ഗവര്‍ണര്‍ പദവി ആവശ്യമില്ലെന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടെന്ന് ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു

Kozhikode

കോഴിക്കോട്: ആലങ്കാരികമായ ഗവര്‍ണര്‍ പദവി ആവശ്യമില്ലെന്നതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു. നിയമസഭ പാസാക്കിയ ബില്ലുകള്‍ അനുമതിക്കായി അയക്കുമ്പോള്‍ തടഞ്ഞുവെക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. മന്ത്രിസഭ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍മാര്‍ തടഞ്ഞുവെക്കുന്ന സ്ഥിതിയാണ് പല സംസ്ഥാനങ്ങളിലും നടക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ ബലത്തിലാണ് ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ ഭരണഘടനാപരമായ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത്. ജനാധിപത്യ സര്‍ക്കാറിന്റെ തീരുമാനങ്ങളെ ധരിക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ല. മന്ത്രിസഭ പാസാക്കുന്ന പ്രധാനപ്പെട്ട ബില്ലുകള്‍ പിടിച്ചുവെക്കുന്നത് ഭരണഘടനാ വിരുദ്ധവും സുപ്രീം കോടതി വിധിക്കെതിരുമാണ്. എന്നാല്‍ കേരള ഗവര്‍ണര്‍ തരം താണ രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘കടന്നക്രമിക്കപ്പെടുന്ന പാര്‍ലമെന്ററി വ്യവസ്ഥ രാഷ്ട്രീയ ചട്ടുകമാവുന്ന ഗവര്‍ണര്‍മാര്‍’ എന്ന വിഷയത്തില്‍ സിപിഐ കോഴിക്കോട് ജില്ലാ കൗണ്‍സില്‍ നളന്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് സംസ്ഥാനങ്ങളുടെ നിയമനിര്‍മാണം തടസപ്പെടുത്താന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ബില്ലുകള്‍ പാസാക്കുക, തടഞ്ഞുവെക്കുക, രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുക തുടങ്ങി മൂന്ന് കാര്യങ്ങളാണ് ഗവര്‍ണര്‍ക്ക് സ്വീകരിക്കാന്‍ കഴിയുക. തടഞ്ഞുവെച്ചാല്‍ അതില്‍ അടയിരിക്കാതെ ബില്ലുകള്‍ പുനപരിശോധിക്കാന്‍ നിര്‍ദ്ദേശിച്ച് തിരിച്ചയയ്ക്കണം. ഭേദഗതികളോടെയോ അല്ലാതെയോ സഭ വീണ്ടും അംഗീകരിക്കുകയാണെങ്കില്‍ ഗവര്‍ണര്‍ അനുമതി നല്‍കാന്‍ ബാധ്യസ്ഥനാണ്. ഇത് ഭരണഘടനയും സുപ്രീം കോടതിയും വ്യക്തമാക്കുന്നുണ്ട്.

മതേതര രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു മതത്തിന്റെ വക്താവായി മാറുമ്പോള്‍ രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളാണ് തകര്‍ന്നടിയുന്നത്. രാഷ്ട്രീയത്തില്‍ മതം കലര്‍ത്തരുതെന്ന് മതനേതാക്കള്‍ പോലും വ്യക്തമാക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രിയെത്തുന്നത്. പാര്‍ലമെന്റില്‍ എല്ലാ ജനാധിപത്യ മര്യാദകളെയും ലംഘിച്ചുകൊണ്ട് ഏകാധിപത്യം നടപ്പാക്കാനാണ് മോഡി ഭരണകൂടത്തിന്റെ ശ്രമം. പാര്‍ലമെന്ററി ജനാധിപത്യം എന്നു പറയുന്നത് പ്രതിപക്ഷ സ്വരം കൂടി കേള്‍ക്കുന്നതിന് അവസരം കൊടുക്കുന്നതിനെയാണ്.

വിയോജിക്കാനുള്ള അവസരവും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവുമില്ലെങ്കില്‍ അത് ഏകാധിപത്യമാണ്. അതീവ സുരക്ഷാ മേഖലയില്‍ പെട്ട പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ചയുണ്ടായപ്പോള്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനാണ് പ്രതിപക്ഷ എം പിമാര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ നടപടികള്‍ കൈക്കൊണ്ടത്. പ്രതിപക്ഷ സ്വരത്തെ അടിച്ചമര്‍ത്താനാണ് ഭരണകൂട ശ്രമം. ഹിറ്റ്‌ലറുടെ അതേ പാതയിലൂടെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയും പോയിക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന എല്ലാ നിയമങ്ങളും ഭരണകൂടത്തിന്റെ താത്പര്യത്തിനനുസരിച്ച് മാറ്റിക്കൊണ്ടിരിക്കുന്നത്. പാര്‍ലമെന്റില്‍ ചര്‍ച്ച പോലും ചെയ്യാതെയാണ് നിയമ നിര്‍മാണം നടത്തുന്നത്. ജനാധിപത്യത്തെ പൂര്‍ണമായും കശാപ്പു ചെയ്യുന്ന നടപടികളാണ് മോഡി സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സത്യന്‍ മൊകേരി അധ്യക്ഷത വഹിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ പി കെ ബിജു, സിപിഐ സംസ്ഥാന എക്‌സി. അംഗം ടി വി ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ കെ ബാലന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ഇ കെ വിജയന്‍ എം എല്‍ എ, ടി കെ രാജന്‍ മാസ്റ്റര്‍, ജില്ലാ അസി. സെക്രട്ടറി പി കെ നാസര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ അസി. സെക്രട്ടറി അഡ്വ. പി ഗവാസ് നന്ദി രേഖപ്പെടുത്തി.