സാമ്പത്തിക മാന്ദ്യം വിദ്യാലയങ്ങളെ ബാധിക്കരുത്: കെ എ ടി എഫ്

Wayanad

കല്പറ്റ: സാമ്പത്തിക മാന്ദ്യത്തിന്റെ പേരില്‍ പൊതുവിദ്യാലയങ്ങളില്‍ പല പദ്ധതികളെയും ബാധിക്കുന്നുണ്ടെന്നും അവക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ.എ.ടി.എഫ് വൈത്തിരി ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

ഉച്ചഭക്ഷണം, പ്രഭാത ഭക്ഷണം, വിദ്യാ വാഹിനി തുടങ്ങിയ പ്രധാന പദ്ധതികള്‍ പണമില്ലാത്തതിന്റെ പേരില്‍ പ്രതിസന്ധിയിലാണ്. പ്രധാനാധ്യാപകര്‍ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയാതെ പ്രയാസപ്പെടുകയാണ്. ഇത്രയും കാലമായി വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പുകള്‍ മുടങ്ങിയ അവസ്ഥയിലാണ്. അറബിക് കോംപ്ലക്‌സുകള്‍ക്കും അധ്യാപക സംഗമങ്ങള്‍ക്കും അനുവദിച്ചിരുന്ന ഫണ്ടുകള്‍ ലഭ്യമാകുന്നില്ല. ഇത്തരം പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാവണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

ഉപജില്ലാ പ്രസിഡണ്ട് സാലിഹ് എ.പി. അധ്യക്ഷത വഹിച്ചു. കെ.എ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുസ്സലാം എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എ.ടി.എഫ്. ജില്ലാ പ്രസിഡണ്ട് ഷരീഫ് ഇ.കെ, ജില്ലാ സെക്രട്ടറി ജാഫര്‍ പി.കെ, ഷാഹിദ ടീച്ചര്‍, അബ്ദുസ്സലാം കെ, അബ്ദുസ്സലിം എസ്. സംസാരിച്ചു. അബൂബക്കര്‍ ആയാര്‍ ക്ലാസെടുത്തു. സിദ്ദിഖ് കെ. എന്‍. സ്വാഗതവും അയ്യൂബ് ഖാന്‍ പി. നന്ദിയും പറഞ്ഞു.