കുരുക്ക് മുറുക്കി ഇ ഡി, കിഫ്ബി മസാല ബോണ്ടില്‍ തോമസ് ഐസക്കിന് പങ്ക്

Kerala

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ കുരുക്ക് മുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. കേസുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി തോമസ് ഐസക് നല്‍കിയ മറുപടി ഇഡി തള്ളി. മസാല ബോണ്ട് ഇറക്കിയതില്‍ തോമസ് ഐസക്കിന് വ്യക്തമായ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കിഫ്ബിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ തോമസ് ഐസകിന് കഴിയില്ല. കിഫ്ബിയുടെ യോഗ തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത് തോമസ് ഐസക് ആണെന്നും ഇഡി കണ്ടെത്തി.

മസാല ബോണ്ട് ഇറക്കാനുള്ള തീരുമാനങ്ങള്‍ അംഗീകരിച്ചത് മുഖ്യമന്ത്രിയും തോമസ് ഐസക്കും പങ്കെടുത്ത കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ്. മസാല ബോണ്ട് ഇറക്കിയതില്‍ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്ന തോമസ് ഐസക്കിന്റെ വാദം നിലനില്‍ക്കില്ലെന്നും ഇഡി പറയുന്നു. കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ മിനുട്‌സ് രേഖകള്‍ പുറത്തുവന്നിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് നാല് തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിളിപ്പിച്ചപ്പോഴും തോമസ് ഐസക് ഒഴിഞ്ഞുമാറിയിരുന്നു. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ഇഡിക്ക് അയച്ച മറുപടിയിലെ വാദങ്ങളാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്.

മുഖ്യമന്ത്രി ചെയര്‍മാനായ ഡയറക്ടര്‍ ബോര്‍ഡിന്റേതാണ് മസാല ബോണ്ടിലെ തീരുമാനമെന്നും തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ല. ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്തം മാത്രമാണ് ഉണ്ടായിരുന്നതെന്നും തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന് പുറത്തുള്ള ആളുകള്‍ മസാല ബോണ്ടിറക്കാനുള്ള തീരുമാനമെടുത്ത ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നു. ഡയറക്ടര്‍ ബോര്‍ഡ് യോഗം മസാല ബോണ്ടിറക്കുന്നതിന് ചുമതലപ്പെടുത്തിയത് മുഖ്യമന്ത്രിയെയും ധനമന്ത്രിയെയുമാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. മസാല ബോണ്ട് റേറ്റ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഫിനാന്‍സ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയും ബോര്‍ഡ് യോഗത്തില്‍ ഉന്നയിച്ച്, ഇത് അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തപ്പോള്‍, അതിന് ചുമതലപ്പെടുത്തിയതും തോമസ് ഐസകിനെയായിരുന്നു. അതിനാല്‍ തന്നെ മസാല ബോണ്ടിറക്കിയതിലും അവസാനിപ്പിക്കുന്നതിലും നിര്‍ണായക റോള്‍ തോമസ് ഐസക് വഹിച്ചിരുന്നു. തനിക്ക് മാത്രമായി പ്രത്യേക പങ്ക് ഇക്കാര്യത്തില്‍ ഇല്ലെന്ന തോമസ് ഐസകിന്റെ വാദം തെറ്റാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പറയുന്നു. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നിശ്ചലമാക്കാന്‍ കിഫ്ബി മനപൂര്‍വം ശ്രമിക്കുന്നതായി ഇഡി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.