അരിച്ചുപെറുക്കിയിട്ടും തുമ്പൊന്നും കിട്ടിയില്ല, ജസ്‌നയില്‍ നേരറിയാതെ സി ബി ഐ

Kottayam

കോട്ടയം: ജസ്‌നയുടെ തിരോധാന കേസ് ഒരെത്തും പിടിയും കിട്ടാതെ അവസാനിപ്പിക്കുന്നു. നേരറിയാനെത്തിയ സി ബി ഐയാണ് കേസ് അവസാനിപ്പിക്കുന്നതായി കോടതിയെ അറിയിച്ചത്. ജസ്‌നക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനായിട്ടില്ലെന്ന് സി ബി ഐ കോടതിയെ അറിയിച്ചു. ജെസ്‌ന തിരോധാനം സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിക്കുമ്പോള്‍ തുടര്‍ അന്വേഷണം നടത്താമെന്നാണ് സി ബി ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജസ്‌നയെ കണ്ടെത്താന്‍ കഴിഞ്ഞ മൂന്ന് വര്‍ഷം കേന്ദ്ര ഏജന്‍സി രാജ്യത്തിനകത്തും പുറത്തും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. സംശയിച്ച രണ്ട് പേരെ പോളിഗ്രാഫിന് വിധേയമാക്കിയിരുന്നു. കഴിയുന്ന ശ്രമമെല്ലാം നടത്തിയ ശേഷമാണ് കേസ് അവസാനിപ്പിക്കുന്നത്.

2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജസ്‌നാ മരിയ ജയിംസിനെ എരുമേലിയില്‍ നിന്നും കാണതാകുന്നത്. വീട്ടില്‍ നിന്നും മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോകും വഴിയായിരുന്നു തിരോധാനം. ജസ്‌നയുടെ അവസാന സന്ദേശം അയാം ഗോയിങ് ടു ഡൈ എന്നായിരുന്നു എന്നും പറയുന്നു. കണ്ടെത്താന്‍ ക്രൈംബ്രാഞ്ചടക്കം കേരളാ പൊലീസിന്റെ നിരവധി സംഘങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അന്വേഷണ പുരോഗതിയില്ലെന്ന് കാണിച്ച് ക്രിസ്ത്യന്‍ അലയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സി ബി ഐക്ക് കൈമാറാന്‍ ഉത്തരവിടുന്നത്.

ജസ്‌നക്കായി ലക്ഷക്കണക്കിന് മൊബൈല്‍ഫോണ്‍ കോളുകള്‍ പരിശോധിച്ചു. ജസ്‌നയുമായി സൗഹൃദമുണ്ടായിരുന്ന സഹപാഠിയെ പല തവണ ചോദ്യം ചെയ്തു. ഒടുവില്‍ കഴിഞ്ഞ ഏപ്രിലില്‍ ജെസ്‌ന മരിയ ജയിംസ് സിറിയയിലാണെന്ന് സിബിഐ കണ്ടെത്തിയെന്ന തരത്തില്‍ പ്രചാരണം ഉണ്ടായി. ഇത് വ്യാജമാണെന്ന് സിബി തന്നെ സ്ഥിരീകരിച്ചിരുന്നു. ജെസ്‌നയെ കണ്ടെത്താന്‍ 191 രാജ്യങ്ങളില്‍ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഹര്‍ജിയില്‍ നേരത്തെ സിബിഐ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അരിച്ചുപെറുക്കിയിട്ടും ജസ്‌നയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.