നിരീക്ഷണം / ഡോ: ആസാദ്
സാംസ്‌കാരിക രംഗത്ത് കാര്യസ്ഥന്മാരും കാര്യദര്‍ശികളും കൂടുകയാണ്. ഓരോ നഗരത്തിലുമുണ്ട് അവര്‍. കലയിലോ സാഹിത്യത്തിലോ സാംസ്‌കാരിക പ്രവര്‍ത്തനത്തിലോ ഉള്ള താല്‍പ്പര്യമല്ല മിക്കവരുടെയും കര്‍മ്മോത്സുകതക്കു പ്രേരണ. സാംസ്‌കാരിക വ്യവസായം പൊതുമണ്ഡലത്തില്‍ പുതിയ തൊഴില്‍ പഥങ്ങളും പദവികളും സൃഷ്ടിച്ചിട്ടുണ്ട്. അതില്‍ പ്രധാനമാണ് സാംസ്‌കാരിക പരിപാടികളുടെ സംഘാടന നായകത്വം.
ഈ ചുമതല നിര്‍വ്വഹിക്കാന്‍ കാഴ്ച്ചയോ വായനയോ അതിന്റെ ലാവണ്യശിക്ഷണമോ കേവലമായ ആസ്വാദന ശേഷിയോപോലും വേണ്ട. റിയല്‍ എസ്‌റ്റേറ്റ് ഏജന്റ്മാരെപ്പോലെ ഉള്ള പ്രവര്‍ത്തനം. അവര്‍ക്ക് വ്യവസ്ഥയെ ക്ഷോഭിപ്പിക്കാതെ ലാഭം കണ്ടെത്താനാവുന്ന ഇടപാടുകളും ഇടം കണ്ടെത്തലുകളും സാംസ്‌കാരിക രംഗത്തു സാദ്ധ്യമാണ്. അവരുടേത് ആദായമുള്ള തൊഴിലും ആദരണീയ പദവിയുമായി മാറിയിട്ടുണ്ട്.
മുമ്പൊക്കെ പ്രത്യയശാസ്ത്ര അവബോധത്തില്‍ ഉറച്ചുനിന്നു പ്രവര്‍ത്തിച്ച സാംസ്‌കാരിക പ്രവര്‍ത്തകരുണ്ടായിരുന്നു. ആശയപരമായ അന്വേഷണവും സംവാദവും പുതുഭാവുകത്വത്തിനുള്ള അടങ്ങാത്ത കുതിപ്പുമൊക്കെയാണ് അവരുടെ പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം പകര്‍ന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുതുമുതലാളിത്ത പൊതുബോധത്തെ ശക്തിപ്പെടുത്തലാണ് ഈ രംഗത്തെ പുതു അവതാരങ്ങളുടെ ദൗത്യം. പണമുതലാളിത്തത്തിന്റെ പൊലിമയില്‍ കലയും സാഹിത്യവും സമരപഥംവിട്ട് ഉത്സവലഹരിയിലേക്ക് മാറുന്നു എന്നതാണ് അവരുടെ പ്രവര്‍ത്തന നേട്ടം.
ചെഗുവേര ഒരു മുതലാളിത്ത ബ്രാന്റ് നാമമാകുന്നതുപോലെ പഴയകാല സമരങ്ങളുടെയും മണ്‍മറഞ്ഞ രക്തസാക്ഷികളുടെയും ഓര്‍മ്മകള്‍ പതിച്ചുവെക്കുന്ന പുറംകുപ്പായങ്ങളും പോസ്റ്ററുകളും പ്രൊഫൈല്‍ചിത്രങ്ങളും പുതിയ അധിനിവേശത്തെ മറച്ചു പിടിക്കും. പണമേലാള മോഹങ്ങളെയും അതിന്റെ അത്യാര്‍ത്തികളെയും അവയുടെ വിജയത്തിനു ആശ്രയിക്കുന്ന നൃശംസതകളെയും നിറം പകര്‍ന്ന പുറംതൂവലുകള്‍ വിശുദ്ധപ്പെടുത്തും. അവര്‍ക്ക് പുറത്തുകാണുന്നതോ വിളിച്ചു കൂവുന്നതോ അല്ല അകം. കൊടി ആത്മാവിന്റെ അടയാളമല്ല. അവര്‍ക്ക് ഉത്സവമാണ് ജനങ്ങളുടെ വിപ്ലവം.
കലയ്ക്കും സാഹിത്യത്തിനും പുറത്തുവരാന്‍ ആകാശത്ത് ഇടിമുഴങ്ങണം. ഭൂമിയില്‍ മണ്ണ് ഇളകി മറിയണം. ജീവന്റെ പ്രേരണകള്‍ പിളര്‍ക്കേണ്ട പുറംതോടുകള്‍ക്കകത്തു വിങ്ങിപ്പൊരിയണം. നാളെ എന്ന നവലോകത്തെ ആത്മാവില്‍ ഉണര്‍ത്തണം. മുന്നോട്ടു വലിക്കാന്‍ ഒരു ദര്‍ശനം വേണം. ആ പോരാട്ടമാണ് ജനങ്ങളുടെ കലയും സാഹിത്യവും ഉത്സവാഘോഷവും എന്നൊക്കെ പണ്ടേ ചില വിപ്ലവകാരികള്‍ പറഞ്ഞിട്ടുണ്ട്. അവരാണ് നിങ്ങള്‍ ഏതു ചേരിയിലാണ് എന്ന് ചോദിച്ചത്. അവരെ വിറ്റ കാശില്‍ കുടിച്ചും തിന്നും അര്‍മാദിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഉത്സവമാണ് ജീവിതം. ജനങ്ങളുടെ ഇടച്ചിലുകളും പിടച്ചിലുകളും മറച്ചുവെക്കുന്ന ഉത്സവങ്ങള്‍.
ഫാഷിസ്റ്റ് വിരുദ്ധ ജീവിതവും കലയും വ്യവസ്ഥയെ താങ്ങുന്ന ഉത്സവങ്ങളല്ല. ആ അലസഭാവുകത്വത്തെ അട്ടിമറിച്ചു രൂപപ്പെടുത്തേണ്ട പുതുഭാവുകത്വമാണ്. അതിന്റെ മുദ്രാവാക്യം അടിത്തട്ടില്‍ രൂപപ്പെടുന്നുണ്ട്. ഇന്നത്തെ തട്ടുതകര്‍പ്പന്‍ ഉത്സവങ്ങളില്‍ ഭരണകൂടം മൂടി വെക്കാന്‍ ശ്രമിക്കുന്നത് ആ സമരകലയെയും അതിന്റെ ആവിഷ്‌കാരങ്ങളെയുമാണ്.
സമരകലയുടെ ചരിത്രത്തെ പുതിയ അന്വേഷണങ്ങളിലേക്കു ചേര്‍ത്തു വെക്കാനാണ് നാം ശ്രമിക്കേണ്ടത്. അവ മറച്ചു പിടിക്കാനല്ല. സാംസ്‌കാരിക വ്യവസായികളുടെയും ഭരണകൂടത്തിന്റെയും കാര്യസ്ഥന്മാരല്ല സമരകലയുടെയും സമര സാഹിതിയുടെയും വര്‍ത്തമാനവും ഭാവിയും നിശ്ചയിക്കേണ്ടത്. ഏറ്റവും ചുരുങ്ങിയത് ആ ഇടനില വേഷങ്ങളെ മാറ്റിനിര്‍ത്തി അധികാരത്തോടു മുഖാമുഖം സംസാരിക്കുകയും പൊരുതുകയും ചെയ്യുന്ന കലകള്‍ ഉണ്ടാവണം. അവ അവയുടെ മുദ്രാവാക്യങ്ങളെ പ്രസവിക്കും. അത് ഇപ്പോള്‍ കാണുന്ന മുതലാളിത്ത അധിനിവേശവേഴ്ച്ചയുടെ ചാപ്പിള്ളകളാവില്ല. ആവരുത്.