സ്‌നേഹാരാമങ്ങള്‍ നാടിന് സമര്‍പ്പിച്ച് എന്‍ എസ് എസ് ക്യാമ്പുകള്‍ സമാപിച്ചു

Wayanad

കല്പറ്റ: ഈ വര്‍ഷത്തെ എന്‍ എസ് എസ് സപ്ത ദിന ക്യാമ്പുകള്‍ സമാപിച്ചു. ക്യാമ്പിന്റെ ഭാഗമായി ജില്ലയിലെ 54 യൂണിറ്റുകള്‍ ശുചിത്വ മിഷന്റയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സ്‌നേഹാരാമങ്ങള്‍ നിര്‍മ്മിച്ചു. മാലിന്യമുക്ത നാളേക്കായി യുവകേരളം എന്നായിരുന്നു ഈ വര്‍ഷത്തെ ക്യാമ്പിന്റെ സന്ദേശം.

മാലിന്യം നിറഞ്ഞ പ്രദേശം മാലിന്യങ്ങള്‍ നീക്കം ചെയ്താണ് സ്‌നേഹാരാമങ്ങള്‍ നിര്‍മ്മിച്ചത്. മാലിന്യ മുക്ത നവകേരളം പരിപാടിയുടെ ഭാഗമായി മാലിന്യങ്ങള്‍ വലിച്ചെറിയുന്ന ഇടങ്ങള്‍ പഞ്ചായത്ത് സംവിധാനങ്ങളുടെ സഹായത്തോടെ വൃത്തിയാക്കുകയും അവിടം സൗന്ദര്യവല്‍ക്കരിച്ച് അവിടങ്ങളില്‍ തുടര്‍ന്ന് മാലിന്യം വലിച്ചെറിയാത്ത രീതിയില്‍ മാറ്റിയെടുക്കുന്നതുമായ പ്രവര്‍ത്തനമാണ് സ്‌നേഹാരാ മം. ഹരിതഗൃഹം പദ്ധതിയുടെ ഭാഗമായി പുനരുപയോഗ മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വീടുകളില്‍ വിതരണം ചെയ്തു.

രക്തദാന ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പൊലീസ് വകുപ്പിന്റെ പോള്‍ ആപ്പുമായി സഹകരിച്ച് ബോധവല്‍ക്കരണവും രക്തദാതാക്കളെ കണ്ടെത്തുകയും ചെയ്തു. തൊഴിലുറപ്പ് തൊഴിലാളികളുമായി ആശയ സംവാദം നടത്തുന്ന ഒപ്പം പദ്ധതി, വയോജനങ്ങളെ സന്ദര്‍ശിച്ച് അവരുമായി ആശയ വിനിമ നടത്തുന്ന സ്‌നേഹ സന്ദര്‍ശന പരിപാടി എന്നിവയും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു.