ഏഷ്യന്‍ ഫിലിം അവാര്‍ഡ് നാലു നോമിനേഷനുകള്‍ നേടി ന്യൂട്ടണ്‍ സിനിമ നിര്‍മ്മിച്ച ‘പാരഡൈസ്’

Cinema

സിനിമ വര്‍ത്തമാനം / പി ശിവപ്രസാദ്

ന്യൂട്ടണ്‍ സിനിമ നിര്‍മ്മിച്ച പാരഡൈസിനു പതിനേഴാമത് ഏഷ്യന്‍ ഫിലിം അവാര്‍ഡ്‌സില്‍ നാലു നോമിനേഷനുകള്‍. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നീ വിഭാഗങ്ങളിലാണു വിഖ്യാത ശ്രീലങ്കന്‍ സംവിധായകന്‍ പ്രസന്ന വിത്താനഗെ സംവിധാനം ചെയ്ത പാരഡൈസ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. 2023 ഒക്ടോബറില്‍ നടന്ന ബുസാന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള കിം ജിസോക്ക് പുരസ്‌കാരം നേടിയ ചിത്രമാണു ‘പാരഡൈസ്’.

ഏഷ്യന്‍ ഫിലിം അവാര്‍ഡ് അക്കാഡമിയുടെ നേതൃത്വത്തില്‍ നല്‍കി വരുന്ന ഈ പുരസ്‌കാരങ്ങള്‍ സാംസ്‌കാരിക വൈവിദ്ധ്യങ്ങളെയും, മികച്ച പ്രകടനങ്ങളെയും അടയാളപ്പെടുത്തുന്ന ചലച്ചിത്രമികവുകള്‍ക്കാണു സമ്മാനിക്കപ്പെടുന്നത്. ഏഷ്യന്‍ ഫിലിം അവാര്‍ഡ്‌സ് പുരസ്‌കാരത്തിനു നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നു എന്നത് ഒരു ചിത്രത്തിന്റെ അവതരണമികവിനെയും ഉയര്‍ന്ന നിലവാരത്തെയുമാണു സൂചിപ്പിക്കാറു.അന്താരാഷ്ട്ര തലത്തില്‍ നിരവധി അംഗീകാരങ്ങള്‍ ഇതിനകം നേടിയ പാരഡൈസിനു ഏഷ്യന്‍ ഫിലിം അവാര്‍ഡ്‌സിലെ പ്രധാന വിഭാഗങ്ങളില്‍ ലഭിച്ചിരിക്കുന്ന നോമിനേഷനുകള്‍ ചിത്രത്തിന്റെ ഉയര്‍ന്ന കലാമൂല്യവും,കാലികപ്രസക്തിയും ഒരിക്കല്‍ കൂടി അടിവരയിട്ട് ഉറപ്പിക്കുകയാണു.

ലോകമെമ്പാടുമുള്ള പ്രേക്ഷര്‍ക്കു ഇഷ്ടപ്പെടുന്ന, ഭാഷകളുടെയും ദേശങ്ങളുടെയും അതിര്‍വരമ്പുകളെ ഭേദിക്കുന്ന ചിത്രങ്ങള്‍ നിര്‍മ്മിക്കുക എന്ന ന്യൂട്ടണ്‍ സിനിമയുടെ ലക്ഷ്യത്തിനു ലഭിച്ചിരിക്കുന്ന അംഗീകാരമാണു ‘മികച്ച ചിത്രം’ എന്ന വിഭാഗത്തില്‍ പാരഡൈസിനു ലഭിച്ചിരിക്കുന്ന നോമിനേഷന്‍.

മികച്ച സംവിധായകനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്ന പ്രസന്ന വിത്താനഗെയുടെ പതിനൊന്നാമത് സംവിധാന സംരഭമാണു പാരഡൈസ്.അഞ്ചു നെറ്റ്പാക്ക് അവാര്‍ഡുകള്‍ ഉള്‍പ്പെടെ മുപ്പത്തിലധികം അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള പ്രസന്ന വിത്താനഗെയുടെ പ്രതിഭയ്ക്കും കാഴ്ച്ചപ്പാടിനുമുള്ള അംഗീകാരമാണു ഈ നാമനിര്‍ദ്ദേശം.

പ്രസന്ന വിത്താനഗെയ്‌ക്കൊപ്പം അനുഷ്‌ക സെന്നയും ചേര്‍ന്നു രചിച്ചിരിക്കുന്ന പാരഡൈസിന്റെ തിരക്കഥയാണു മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരത്തിനു നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.പല അടരുകളിലായി ചുരുളഴിയുന്ന ഉദ്വേഗജനകമായ ഈ തിരക്കഥ പാരഡൈസിനെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ടതാണു.

ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം ആവശ്യപ്പെടുന്ന തീവ്രതയുള്ള കഥ പറച്ചിലും , മനോഹരമായ ദൃശ്യഭാഷയും മികച്ച ചിത്രസംയോജനത്തിലൂടെ പ്രാവര്‍ത്തികമാക്കിയതിനാണു ശ്രീകര്‍ പ്രസാദിനു മികച്ച ചിത്രസംയോജനത്തിനുള്ള നാമനിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.പൊന്നിയന്‍ സെല്‍വന്‍,ഞഞഞ ഉള്‍പ്പെടെ അറുന്നൂറോളം ചിത്രങ്ങള്‍ക്ക് ചിത്രസംയോജനം നിര്‍വഹിച്ച് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ച വ്യക്തിയാണു ശ്രീകര്‍ പ്രസാദ്.

പാരഡൈസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷമാണിതെന്നും,ചിത്രത്തിന്റെ മികവിനുള്ള സാക്ഷ്യപത്രം എന്നതിനോടൊപ്പം , എല്ലാവരും ഒറ്റക്കെട്ടായി ചെയ്ത കഠിനാദ്ധ്വാനത്തിനു ലഭിക്കുന്ന അംഗീകാരം കൂടിയാണു ഈ നോമിനേഷനുകള്‍’എന്നു ചിത്രത്തിന്റെ നിര്‍മ്മാതാവും,ന്യൂട്ടണ്‍ സിനിമയുടെ അമരക്കാരനുമായ ആന്റോ ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു.

റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ക്കൊപ്പം പ്രമുഖ ശ്രീലങ്കന്‍ അഭിനേതാക്കളായ ശ്യാം ഫെര്‍ണാണ്ടോ, മഹേന്ദ്ര പെരേര തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന പാരഡൈസ് പ്രേക്ഷര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് മണിരത്‌നം നേതൃത്വം നല്‍കുന്ന മദ്രാസ് ടാക്കീസാണ്.ചിത്രത്തിന്റെ ഛായാഗ്രഹണം രാജീവ് രവിയും, ശബ്ദസന്നിവേശം തപസ് നായിക്കും നിര്‍വഹിച്ചിരിക്കുന്നു. സംഗീതം നല്‍കിയിരിക്കുന്നത് ‘കെ’.

പാരഡൈസ് ഉള്‍പ്പെടെ ന്യൂട്ടണ്‍ സിനിമ നിര്‍മ്മിച്ച രണ്ട് ചിത്രങ്ങളാണു 2024ല്‍ ലോകമെമ്പാടുമുള്ള തീയറ്ററുകളിലെത്തുന്നത്.ന്യൂട്ടണ്‍ സിനിമയും വിതരണപങ്കാളികളായ സെഞ്ചുറി ഫിലിംസും ചേര്‍ന്നാണു ഈ ചിത്രങ്ങള്‍ തീയറ്ററുകളിലെത്തിക്കുന്നത്.’പാരഡൈസ്’ മാര്‍ച്ച് മാസത്തിലും,’ഫാമിലി’ ഫെബ്രുവരിയിലുമാണു പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.