വന്യജീവികളുടെ അക്രമങ്ങൾ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് സ്വാഗതാർഹമാണന്ന് കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി കെ ജെ ദേവസ്യ

Wayanad

സുല്‍ത്താന്‍ ബത്തേരി: വന്യജീവികളുടെ വ്യാപകവും ക്രൂരതരവുമായ അക്രമങ്ങൾ തടയാൻ സംസ്ഥാന സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് സ്വാഗതാർഹമാണന്ന് കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി കെ ജെ ദേവസ്യ.

എന്നാൽ അതിന്റെ ഭാഗമായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനങ്ങൾ ദുരന്ത പരിഹാരമാണെന്ന് കരുതാൻ കഴിയില്ല. വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിൽ തെറ്റില്ല. വനഭൂമിയോട് ചേർന്നുള്ള വിളകളേ മാറ്റി ചെയ്യണമെന്നുള്ളത് കൂടുതൽ പ്രയോജനം ചെയ്യില്ല. വനം വർദ്ധിച്ചിട്ടില്ല എന്നാൽ വനം കുറഞ്ഞിട്ടുമില്ല.

വനത്തിൽ അടിക്കാടുകളും വെള്ളവും ഇതര ഭക്ഷ്യവസ്തുക്കളും കുറഞ്ഞു എല്ലാത്തരം മൃഗങ്ങളും പ്രത്യേകമായി ആന കടുവ, കാട്ടു പന്നി, കാട്ടുപോത്ത്, മാനുകൾ, മയിലുകൾ തുടങ്ങിയവ നൂറിൽ നിന്നും അഞ്ഞൂറും ആയിരങ്ങളുമായി വർദ്ധിച്ച് കാടിനകത്ത് ഉൾക്കൊള്ളാൻ കഴിയാത്ത വിധം എണ്ണത്തിൽ വന്ന വർദ്ധനവ് കാടിറങ്ങാൻ വന്യജീവികളെ നിർബന്ധിതരാക്കിയിരിക്കുകയാണ് . ഈ യാഥാർത്ഥ്യത്തെ അംഗീകരിക്കാതെ സംസ്ഥാന ദുരന്തം അകറ്റാൻ തൊലിപ്പുറത്തെ ചികിത്സകൊണ്ട് ഒരു പ്രയോജനവും ലഭിക്കില്ലെന്ന് കെ ജെ ദേവസ്യ പറഞ്ഞു.

ലോകരാജ്യങ്ങളിൽ നിന്നും നല്ല കാര്യങ്ങൾ കണ്ടും കേട്ടും മനസ്സിലാക്കി വന്യ മൃഗങ്ങളുടെ അക്രമം തടയുന്നത് എങ്ങനെ എന്ന് അറിഞ്ഞു വേണം ഈ ദുരന്തത്തിനു പരിഹാരം കാണേണ്ടത്. നിരവധി രാജ്യങ്ങളിൽ കൃത്യമായി കാടിന്റെയും കാട്ടിൽ ജീവിക്കുന്ന മൃഗങ്ങളുടെയും യഥാക്രമം വിസ്തൃതിയും എണ്ണവും തിട്ടപ്പെടുത്തുന്നു. അതിൽ പിന്നെ അധികരിച്ചതായി കാണുന്ന വന്യജീവികളെ അവയുടെ ആരോഗ്യനിലവാരം കൂടി കണക്കിലെടുത്ത് സർക്കാർ തലത്തിൽ തന്നെ അവയെ കൊല്ലാനുള്ള അനുമതി കൊടുത്തും അവയിൽ ഭക്ഷ്യയോഗ്യ മായവയുടെ മാംസം വില്പനചെയ്ത് വരുമാനം ഉണ്ടാക്കിയും പ്രശ്നങ്ങൾക്ക് നിരന്തരമായ പരിഹാരം കാണുന്നു.

കാപ്പിച്ചെടിയിൽ റക്ക (കൊമ്പ് ) അനാവശ്യമായി വളരുമ്പോൾ കവാത്ത് നടത്തി നല്ല കൊമ്പുകളെ മാത്രം പരിപാലിക്കുകയും കായ്ഫലം തരാത്ത കൊമ്പുകളെ വെട്ടിക്കളയുകയും ചെയ്യുന്ന ക്രമീകരണ പ്രവർത്തി വന്യജീവികളുടെ കാര്യത്തിലും പ്രയോഗിക്കാവുന്നതാണ്. ആ നിലയിൽ കേന്ദ്രസർക്കാർ 1972ലെ വനനിയമം ഭേദഗതി ചെയ്യാൻ തയ്യാറാകണം. വന്യജീവികളെ ഭക്ഷണവും വെള്ളവും ഇതര സൗകര്യങ്ങളും കൊടുത്ത് ഒരുക്കി സംരക്ഷിക്കണം. കൂടാതെ നാട്ടിലിറങ്ങാത്ത രീതിയിൽ ആധുനിക പ്രതിരോദ സൗകര്യങ്ങൾ ഒരുക്കിയും എല്ലാ സന്ദർഭങ്ങളിലും അറ്റകുറ്റ പണികൾ നത്തിയും പരിപാലിക്കണമെന്ന് കെ. ജെ ദേവസ്യ ആവശ്യപ്പെട്ടു.