കോകോ ചലച്ചിത്രമേള, കോഴിക്കോട്ടെ ആദ്യ സിനിമാ പ്രദര്‍ശനം ഓര്‍ത്തെടുത്ത് ഓപ്പണ്‍ഫോറം

Kozhikode

കോഴിക്കോട്: കോഴിക്കോടിന്റെ സിനിമാ ചരിത്രം തുടങ്ങിയ, 1906 ലെ മുതലക്കുളത്ത് ടിക്കറ്റ് വെച്ച് നടത്തിയ സിനിമാ പ്രദര്‍ശനം കോകോ ചലച്ചിത്രമേളയില്‍ ചൊവ്വാഴ്ച നടന്ന ഓപ്പണ്‍ ഫോറം ഓര്‍ത്തെടുത്തു.

‘കോഴിക്കോടിന്റെ ചരിത്രം മലയാള സിനിമയില്‍’ എന്ന ഓപ്പണ്‍ഫോറത്തില്‍ അനില്‍കുമാര്‍ തിരുവോത്താണ് ഇക്കാര്യം പരാമര്‍ശിച്ചത്.

‘1906 ല്‍ തൃശൂരില്‍ നിന്ന് വന്ന പോള്‍ വിന്‍സെന്റ് എന്ന വ്യക്തി ബയോസ്‌കോപ്പ് ഉപയോഗിച്ച് മുതലക്കുളം മൈതാനത്ത് നടത്തിയ ഹ്രസ്വ ചിത്രത്തിന്റെ പ്രദര്‍ശനമാണ് കോഴിക്കോട്ടെ ആദ്യ സിനിമാകാഴ്ച്ച. ഇത് തന്നെയായിരുന്നു കേരളത്തിലെ ആദ്യ സിനിമാ പ്രദര്‍ശനവും,’ അനില്‍കുമാര്‍ പറഞ്ഞു. എസ് കെ പൊറ്റക്കാടിന്റെ നിലച്ചുപോയ ‘പുള്ളിമാന്‍’ എന്ന സിനിമ യാഥാര്‍ഥ്യമായിരുന്നെങ്കില്‍ അതാകുമായിരുന്നു കോഴിക്കോടിന്റെ ആദ്യ സിനിമ.

കോഴിക്കോടിനെ ഏറ്റവും നന്നായി സ്വാംശീകരിച്ച സിനിമ ‘അങ്ങാടി’യാണെന്ന് കെ പി സുധീര അഭിപ്രായപ്പെട്ടു. ഹോട്ടല്‍ മഹാറാണി പോലെ സിനിമയില്‍ കോഴിക്കോടിനെ ബന്ധിപ്പിക്കുന്ന അടയാളങ്ങള്‍ ഉണ്ടായി.

പ്രദേശികമായ ചരിത്രം സിനിമയ്ക്ക് അപ്രാപ്യമാണെന്നും സിനിമയ്ക്ക് ഒരു ദേശത്തിന്റെ പരിധിയില്ലെന്നും എ രത്‌നാകരന്‍ ചൂണ്ടിക്കാട്ടി.

‘കണ്ടം ബെച്ച കോട്ട്’, ‘ഉണ്ണിയാര്‍ച്ച’ മുതല്‍ കോഴിക്കോട്ടുകാരുടെ പ്രധാന കയ്യൊപ്പ് പതിഞ്ഞ സിനിമകളെക്കുറിച്ച് ജാനമ്മ കുഞ്ഞുണ്ണി സംസാരിച്ചു.

സിനിമയില്‍ കോഴിക്കോടിന്റെ സംഭാവനകളായ പ്രസിദ്ധ ചലച്ചിത്രകാരര്‍ക്കൊപ്പം ഒന്നോ രണ്ടോ സിനിമയില്‍ മുദ്ര പതിപ്പിച്ച, ഡോ. ബാലകൃഷ്ണന്‍, കെ പദ്മനാഭന്‍ നായര്‍, പള്ളിക്കര വി പി മുഹമ്മദ്, എസ് ആര്‍ രവീന്ദ്രന്‍, മുഷ്താഖ് തുടങ്ങിയവരെയും എം എന്‍ കാരശ്ശേരി തിരക്കഥ എഴുതിയ ‘പതിനാലാം രാവ്’ എന്ന സിനിമയെക്കുറിച്ചും ഓപ്പണ്‍ഫോറം പരാമര്‍ശിച്ചു. ഭുവനേശ്വരി മോഡറേറ്ററായി.