കനല്‍ ഫെസ്റ്റ് സംഘടിപ്പിച്ചു

Kollam

കൊല്ലം: ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും അനീതിയും ഉന്മൂലനം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിനായി ആവഷ്‌കരിച്ച കര്‍മപരിപാടി കനല്‍ ഫെസ്റ്റ് 202324 ന്റെ ജില്ലാതല ഉദ്ഘാടനം പാരിപ്പള്ളി യു കെ എഫ് എന്‍ജിനീയറിങ് കോളേജില്‍ വെച്ച് നടന്നു. കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇത്തിക്കര ശിശു വികസന പദ്ധതി ഓഫീസര്‍ ജെ. ജ്യോതി അധ്യക്ഷത വഹിച്ചു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍, ലിംഗ വിവേചനം തുടങ്ങിയവ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അതിക്രമങ്ങളെ ചെറുക്കുന്നതിനും ലിംഗ വിവേചനം അവസാനിപ്പിക്കുന്നതിനുമായി പൊതുജനങ്ങള്‍ക്കിടയില്‍ നടത്തിവരുന്ന ബോധവല്‍ക്കരണത്തിന്റെ ഭാഗമായിട്ടാണ് കോളേജില്‍ ഫെസ്റ്റ് സംഘടിപ്പിച്ചത്. പരിപാടിയോട് അനുബന്ധിച്ച് ലിംഗ നീതി സമത്വം ജന്‍ഡര്‍ റിലേഷന്‍സ് ബോധവല്‍ക്കരണ ക്ലാസിന് ജെന്‍ഡര്‍ ട്രെയിനര്‍ എച്ച്. ആമിന നേതൃത്വം നല്‍കി. കൂടാതെ കൊല്ലം സിറ്റി പോലീസ് സേനാംഗങ്ങളുടെ നേതൃത്വത്തില്‍ വനിതാ സ്വയം പ്രതിരോധ വിദ്യാ പരിശീലനവും നടന്നു.

ഡിഎച്ച്ഇഡബ്ല്യൂ കൊല്ലം ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ് ആര്യ എസ്. കുമാര്‍, ഇത്തിക്കര ശിശു വികസന പദ്ധതി ഓഫീസര്‍ ജെ. ജ്യോതി, കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. വി. എന്‍. അനീഷ്, ഡീന്‍ അക്കാഡമിക് ഡോ. ജയരാജു മാധവന്‍, ഡീന്‍ സ്റ്റുഡന്റ് അഫയേഴ്‌സ് ഡോ. രശ്മി കൃഷ്ണപ്രസാദ്, പിടിഎ പാട്രണ്‍ എ. സുന്ദരേശന്‍, എന്‍എസ്എസ് പ്രോഗ്രാം കോഡിനേറ്റര്‍ പ്രൊഫ. ആര്‍. രാഹുല്‍ എന്‍ എസ് എസ് വോളണ്ടിയര്‍ ഗൗരി എന്നിവര്‍ പ്രസംഗിച്ചു.