ന്യൂനപക്ഷ രാഷ്ട്രീയ ശക്തി ദുര്‍ബലപ്പെടുത്താനുള ശ്രമം തടയണം: കെ എന്‍ എം

Kozhikode

കെ എന്‍ എം സംസ്ഥാന കാമ്പയ്‌ന് കോഴിക്കോട്ട് ഉജ്വല തുടക്കം

കോഴിക്കോട്: ന്യൂനപക്ഷ രാഷ്ട്രീയശക്തി ദുര്‍ബലപ്പെടുത്താനുള സമുദായത്തിനകത്ത് നിന്നുള്ള ആസൂത്രിത ശ്രമം തടയണമെന്ന് കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി ആവശ്യപ്പെട്ടു. ശ്രേഷ്ഠ സമൂഹം, ഉത്കൃഷ്ട മൂല്യങ്ങള്‍ എന്ന പ്രമേയത്തില്‍ കെ എന്‍ എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ചതുര്‍മാസ കാമ്പയ്ന്‍ മുതലക്കുളം മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘടിത മുസ്‌ലിം രാഷ്ട്രീയ ശക്തി പതിറ്റാണ്ടുകളിലൂടെ ശക്തി പ്രാപിച്ചതാണ്. ദീര്‍ഘ വീക്ഷണമുള്ള നവോഥാന നായകരുടെ വിയര്‍പ്പാണ് കേരളത്തിലെ സംഘടിത മുസ്‌ലിം രാഷ്ട്രീയ ശക്തി.

മതനിരപേക്ഷതക്കും സാമുദായിക സൗഹാര്‍ദ്ദത്തിനും ബലം നല്‍കുന്നതില്‍ ന്യുന പക്ഷ രാഷ്ട്രീയ കൂട്ടായ്മയുടെ പങ്കു വളരെ വലുതാണ്. മറ്റുള്ളവരുടെ അവകാശം ഹനിക്കാതെ സ്വന്തം സമുദായത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ ന്യുനപക്ഷ രാഷ്ട്രീയ കൂട്ടായ്മയുടെ നീക്കം ശ്രദ്ധേയമാണ്.ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തി മുസ്‌ലിം സംഘടിത ശക്തിയെ ദുര്‍ബലപ്പെടുത്തുന്നവര്‍ തീവ്ര ചിന്തകള്‍ പടര്‍ത്തി സംഘടിത ശക്തിയാവാന്‍ ശ്രമിക്കുന്നവര്‍ക്ക് വഴിയൊരുക്കുകയാണ് എന്ന് തിരിച്ചറിയണം.രാജ്യത്തെ മതനിരപേക്ഷ നിലപാടുകള്‍ക്ക് വലിയ മാതൃകയാണ് കേരളത്തിലെ ന്യുന പക്ഷ രാഷ്ട്രീയ ശക്തി.

മുസ്‌ലിം സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന വിശ്വാസ വൈകൃതങ്ങള്‍ തടയാന്‍ മഹല്ല് തലങ്ങളില്‍ ജാഗ്രത വേണം. മത വിരുദ്ധ ലിബറല്‍ ലോബി സദാചാര, ധാര്‍മിക മൂല്യങ്ങള്‍ തകര്‍ക്കാന്‍ വലിയ ശ്രമം നടത്തുകയാണ്. കുടുംബ സംവിധാനം ഇല്ലാതാക്കാനാണ് നീക്കം. തെറ്റായ ഇത്തരം പ്രവണതകള്‍ക്കെതിരെ ജാഗ്രത വേണം.മുസ്‌ലിം വിവാഹങ്ങള്‍ മറ്റുള്ളവര്‍ക്ക് ശല്യമായി തീരുന്ന സാഹചര്യം അത്യന്തം അപഹാസ്യമാണ്. വിവാഹം ദുരഭിമാന പ്രകടന വേദിയായി മാറി സമൂഹത്തിനു ശല്യമായി മാറുന്നത് മഹല്ലുകള്‍ ഗൗരവമായി കാണണം. വിവാഹത്തിന്റെ പേരിലുള്ള ആഭാസങ്ങള്‍ തടയാന്‍ പണ്ഡിതരും നേതാക്കളും മഹല്ല് ഭാരവാഹികളും ഒന്നിച്ചു നില്‍ക്കണമെന്നും കെ എന്‍ എം ആവശ്യപ്പെട്ടു.

വിശ്വാസ സ്വാതന്ത്ര്യം അനുവദിക്കുന്ന രാജ്യത്ത് ഓരോ മതത്തിന്റെയും ആരാധനകളെ സംശയത്തോടെ കാണേണ്ടതില്ല.ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ പോകുന്നത് രാഷ്ട്രീയ വിഷയമായി കാണുന്നതാണ് പ്രശ്‌നം. ഇന്‍ഡ്യയുടെ മതേതര പാരമ്പര്യം ലോകത്തിനു മാതൃകയാണ്. വിവാദങ്ങള്‍ ഉണ്ടാക്കി ആ യശസ്സിനു കോട്ടം തട്ടിക്കരുതെന്നും കെ എന്‍ എം ആവശ്യപ്പെട്ടു. ജനുവരി മുതല്‍ മെയ് വരെയാണ് കാമ്പയ്ന്‍ സന്ദേശ പ്രചാരണം നടക്കുക. സമൂഹത്തില്‍ അതിവേഗം പടരുന്ന അന്ധവിശ്വാസങ്ങള്‍, മതവിരുദ്ധ ലിബറല്‍ ചിന്തകള്‍, കുറ്റകൃത്യങ്ങള്‍, ലഹരി, ധാര്‍മിക സദാചാര വിരുദ്ധ നീക്കങ്ങള്‍, വിവാഹ രംഗത്തെ ആഭാസങ്ങള്‍, വിഭാഗീയ, വര്‍ഗീയ ചിന്തകള്‍ തുടങ്ങിയവക്കെതിരെബോധവല്‍ക്കരണം നടത്തും.

കാമ്പയ്‌ന്റെ ഭാഗമായി ജില്ലാ, മണ്ഡലം, യൂണിറ്റ് സമ്മേളനങ്ങള്‍ നടക്കും. മഹല്ലുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം നടത്തും. മഹല്ലുകളില്‍ ജന ജാഗ്രതാ സംഗമങ്ങള്‍ നടത്തും. സന്ദേശ രേഖ വിതരണവും നടക്കും. യുവജന വിഭാഗമായ ഐ എസ് എം യൂണിറ്റ് തലങ്ങളില്‍ കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കും. കാമ്പയ്‌ന്റെ ഭാഗമായി വനിതാ വിഭാഗമായ എം ജി എം അയല്‍ കൂട്ടങ്ങള്‍ ഒരുക്കും. വിദ്യാര്‍ത്ഥി വിഭാഗമായ എം എസ് എം കാമ്പസ് സമ്മേളനങ്ങള്‍ സംഘടിപ്പിക്കും.

സംസ്ഥാന കാമ്പയിന്‍ ഉദ്ഘാടന സമ്മേളനത്തില്‍ കെ എന്‍ എം ജനറല്‍ സെക്രട്ടറി എം മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി പി ഉണ്ണീന്‍ കുട്ടി മൗലവി, പി കെ അഹ്മദ് സാഹിബ്, എച്ച് ഇ മുഹമ്മദ് ബാബു സേട്ട്, പ്രൊഫ എന്‍ വി അബ്ദു റഹ്മാന്‍, ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, എസ് എല്‍ ആര്‍ സി ഡയറക്ടര്‍ കെ വി അബ്ദുലത്തീഫ് മൗലവി, അബ്ദുറഹ്മാന്‍ മദനി പാലത്ത്, ഡോ. ഹുസൈന്‍ മടവൂര്‍, ഹനീഫ് കായക്കൊടി, ഡോ എ ഐ അബ്ദുല്‍ മജീദ് സ്വലാഹി, സി. മുഹമ്മദ് സലീം സുല്ലമി, ശരീഫ് മേലെതില്‍, അഹ്മദ് അനസ് മൗലവി, ഡോ. പി പി അബ്ദുല്‍ ഹഖ്, എം ടി, അബ്ദുസമദ് സുല്ലമി, ഡോ. സുള്‍ഫിക്കര്‍ അലി എന്നിവര്‍ പ്രസംഗിച്ചു.