ഷഹാനയുടെ മരണം: പൊലീസിന്‍റെ നീക്കം പ്രതികള്‍ക്ക് ചോര്‍ത്തി, പൊലീസ് ഉദ്യോഗസ്ഥനെതിരെ റിപ്പോര്‍ട്ട്

Kerala

തിരുവനന്തപുരം: ഭര്‍തൃ വീട്ടിലെ പീഡനം കാരണം യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസിന്റെ നീക്കം പ്രതികള്‍ക്ക് ചോര്‍ത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് റിപ്പോര്‍ട്ട്യ തിരുവല്ലത്ത് യുവതി തൂങ്ങിമരിച്ച സംഭവത്തിലാണ് കടയ്ക്കല്‍ പൊലീസ് സ്‌റ്റേഷനിലെ സി പി ഒ നവാസിനെതിരെ നടപടിക്ക് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. പ്രതികളെ രക്ഷപെടാന്‍ സഹായിക്കും വിധത്തില്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസുകാരനെതിരെ നടപടി.

കേസില്‍ പ്രതികളായ യുവതിയുടെ ഭര്‍തൃവീട്ടുകാര്‍ക്ക് പൊലീസിന്റെ നീക്കങ്ങള്‍ നവാസ് ചോര്‍ത്തി നല്‍കി. തിരുവനന്തപുരം ഫോര്‍ട്ട് അസി. കമ്മീഷണറുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. നവാസില്‍ നിന്നും പൊലീസിന്റെ നീക്കങ്ങള്‍ അറിഞ്ഞതോടെയാണ് പ്രതികള്‍ സംസ്ഥാനം വിട്ടത്. മരിച്ച ഷഹാനയുടെ ഭര്‍ത്താവിന്റെ ബന്ധുവാണ് നവാസ്.

നവാസിനെതിരെ നടപടി സ്വീകരിക്കണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഫോര്‍ട്ട് അസി. കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവല്ലം വണ്ടിത്തടം സ്വദേശി ഷഹാന ഷാജി(23) ജീവനൊടുക്കിയ കേസിലാണ് പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ പ്രതികള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയെന്ന കണ്ടെത്തിയിരിക്കുന്നത്.

ഡിസംബര്‍ 28നാണ് ഷഹാന ഷാജിയെ വണ്ടിത്തടത്തെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ചത്. ഭര്‍തൃവീട്ടുകാരുടെ മാനസിക പീഡനവും ഉപദ്രവവുമാണ് മരണത്തിന് കാരണമെന്നായിരുന്നു പരാതി. എന്നാല്‍ ഷഹാനയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവ് നൗഫലും ഇയാളുടെ മാതാവും ഒളിവില്‍പോയി. ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നതിനിടെയാണ് ഇവരുടെ ബന്ധുകൂടിയായ കടയ്ക്കല്‍ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പൊലീസിന്റെ നീക്കങ്ങള്‍ പ്രതികള്‍ക്ക് ചോര്‍ത്തി നല്‍കിയതായി കണ്ടെത്തുന്നത്.

കേസില്‍ അന്വേഷണം നടത്തുമ്പോള്‍ പൊലീസിന്റെ ഓരോനീക്കങ്ങളും പ്രതികള്‍ക്ക് കൃത്യമായ ലഭിച്ചിരുന്നതായാണ് തിരുവല്ലം സി ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് ഇവരെ പിന്തുടരുന്നതിന്റെ കൃത്യമായ വിവരങ്ങളാണ് കടയ്ക്കല്‍ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പ്രതികള്‍ക്ക് ചോര്‍ത്തിനല്‍കിയത്.

അതേസമയം, ഷഹാനയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് നൗഫലിനെയും ഭര്‍തൃമാതാവിനെയും ഇതുവരെ പിടികൂടാനായിട്ടില്ല. ഒളിവില്‍പോയ ഇരുവരുടെയും മൊബൈല്‍ ഫോണുകളും ഇവര്‍ സഞ്ചരിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തിരുന്നു. ഷഹാന കേസില്‍ പ്രതികളെ പിടികൂടാത്തതില്‍ തിരുവല്ലം മേഖലയില്‍ വ്യാപക പ്രതിഷേധമുണ്ട്.