടുത്ത ആരോപണം അദ്ദേഹം കേന്ദ്രത്തിനെതിരെ അങ്കകലിക്ക് തയ്യാറാവുന്നില്ല എന്നതാണ്. ഫെഡറേഷന്റെ യുക്തി രാഷ്ട്രീയതിമിരത്താൽ മറക്കപ്പെട്ടിരിക്കുന്ന കേരളത്തിൽ എക്കാലവും നന്നായി ഓടുന്ന സിനിമയാണ് കേന്ദ്രവിരുദ്ധം .

വ്യത്യസ്ത ഭൂപ്രകൃതിയും ഭാഷയും സംസ്കാരവും ഉൾകൊള്ളുന്ന പല പ്രദേശങ്ങൾ ഒരു ഫെഡറേഷന്റെ ഭാഗമാകുന്നതിൽ വ്യക്തമായ സാമ്പത്തിക ശാസ്ത്ര യുക്തികൾ ഉണ്ട്. വിഭവസമാഹരണത്തിനും പൊതുചെലവുകൾ നടത്തുന്നതിനുമുള്ള അധികാരങ്ങൾ യൂണിയൻ അല്ലെങ്കിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ഭരണഘടനാപരമായി കൃത്യമായി നിർവചിക്കപ്പെട്ടിട്ടുണ്ട്. ഇരുകൂട്ടരും അത് കൃത്യമായി പാലിച്ചു മുന്നോട്ടു പോയാൽ ആ രാജ്യം ഒന്നാകെ പുരോഗമിക്കും.അമേരിക്കൻ ഐക്യനാടുകളും കാനഡയും അടക്കം ലോകത്ത് പല ഫെഡറേഷനുകളുടെയും ഉദാഹരണം അതാണ്‌ കാണിക്കുന്നത്.

ഇന്ത്യപോലുള്ള അവികസിത രാജ്യങ്ങളിൽ ജനങ്ങൾ രാജഭരണത്തിന്റെ ഹാങ്ങോവറിൽ ആണല്ലോ.
പഴയ രാജാവിന് പകരം രാഷ്ട്രീയക്കാർ. എല്ലാ പൊതുസേവനങ്ങളും സൗജന്യമായി എത്തിച്ചു തരുന്നവർ. സംസ്ഥാനങ്ങളിലെ രാഷ്ട്രീയക്കാർക്ക് തെരഞ്ഞെടുപ്പിൽ ജയിക്കാൻ എളുപ്പമേറിയ മാർഗ്ഗം പറ്റുമെങ്കിൽ നികുതി ചുമത്താതെ ഇരിക്കുകയെന്നതാണ്. ചുമത്തിയാൽ പിരിക്കാതെ ഇരിക്കുക. വരുമാനം ചെലവിന് തികയുന്നില്ലെങ്കിൽ കടം വാങ്ങി കൂട്ടുക. എന്നിട്ടും തികയുന്നില്ലെങ്കിൽ കേന്ദ്ര വിരുദ്ധം പറഞ്ഞു ജനങ്ങളെ ഇളക്കുക. ഈ കളി നടക്കുന്നത് 100% സാക്ഷരത ഉള്ള രാഷ്ട്രീയ പ്രബുദ്ധ കേരളത്തിൽ.

ഇതേ ” വിരുദ്ധം ” നമ്മുടെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ഇനി കേരള സർക്കാരിന് എതിരെയും പറയും. വസ്തുനികുതിയും തൊഴിൽ നികുതിയും അടക്കമുള്ള പ്രാദേശിക നികുതികൾ ജനങ്ങളിൽനിന്ന് പിരിക്കാതിരിക്കാം. നിരക്കുകൾ വർധിപ്പിക്കാതെ ഇരിക്കാം. അവിടുത്തെ ജനപ്രതിനിധികൾക്കും ജനങ്ങൾക്കും ഒരുപോലെ ഇഷ്ടം.

ശരിയാണ് , ബഹുമാനപ്പെട്ട മെമ്പർ പറയുന്നതുപോലെ സെസ്സുകളും സർച്ചാർജുകളും കൂടുതൽ ചുമത്തി കേന്ദ്രം ഒരുപാട് കുത്തിവാരുന്നു. അത് ഒഴിവാക്കിയിരുന്നെങ്കിൽ കേരളത്തിന്‌ ഒരു 6000 അല്ലെങ്കിൽ 7000 കോടി കൂടി കൂടുതൽ കിട്ടുമായിരുന്നു. അതുകൂടി കിട്ടിയിരുന്നെങ്കിൽ പ്രശ്നങ്ങൾ എല്ലാം അവസാനിച്ചേനെ.

ഇനി വാദത്തിന് ,കേന്ദ്രം കൂടുതൽ കവർന്നെ ടുക്കുന്നു എന്നുതന്നെയിരിക്കട്ടെ. ഇത് പഴയ തറവാട്ടു കാരണവന്മാർ മറ്റ് സഹോദരങ്ങൾക്കും അവരുടെ മക്കൾക്കും കൊടുക്കാതെ സ്വന്തം ഭാര്യക്കും മക്കൾക്കും കൊടുക്കുന്നതുപോലെയാണോ? രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങൾക്കും പ്രയോജനപ്പെടുന്ന, അവരുടെ നികുതിവരുമാനം വർധിപ്പിക്കുന്ന കാര്യങ്ങളാണ് കേന്ദ്രം ചെയ്യുന്നത്. രാജ്യസുരക്ഷ, റെയിൽവേ, വിമാനത്താവളങ്ങൾ, ഹൈവേകൾ, തുറമുഖങ്ങൾ, ശാസ്ത്രീയ ഗവേഷണം എന്നു തുടങ്ങി എന്തെല്ലാം കാര്യങ്ങൾ. ഇതിൽ ചിലതൊന്നും കേന്ദ്രം ചെയ്യേണ്ട, ആ കാശ് ഇങ്ങു തന്നാൽ മതി എന്നാണെങ്കിൽ ഒന്നും പറയാനില്ല.

സത്യമെന്താണ്? സ്വന്തം ഭാഷയും സംസ്കാരവും ഭൂ പ്രകൃതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒഴികെ ബാക്കിയെല്ലാ കാര്യത്തിലും ജനങ്ങളെ സംബന്ധിച്ചിടത്തോളം കാര്യം നടന്നാൽ മതി. നല്ല വീതിയുള്ള റോഡുകൾ, വേഗതയും വൃത്തിയും ഉള്ള ട്രെയിനുകൾ, ഇന്റർനെറ്റ്‌ സൗകര്യങ്ങൾ, വൈദ്യുതി. ഇവയൊക്കെ കേന്ദ്രമാണോ കേരളമാണോ തരുന്നത് എന്നത് വിഷയമല്ല. ആര് പാവപ്പെട്ടവർക്കു കക്കൂസും കുടിവെള്ളവും വീടും ഉണ്ടാക്കി കൊടുക്കുന്നു, കർഷകർക്ക് ആര് ഇൻഷുറൻസും പെൻഷനും കൊടുക്കുന്നു എന്നേ നോക്കേണ്ടതുള്ളു. പൂച്ച കറുത്തതായാലും വെളുത്തതായാലും എലി പിടിച്ചാൽ മതി. കേന്ദ്രത്തിലെ അഴിമതിക്കാരനെക്കാൾ നല്ലവനാണോ കേരളത്തിലെ അഴിമതിക്കാരൻ എന്നതൊന്നും ജനങ്ങൾക്കു വിഷയമല്ല.

നമ്മുടെ K- ഫോണും, K- കമ്പ്യൂട്ടറും, life മിഷനും അടക്കമുള്ള പദ്ധതികളുടെ സ്ഥിതി പറയണ്ടല്ലോ. പ്രൊഫസർ കണ്ണൻ ചൂണ്ടിക്കാട്ടിയതുപോലെ ഇഴഞ്ഞുനീങ്ങുന്ന പദ്ധതികളും പൂർത്തിയായാൽ തന്നെ അവയുടെ ഗുണനിലവാരവും ഒക്കെ നമ്മൾ കാണുന്നതാണ്.

കേന്ദ്രാവിഷ്കൃത പദ്ധതികൾക്കു പണം ഇല്ലാത്തത് തെറ്റായ ധനകാര്യ മാനേജ്മെന്റ് കാരണം അല്ലേ? അത്തരം പദ്ധതികൾ വരുമെന്നും അവ പ്രയോജനപ്പെടുത്തണമെന്നും അതിന് കയ്യിൽ കാശ് വേണമെന്നും ആരെങ്കിലും പറഞ്ഞുതരണോ?

Small is beautiful എന്നതിന്റെ കാലം പോയി. വൻതോതിൽ വിഭവങ്ങൾ ചെലവിട്ടു, ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് കഴിവതും നേരത്തെ പദ്ധതികൾ പൂർത്തീകരിച്ചു മുന്നേറുന്നതാണ് ആധുനിക വികസന തന്ത്രം. അതുമൂലം ചെലവിലും ഗുണനിലവാരത്തിലും ഉണ്ടാകുന്ന നേട്ടങ്ങൾ രാജ്യത്തിനാകെ പ്രയോജനം ചെയ്യും.

വീട്ടിലാണെങ്കിലും നാട്ടിലാണെങ്കിലും സ്വാതന്ത്ര്യം എന്നത് നേടിയെടുക്കുന്നതാണ്. യാചിച്ചു കിട്ടുന്നതല്ലേ. ഭരണഘടനാ നൽകുന്ന അധികാരങ്ങൾ പ്രയോജനപ്പെടുത്തണം.പൊതുവിഭവ സമാഹരണത്തിൽ തങ്ങൾക്കു പറ്റിയ ഭയങ്കരമായ പരാജയം ജനങ്ങളോട് ഏറ്റു പറയുകയാണ് കേരളത്തിലെ മുന്നണികൾ ആദ്യം ചെയ്യേണ്ടത്. ധനകാര്യം അടിമുടി അഴിച്ചുപണിയാൻ ജനങ്ങളെ സജ്ജരാക്കുകയാണ് വേണ്ടത്. അതിന് പകരം കൂടുതൽ കടം എടുക്കാൻ അനുവാദം കിട്ടാൻ സുപ്രീം കോടതിയിൽ പോകുന്നു. ഡൽഹിയിൽ പോയി സത്യാഗ്രഹം ഇരിക്കുക എന്ന പരിഹാസ്യമായ കലാപരിപാടി നടത്തുന്നു.

രണ്ടാം കുണ്ടറ വിളമ്പരത്തിന്റെ കേളികൊട്ട് ഉയരുന്നുണ്ടോ?